വനം– പരിസ്ഥിതി നയങ്ങളെപ്പറ്റി മൗനം; ബജറ്റിലെ ഹരിത പ്രതീക്ഷകൾ എന്തെല്ലാം?

Mail This Article
സുസ്ഥിര വികസനത്തിലേക്ക് രാജ്യത്തെ നയിക്കുന്നതാണോ ബജറ്റ്. പ്രതീക്ഷകളും സംശയങ്ങളും കലർന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് ഹരിത ഊർജ മേഖലയിലെയും പരിസ്ഥിതി മേഖലയിലെയും വിദഗ്ധർ. കാർബൺ പുറന്തള്ളൽ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയും പൊതുഗതാഗത മേഖലയെ കൂടുതൽ ഹരിതാഭമാക്കകയും ചെയ്യുക എന്നതിലായിരുന്നു ധനമന്ത്രിയുടെ ഊന്നൽ. കൃഷിയെ കാലാവസ്ഥാ മാറ്റത്തിൽ നിന്നു തണലേകി സംരക്ഷിക്കാനുള്ള നിർദേശങ്ങളും ബജറ്റിൽ ഇടം പിടിച്ചു. രാജ്യത്തു തന്നെ പല ഹരിത സാങ്കേതിക വിദ്യകളും വികസിപ്പിക്കാനുള്ള നിർദേശമാണ് മറ്റൊരു കാൽവയ്പ്പ്. പാരമ്പര്യേത ഊർജസ്രോതസ്സുകളായ സൗരോർജവും കാറ്റിൽ നിന്നുള്ള പവനോർജവും മറ്റും ഉൽപ്പാദിപ്പിക്കുന്നതിനുള്ള യന്ത്രസംവിധാനങ്ങളും ബാറ്ററികളും ഉപകരണങ്ങളും നിർമിക്കുന്നതിന് ഇടത്തരം ചെറുകിയ സംരഭങ്ങളും സ്റ്റാർട്ടപ്പുകളും ആരംഭിക്കാൻ 1.5 ലക്ഷം കോടി രൂപ നീക്കിവച്ച ബജറ്റ് ഭാവി ഇന്ത്യയെ കൂടുതൽ ഹരിതാഭമാക്കുമെന്ന് ഉറപ്പ്. സൗരോർജ ഉൽപ്പാദനത്തിനുള്ള ഫോട്ടോ വോൾട്ടിക് പിവി സെല്ലുകളും വൈദ്യുതി വാഹനങ്ങൾക്ക് ആവശ്യമായ ഇവി ബാറ്ററികളും മോട്ടോറുകളും കൺട്രോളറുകളും ഇലക്ട്രൈലൈസറുകളും വിൻഡ് ടർബൈനുകളും ഉന്നത വോൾട്ടേജ് പ്രസരണ സംവിധാനങ്ങളും ഗ്രിഡ് തലത്തിൽ വൈദ്യുതി സംഭരിച്ച് നിലനിർത്തുന്നതിനുള്ള ഉപകരണങ്ങളും മറ്റും ഈ പദ്ധതിയിൽ ആഭ്യന്തരമായി ഉൽപാദിപ്പിക്കാനായാൽ ഭാവിയിലെ ഊർജ സാധ്യതകൾ ഏറെയാണ്. കൊബാൾട്ട് പൊടി, ലിത്തിയം–അയൺ ബാറ്ററി, ഈയം, നാകം തുടങ്ങി 12 ലോഹങ്ങൾക്കും സംയുക്തങ്ങൾക്കുമുള്ള കസ്റ്റംസ് തീരുവ ഉപേക്ഷിച്ചത് ഇന്ത്യൻ ഉൽപാദകർക്ക് പ്രചോദനമാകും. എന്നാൽ വൈദ്യുതിവാഹ മേഖലയ്ക്ക് പ്രതീക്ഷിച്ചതുപോലെയുള്ള നികുതി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചില്ല. വൈദ്യുതി വാഹനങ്ങളുടെ ഉൽപാദന ഹബ്ബായി ഇന്ത്യയെ മാറ്റാനാണ് ബജറ്റ് ലക്ഷ്യമിടുന്നതെന്നു വ്യക്തം. ഇതുവഴി തൊഴിലവസരങ്ങളും അതിവേഗം ഗിയറിട്ടു വരുമെന്നാണ് പ്രതീക്ഷ. എന്നാൽ ചൈന ഈ രംഗത്ത് നടപ്പാക്കുന്ന ഹരിത നയങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ചൈനയുടെ അടുത്തെങ്ങും നമുക്ക് എത്താനാവുമോ എന്ന വലിയ ചോദ്യവും ഉയർന്നു വരുന്നു.
അതീവ ഉൽപ്പാദന– രോഗ പ്രതിരോധ ശേഷിയുള്ള വിവിധ വിത്തിനങ്ങൾ വികസിപ്പിക്കാനുള്ള ഗവേഷണ പദ്ധതിക്ക് കൂടുതൽ തുക അനുവദിച്ചതും കാർഷിക മേഖലയ്ക്ക് ഉണർവേകും. കാലാവസ്ഥാ മാറ്റത്തെ ചെറുക്കുന്ന നൂറോളം പുതിയ വിത്തിനങ്ങൾ പുറത്തിറക്കുന്നതിനും ബജറ്റിൽ പദ്ധതിയുണ്ട്. കാലാവസ്ഥാ മാറ്റത്തെ അതിജീവിക്കുന്ന തരത്തിലുള്ള കാർഷിക രീതികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കും.
എന്നാൽ ആദ്യ ജനിതക ബാങ്ക് തുറന്ന് മൂന്നു പതിറ്റാണ്ടാകുന്ന വേളയിൽ ഒരു ദശലക്ഷത്തോളം വിത്തിനങ്ങൾ കൂടി സംരക്ഷിക്കാനുള്ള പദ്ധതിയും കേന്ദ്രം പ്രഖ്യാപിച്ചു. സസ്യവിത്ത്, പൂമ്പൊടി, കോശകലകൾ എന്നിവ സംഭരിച്ച് സൂക്ഷിച്ച് ഭാവി ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള സംവിധാനമാണ് ജീൻ ബാങ്ക്. ഇന്ത്യൻ കാർഷിക ഗവേഷണ കേന്ദ്രവും സസ്യ ജൈവവൈവിധ്യ സംരക്ഷണ ബ്യൂറോയും ചേർന്ന് തുറന്ന ജനിതക ബാങ്കിൽ ഇപ്പോൾ 4.7 ലക്ഷത്തോളം വിവിധതരം സസ്യഭാഗങ്ങൾ സംരക്ഷിച്ചിട്ടുണ്ട്. ജൈവവൈവിധ്യം ജനങ്ങളുടെ സ്വത്തവകാശമാണെന്നും സ്വകാര്യ മേഖലയെ ഇതിൽ ഉൾപ്പെടുത്താനുള്ള നീക്കം തെറ്റാണെന്നും പരിസ്ഥിതി സംഘടനകൾ പറയുന്നു.
ചെറുകിട ആണവ റിയാക്ടറുകൾ രാജ്യമെങ്ങും വ്യാപിപ്പിക്കാനുള്ള ബജറ്റ് നിർദേശം ഊർജരംഗത്തെ പുതുയുഗപ്പിറവിക്കു വഴിതെളിക്കും. 20000 കോടിയുടെ ആണവോർജ മിഷൻ ഈ രംഗത്തെ വലിയൊരു ചുവടുമാറ്റമായിരിക്കും. 2033 ആകുമ്പോഴേക്കും തദ്ദേശീയമായി വികസിപ്പിച്ച 5 ആണവ റിയാക്ടറുകൾ കമ്മിഷൻ ചെയ്യാനാണ് ബജറ്റ് നിർദേശം. കാർബൺ നിർഗമനമില്ലാത്ത ശുദ്ധ ഊർജം എന്ന നിലയിലാണ് ആണവോർജത്തെ അവതരിപ്പിക്കുന്നതെങ്കിലും ഫുക്കുഷിമ, ചെർണോബിൽ പോലെയുള്ള ആണവ ദുരന്തങ്ങളും പരിസ്ഥിതിവാദികൾ എടുത്തുകാട്ടുന്നു.

കാലാവസ്ഥാ മാറ്റത്തെ ചെറുക്കുന്ന തരത്തിലുള്ള വിത്തിനങ്ങളും കൃഷി രീതികളും ലക്ഷ്യമിട്ടുള്ള ധൻ–ധാന്യ കൃഷി പദ്ധതി പ്രധാനമന്ത്രിയുടെ പേരിലാണ്. രാജ്യത്ത് കാർഷികോൽപ്പാദനത്തിൽ പിന്നാക്കം നിൽക്കുന്ന 100 ജില്ലകളെ ഇതിനായി തിരഞ്ഞെടുക്കും. ധാന്യങ്ങൾ സംസ്കരിക്കാനും സംരക്ഷിച്ചുവയ്ക്കാനുള്ള ഗോഡൗണുകളും ഉൾപ്പെടെയുള്ള പദ്ധതികളാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഗ്രാമീണ മേഖലയുടെ സമഗ്ര പുരോഗതിയും ഐശ്വര്യ സമ്പൂർണയും ഇതിലൂടെ ഉറപ്പാക്കാമെന്ന് സർക്കാർ കരുതുന്നു. ഗ്രാമീണ വനിതകൾ, കൃഷിഭൂമി സ്വന്തമായില്ലാത്തവർ, യുവകർഷകർ എന്നിവരെ ലക്ഷ്യമിട്ടാവും പദ്ധതി. കാലാവസ്ഥാ ദുരന്തങ്ങൾ മൂലം ഉപജീവനവും അതിജീവനവും വെല്ലുവിളിയായ സമൂഹങ്ങൾക്ക് ഇതിലൂടെ പ്രയോജനം ലഭിക്കും. സുന്ദർബൻ, കേരളത്തിലെ കുട്ടനാട്, തൃശൂർ കോൾനിലങ്ങളിലെല്ലാം ഇതിന്റെ സഹായം എത്തും.
കാലാവസ്ഥാ മാറ്റവും ആഗോള താപനവും ഉയർത്തുന്ന തീവ്രകാലാവസ്ഥകളുടെ വെല്ലുവിളികളിൽ നിന്നും നഗരങ്ങളെ സംരക്ഷിക്കാനുള്ള നഗര ചലഞ്ച് ഫണ്ട് വഴി ഒരുലക്ഷം കോടി രൂപവരെ നഗരങ്ങളെ സുസ്ഥിരമാക്കുന്നതിന് അനുവദിക്കും. ജലസംരക്ഷണവും മാലിന്യമുക്തിയും ഉറപ്പാക്കുന്ന ക്രിയാത്മക വികസിത നഗര പദ്ധതിപ്രകാരം തീവ്രകാലാവസ്ഥകളെ നേരിടാനും ജലസ്രോതസ്സുകൾ നവീകരിക്കാനും തുക അനുവദിക്കും. മെഗാവാട്ട് കണക്കിന് ചാർജിങ് കേന്ദ്രങ്ങൾ വരുന്നതോടെ സംസ്ഥാനങ്ങളിലെ പൊതുഗതാഗത സംവിധാനങ്ങളത്രയും ബാറ്ററി ഗ്രിഡ് ഉപയോഗിച്ച് പ്രവർത്തിപ്പിക്കാനാവുമെന്നതാണ് ഭാവിയിലെ ഗതാഗത സംവിധാനങ്ങളെക്കുറിച്ചുള്ള പ്രതീക്ഷയെന്ന് കൺവേർജൻസ് എനർജി സർവീസ് സിഇഒ മഹുവ ആചാര്യ പറഞ്ഞു.
തൊഴിൽ, വളർച്ച, സുസ്ഥിര വികസനം എന്നീ ത്രിത്വപാതയിൽ രാജ്യത്തെ കാലാവസ്ഥാ സൗഹൃദമാക്കുന്നതിന് ലക്ഷ്യമിട്ടുള്ള ബജറ്റ് ശുപാർശകൾ ഊർജമേഖലയെ കാർബൺ വിമുക്തമാക്കാൻ ലക്ഷ്യമിടുന്നതായി ഐപിഇ ഗ്ലോബൽ ക്ലൈമറ്റ് ചേഞ്ച് ആൻഡ് സസ്റ്റെയിനബിലിറ്റി വിഭാഗം മേധാവി അഭിനാഷ് മൊഹന്തി പറഞ്ഞു. സീറോ കാർബൺ പുറന്തള്ളൽ എന്ന ലക്ഷ്യം ഇതിലൂടെ സാധ്യമാകും. കാർബൺ വിമുക്ത ലോകക്രമം സൃഷ്ടിക്കുന്ന ആദ്യരാജ്യമായി ഇന്ത്യ മാറുമോ? ട്രംപ് കാലാവസ്ഥാ കരാറിൽ നിന്നു പിന്മാറുകയും കൂടുതൽ പെട്രോൾ ഉപയോഗത്തിലേക്ക് അമേരിക്കയെ നയിക്കാനും തീരുമാനിച്ചു കഴിഞ്ഞ സാഹചര്യത്തിൽ ഇന്ത്യ ലോകത്തിനു മുമ്പിൽ അവതരിപ്പിക്കുന്ന ഈ ഹരിത പരിഷ്കാരങ്ങളും ബാറ്ററി ഇക്കോസിസ്റ്റവും എത്രത്തോളം വിജയിക്കുമെന്നതിലാണ് കാര്യം. കാലാവസ്ഥാമാറ്റത്തെ നേരിടാനുള്ള വനം– പരിസ്ഥിതി നയങ്ങളെപ്പറ്റി പക്ഷേ ഈ ബജറ്റും മൗനം പാലിക്കുന്നു എന്നിടത്താണ് അപകടം. ദുർബല വിഭാഗങ്ങളെയും ഗോത്ര വർഗങ്ങളെയും കാലാവസ്ഥാ മാറ്റത്തിൽ നിന്നു സംരക്ഷിച്ചു നിർത്താനും ബജറ്റിൽ പ്രഖ്യാപനങ്ങളോ നയപരിപാടികളോ കാണുന്നില്ല. ഇത്തരം ഹരിത നീക്കങ്ങൾക്കും വന–പരിസ്ഥിതി സംരക്ഷണത്തിനും കുറച്ചു തുകയെങ്കിലും വകയിരുത്തേണ്ടതായിരുന്നു.
കൃഷിയെ മുൻഗണനയായി കഴിഞ്ഞ 8 വർഷമായി ബജറ്റിൽ പഖ്യാപിക്കുന്നുണ്ടെങ്കിലും കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനെപ്പറ്റിയോ വിലസ്ഥിരതയെപ്പറ്റിയോ ഉറപ്പു പറയാത്തിടത്തോളം ഇത് എത്രത്തോളം ഫലപ്രദമാകുമെന്ന കാര്യത്തിൽ സംശയമുണ്ടെന്ന് കൃഷി വ്യാപാര നയരംഗത്തെ വിദഗ്ധനായ ദേവീന്ദർ ശർമ പറയുന്നു. 2028 വരെ ജൽജീവൻ പദ്ധതി ദീർഘിപ്പിച്ചതിലും അൽപം ദീർഘവീക്ഷണം ഇല്ലാതില്ല. ഏകദേശം 3.9 വീടുകളിലേക്കു കൂടി ഇതുമൂലം കണക്‌ഷൻ ലഭിക്കുമെന്ന് കൗൺസിൽ ഫോർ എനർജി എൻവയൺമെന്റ് ആൻഡ് വാട്ടർ പ്രോഗ്രാം മേധാവി നിഥിൻ ബാസി അഭിപ്രായപ്പെട്ടു.