സോഷ്യൽ മീഡിയയിൽ മാത്രമല്ല, സസ്യങ്ങളിലുമുണ്ട് വ്യാജ പ്രൊഫൈലുകൾ; നല്ല ഒന്നാന്തരം വ്യാജൻ!

Mail This Article
സോഷ്യൽമീഡിയയിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി സാമ്പത്തിക തട്ടിപ്പുകൾ നടക്കുന്നത് പതിവാണ്. ഒറിജനൽ പ്രൊഫൈലിൽ കാണുന്ന എല്ലാ വിവരങ്ങളും ഫോട്ടോയും വ്യാജനിലും ഉണ്ടാകുമെന്നതിനാൽ ആരും വിശ്വസിച്ചുപോകും. അതുകൊണ്ട് തന്നെ സഹായം നൽകാനും തയാറാകും. ജീവലോകത്തും ഇതുപോലുള്ള തട്ടിപ്പും വ്യാജന്മാരും ഉണ്ട്.
പാമ്പിന്റെ രൂപവും കണ്ണും കൊണ്ട് പേടിപ്പിച്ച് ജീവിക്കുന്ന പുഴു, ചിറകുകളിൽ വലിയ കണ്ണുകളുടെ ചിത്രം വച്ചുകൊണ്ട് കണ്ണുരുട്ടി പേടിപ്പിക്കുന്ന ശലഭങ്ങൾ, തേനീച്ചയെ അനുകരിക്കുന്ന ഓർക്കിഡ് എന്നിവയെല്ലാം ഉദാഹരണങ്ങളാണ്.
എങ്കിലും ശാസ്ത്രലോകം വലിയ ശ്രദ്ധകൊടുക്കാതെ വിട്ട തട്ടിപ്പുവീരന്മാരാണ് കുമിളുകൾ. പ്രാണികളെയും ഉറുമ്പുകളെയും വരിധിയിലാക്കി സ്വന്തം കാര്യം നടത്തിക്കുന്ന കുമിളുകൾ ഉണ്ട്. ഏതാനും വർഷങ്ങൾക്ക് മുൻപാണ് അടിമുടി ഒരു ഫേക്ക് പ്രൊഫൈലുള്ള കുമിൾ ശാസ്ത്രജ്ഞരുടെ ശ്രദ്ധയിൽപ്പെടുന്നത്. ഇവിടെ കുമിളുകളുടെ ഇരയാവുന്നതാവട്ടെ സൈറിസ് (Xyris) എന്ന പുഷ്പിത സസ്യവും, അവരുടെ പരാഗവാഹകരായ തേനീച്ചകളും.
പുൽമേടുകളിലും മറ്റും കാണപ്പെടുന്ന ഒരു പുഷ്പിത സസ്യമാണ് സൈറിസ്. ഒറ്റനോട്ടത്തിൽ പുല്ലുപോലെ തോന്നുമെങ്കിലും ആകർഷകമായ മഞ്ഞ നിറമുള്ള പൂക്കളാണ് ഇവയ്ക്ക്. ഫ്യൂസെറിയം എന്ന കുമിളാണ് ഈ പുഷ്പിത സസ്യത്തിന്റെ വ്യാജനെ ഉണ്ടാക്കുന്നത്. ചെടിയിൽ എത്തുന്ന കുമിളിന്റെ ചെറിയ വിത്ത് മുളച്ച് നാരുകൾ (Fungal Hyphae) ചെടിയിൽ പടരുകയും പൂക്കുലയ്ക്കുള്ളിൽ കയറി പൂമൊട്ടുകളെ നശിപ്പിക്കുകയും ചെയ്യും. അതുകഴിഞ്ഞാൽ പൂക്കുലയ്ക്ക് അകത്ത് നിന്നുകൊണ്ട് തന്നെ വളർന്ന് പൊട്ടി പൂ പോലെ പുറത്തേക്ക് വരും. കണ്ടുകഴിഞ്ഞാൽ മഞ്ഞനിറമുള്ള സൈറിസിന്‍റെ പൂവ് തന്നെയെന്ന് തോന്നുകയും ചെയ്യും.
കേവലം മഞ്ഞ നിറത്തിൽ മാത്രമല്ല ഈ ഫേക്ക് അനുകരണം. പൂക്കളിൽ കാണുന്ന വിവിധ ഗന്ധം ഉണ്ടാക്കുന്ന രാസ സംയുക്തങ്ങൾ ഇവയിലുമുണ്ട്. പല പൂക്കൾക്കും അൾട്രാവയലറ്റ് രശ്മികളുടെ സാന്നിധ്യത്തിൽ വ്യത്യസ്ത അടയാളങ്ങൾ ഉണ്ടാവും. തേനീച്ചകളുടെ അൾട്രാ വയലറ്റ് കാഴ്ചയെ ഉപയോഗപ്പെടുത്താനുള്ള പൂക്കളുടെ ഒരു വഴിയാണിത്. കുമിളിന്റെ ഫേക്ക് പൂവിനും ഇത്തരം അൾട്രാവൈലറ്റ് അടയാളങ്ങൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.
പൂവെന്ന് കരുതി തേനീച്ചകളും ചിത്രശലഭങ്ങളും വണ്ടുകളും വന്നു കഴിയുമ്പോൾ പൂമ്പൊടിക്ക് പകരം ഇത്തരം ഫേക്ക് കുമിൾ പൂവ് കൊടുത്തുവിടുന്നത് തങ്ങളുടെ സ്‌പോർ വിത്തുകൾ ആണ്. അങ്ങനെ മറ്റ് സൈറിസ് ചെടികളിലേക്ക് വളരെ എളുപ്പം പടരാനും ഈ ഫേക്ക് വീരന് ഇതുവഴി സാധിക്കുന്നു.
(ലേഖകൻ പാലക്കാട് ഗവണ്‍മെന്റ് വിക്ടോറിയ കോളജ് ബോട്ടണി വിഭാഗം അസോഷ്യേറ്റ് പ്രഫസർ ആണ്.)