ഒരേ വലയിൽ നൂറുകണക്കിന് ചിലന്തികൾ; ആകാശത്ത് പാറിനടക്കും, ഇണചേരും: കൗതുക കാഴ്ച

Mail This Article
ഒരു വലയിൽ ഒരു ചിലന്തിയെ നാം കണ്ടിട്ടുണ്ടാകും. എന്നാൽ ഒറ്റവലയിൽ നൂറുകണക്കിന് ചിലന്തികളെ കണ്ടിട്ടുണ്ടോ? ബ്രസീലിലെ മീനസ് ഗെരേയിൽ ഇതൊരു സാധാരണ കാഴ്ചയാണ്. ആകാശത്ത് പാറിനടക്കുന്ന ചിലന്തികളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ നിമിഷനേരം കൊണ്ടാണ് വൈറലായത്.
വലിയ വലയിൽ ഒരുമിച്ചെത്തുന്ന ചിലന്തികളുടെ ഇണചേരലും ഇവിടെ നടക്കുന്നുണ്ട്. പ്രകൃതിയിലെ സാധാരണ പ്രതിഭാസമാണിതെന്ന് ബയോളജിസ്റ്റായ കെയ്‌റോൺ പസ്സോസ് വ്യക്തമാക്കി. പെൺചിലന്തികളിലെ സ്പേമത്തിക (Spermathica) എന്ന ഒരു പ്രത്യേക അവയവമുണ്ട്. ഇത് ഒന്നിലധികം ഇണകളിൽനിന്നുള്ള ബീജകോശങ്ങളെ ശേഖരിച്ചുവയ്ക്കാൻ സഹായിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
സാധാരണ ഒറ്റയ്ക്ക് ജീവിക്കാനാണ് ചിലന്തികൾക്ക് താൽപര്യമെങ്കിലും ചില വർഗങ്ങളിൽ കോളനികൾ സൃഷ്ടിക്കാനുള്ള സ്വഭാവം കണ്ടുവരുന്നതായി ആർക്കിയോളജിസ്റ്റായ അനാ ലൂസിയ ടൂറിഞ്ഞോ വ്യക്തമാക്കി. അമ്മമാരും പെൺമക്കളും ചേർന്നാണ് ഇത്തരം കോളനികൾ ഉണ്ടാക്കുന്നത്. ഒന്നിച്ച് ഇരപിടിക്കുകയും ഭക്ഷണം പങ്കുവയ്ക്കുകയും ചെയ്യുന്ന ഇവർ ഇണചേരലിനുശേഷം പിരിഞ്ഞുപോകുന്നു.