ADVERTISEMENT

ആർട്ടിക് സമുദ്രത്തിലെ ബേരന്റ്സ് കടലിൽ ഒരു അപൂർവ സംഭവം ശാസ്ത്രജ്ഞർ കണ്ടെത്തി. മഡ് വോൾക്കാനോ എന്നറിയപ്പെടുന്ന ചെളി അഗ്നിപർവതമാണു കണ്ടെത്തിയത്. ബോറിയാലിസ് മഡ് വോൾക്കാനോ എന്ന ചെളി അഗ്നിപർവതം ഉപരിതലത്തിൽ നിന്ന് 400 മീറ്റർ താഴ്ചയിലാണു സ്ഥിതി ചെയ്യുന്നത്. ഇതിൽ നിന്ന് മീഥെയ്ൻ വാതകം അടങ്ങിയ ദ്രാവകങ്ങൾ നിരന്തരമായി പുറത്തുവിടുന്നുണ്ട്. ഇതുകാരണം പോഷണങ്ങൾ ആ ഭാഗത്തു കലരുന്നുണ്ടെന്നും കടലിലെ അപൂർവവും ശ്രദ്ധ വേണ്ടതുമായ ജീവികൾക്ക് ഇതൊരു താവളം ഒരുക്കുന്നുണ്ടെന്നും ഗവേഷകർ കണ്ടെത്തി. അനിമോൺസ്, സെർപുലിഡെ എന്നയിനം വിരകൾ, ഒക്ടാകോറൽ കോളനി, ഹൈഡ്രോയ്ഡ് കോളനി, സ്പോട്ടഡ് വൂൾഫ്ഫിഷ്, റെഡ്ഫിഷ് തുടങ്ങിയ ജീവികളാണ് ഇതിന്റെ പരിസരത്തു താമസിക്കുന്നത്.

സാധാരണ അഗ്നിപർവതങ്ങൾ ലാവ പുറന്തള്ളുമ്പോൾ, അതിനു പകരം ചെളിയും വെള്ളവുമടങ്ങിയ മിശ്രിതമാണ് മഡ് വോൾക്കാനോകൾ പുറത്തേക്കു തെറിപ്പിക്കുന്നത്. ഇതിനൊപ്പം വലിയ അളവിൽ പ്രകൃതിവാതകവും ചിലപ്പോൾ പുറത്തേക്കു വരാറുണ്ട്. ഈ വാതകത്തിനു ഏതെങ്കിലും രീതിയിൽ തീപിടിച്ചാൽ വലിയ സ്ഫോടനവും മണിക്കൂറുകളോളം കത്തിയെരിയുന്ന തീയും ഉടലെടുക്കും. ചെളി അഗ്നിപർവതങ്ങൾ പൊതുവെ ജലത്തിൽ തങ്ങളുടെ പ്രവാഹത്താൽ സൃഷ്ടിക്കപ്പെട്ട ഒരു ദ്വീപിന്റെ കേന്ദ്രത്തിലായാകും സ്ഥിതി ചെയ്യുക. എന്നാൽ ചിലത് വെള്ളത്തിനടിയിലോ കരയുടെ ഉപരിതലത്തിനടിയിലോ മറഞ്ഞുകിടക്കും. ചെളിപ്രവാഹമുണ്ടാകുമ്പോൾ മാത്രമാകും ഇവയുടെ പ്രവാഹകേന്ദ്രം പുറത്തേക്ക് കാണപ്പെടുന്നത്. സാധാരണ അഗ്നിപർവതങ്ങളെപ്പോലെ ഇവയെ ചുറ്റിപ്പറ്റി തീയോ ചൂടോ പുകയോ ഒന്നുമില്ലാത്തതിനാൽ ഇവ ശ്രദ്ധിക്കപ്പെടാറില്ല. എന്നാൽ പ്രവാഹമുണ്ടായി കഴിഞ്ഞാകും യഥാർഥ ദുരന്തം എത്തുക.

(Photo:X/@NASAEarth)
(Photo:X/@NASAEarth)

ലോകത്ത് ഇതുവരെ ആയിരത്തിലധികം ചെളി അഗ്നിപർവതങ്ങളുണ്ടെന്നാണു കണക്ക്. ഇതിൽ 400 എണ്ണവും അസർബൈജാനിലാണുള്ളത്. ഇത്തരം പ്രകൃതിപ്രതിഭാസങ്ങളുടെ ആധിക്യം മൂലം ‘ലാൻഡ് ഓഫ് ഫയർ’ എന്ന പേരിലും അസർബൈജാൻ അറിയപ്പെടാറുണ്ട്. ഇവിടെയുള്ളവ വളരെ സജീവവും ആക്രമണാത്മക കൂടുതലുള്ളതുമാണെന്നും ഭൗമശാസ്ത്രജ്ഞർ പറയുന്നു. അസർബൈജാൻ കൂടാതെ, റഷ്യ, ബൾഗേറിയ, ഇറ്റലി, റുമേനിയ, ജോർജിയ, തുർക്ക്മെനിസ്ഥാൻ, ഇന്തൊനീഷ്യ, ഇറാൻ, പാക്കിസ്ഥാൻ, യുഎസ്, വെനസ്വേല, കൊളംബിയ തുടങ്ങിയ രാജ്യങ്ങളിൽ ഈ പ്രതിഭാസം ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇന്ത്യയിൽ ആൻഡമാൻ ദ്വീപുകളുടെ ചില മേഖലയിൽ ഇവയുണ്ടെന്നു ശാസ്ത്രജ്ഞർ കരുതുന്നു. ഭൂമിയിൽ മാത്രമല്ല ചൊവ്വയിലും ചെളി അഗ്നിപർവതങ്ങളെന്നു സംശയിക്കുന്ന ഗർത്തങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

അസർബൈജാന്റെ അധീനതയിലുള്ള കാസ്പിയൻ കടൽമേഖലയിലെ ദ്വീപിൽ 2021ൽ ഒരു ചെളി അഗ്നിപർവതം പൊട്ടിത്തെറിച്ചത് നൂറടിയോളം ഉയരത്തിൽ പൊങ്ങിയ തീഗോളത്തിനു വഴിവച്ചു. രാത്രി ഒൻപതരയ്ക്കുണ്ടായ തീഗോളം പിറ്റേന്നു പുലർച്ചെ വരെ എരിഞ്ഞുകൊണ്ടിരുന്നു.

English Summary:

Arctic Ocean's Hidden Wonder: A Deep-Sea Mud Volcano Unveiled

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com