ഗ്രീക്ക് ദ്വീപിൽ 2000ത്തോളം ചെറുഭൂചലനങ്ങൾ; ഇസ്രയേലിൽ സൂനാമി ഭീഷണി: ‘കടൽ അഗ്നിപർവതം’ പണിതരുമോ?

Mail This Article
ഗ്രീക്ക് ദ്വീപായ സന്റോറിനിയിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി തുടരുന്ന ചെറുഭൂചലന പരമ്പര ഒരു വലിയ വിസ്ഫോടനത്തിനു വഴിവയ്ക്കാമെന്ന സാധ്യതയെത്തുടർന്ന് ഇസ്രയേലിൽ സൂനാമി ഭീഷണി. സുരക്ഷയ്ക്കായുള്ള നടപടികൾ കൈക്കൊള്ളാൻ ഇസ്രയേലിന്റെ ദേശീയ സെക്യൂരിറ്റി കൗൺസിൽ തീരുമാനമെടുത്തു. സന്റോറിനിയിൽ വലിയ ഭൂചലനം സംഭവിച്ചാലും ഇസ്രയേലിനെ അതു ബാധിക്കില്ല. എന്നാൽ പ്രഭവകേന്ദ്രം കടലിലാകാൻ ഇടയുള്ളതിനാൽ സൂനാമി ഉടലെടുക്കാൻ സാധ്യതയുണ്ട്. അതു മണിക്കൂറുകൾക്കുള്ളിൽ ഇസ്രയേലിന്റെ തീരപ്രദേശങ്ങളിലുമെത്താം. കഴിഞ്ഞയാഴ്ച ഏകദേശം രണ്ടായിരത്തിലധികം ചെറുഭൂചലനങ്ങൾ സന്റോറിനി മേഖലയിൽ ഉടലെടുത്തെന്നാണു റിപ്പോർട്ട്.
1222, 1303, 1870, 1908 എന്നീ വർഷങ്ങളിൽ ഇസ്രയേൽ സ്ഥിതി ചെയ്യുന്ന മേഖലയിൽ സൂനാമികൾ ഉടലെടുത്തിരുന്നു. എന്നാൽ സന്റോറിനിക്കു സമീപം കടലിൽ മൗണ്ട് കൂളംബോ എന്ന അഗ്നിപർവതം സ്ഥിതി ചെയ്യുന്നുണ്ട്. ഇപ്പോഴത്തെ ഭൂചലനങ്ങൾക്ക് ഈ അഗ്നിപർവതവുമായി ബന്ധമുണ്ടോയെന്നും ശാസ്ത്രജ്ഞർ അന്വേഷിക്കുന്നുണ്ട്. പതിനേഴാം നൂറ്റാണ്ടിലായിരുന്നു ഈ അഗ്നിപർവതം ഇതിനു മുൻപ് വിസ്ഫോടനം നടത്തിയത്.

സൂനാമി എന്ന പേര് രാജ്യാന്തര പൊതുബോധത്തിൽ ആഴത്തിൽ വേരുറച്ചത് 17 വർഷം മുൻപ് 2004ൽ ക്രിസ്മസ് പിറ്റേന്നുണ്ടായ ബോക്‌സിങ് ഡേ സൂനാമിയെത്തുടർന്നാണ്. ഇതിനു മുൻപ് ഇതേ അളവിലുള്ള മെഗാ സൂനാമികൾ ലോകത്തുണ്ടായ പല സംഭവങ്ങളുണ്ട്. ചരിത്രാതീത കാലത്ത് ഇന്നത്തെ ഇസ്രയേൽ നിലനിൽക്കുന്ന മേഖലയിലെ ദോറിൽ മെഡിറ്ററേനിയൻ കടലിൽ നിന്നുള്ള സൂനാമി ആക്രമിച്ചിരുന്നു.
ബിസി 479ൽ ഗ്രീസിലെ പോട്ടിഡയിൽ സംഭവിച്ച സൂനാമിയാണു ചരിത്രത്തിൽ രേഖപ്പെടുത്തിയ ആദ്യ സൂനാമി. ഗ്രീക്കിലെ പോട്ടിഡ പട്ടണം പിടിച്ചടക്കാൻ പേർഷ്യൻ സൈന്യം ശ്രമിച്ചുകൊണ്ടിരുന്ന വേളയിലാണ് ഇതുണ്ടായത്. എഡി 79ൽ ഇറ്റലിയിൽ വമ്പൻ നാശനഷ്ടങ്ങൾക്കു വഴി വച്ച വെസൂവിയസ് അഗ്നിപർവത വിസ്‌ഫോടനത്തിന്റെ ഭാഗമായി ഒരു ചെറിയ സൂനാമിയുണ്ടായി. അളവിൽ ചെറുതായതിനാൽ വലിയ നാശനഷ്ടങ്ങൾ ഇതു മൂലം സംഭവിച്ചില്ല. എഡി 262ൽ തുർക്കിയിലെ അനത്തോലിയ മേഖലയിൽ വൻ ഭൂചലനം സംഭവിക്കുകയും ഇതെത്തുടർന്ന് സൂനാമി ആക്രമിക്കുകയും ചെയ്തു. മേഖലയിലെ പല നഗരങ്ങളും ഇതുമൂലം വെള്ളത്തിനടിയിലായി.

എഡി 365ൽ കിഴക്കൻ മെഡിറ്ററേനിയൻ, അലക്‌സാൻഡ്രിയൻ മേഖലകളിലുണ്ടായ ക്രീറ്റ് ഭൂചലനത്തെ തുടർന്ന് 100 അടി ഉയരത്തിൽ സൂനാമിത്തിരകൾ പൊങ്ങി. ഈജിപ്തിലെ അലക്‌സാൻഡ്രിയ ഉൾപ്പെടെ പട്ടണങ്ങൾ തിരകളുടെ ആക്രമണത്തിൽപെട്ടു. ആയിരക്കണക്കിനു പേർ കൊല്ലപ്പെടുകയും നിരവധി കപ്പലുകൾ നശിക്കുകയും ചെയ്തു. ഇന്നത്തെ ലിബിയയിലും തുനീസിയയിലുമുള്ള ഒട്ടേറെ പട്ടണങ്ങളും ഈ സൂനാമിയുടെ ആക്രമണത്തിനിരയായി. എഡി 551ൽ ലബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിലും സൂനാമിയുണ്ടായി. എഡി 684ൽ ജപ്പാനിലെ ആദ്യ സൂനാമിയുണ്ടായി. രാജ്യത്തു നടന്ന ഹകൂഹോ, നാങ്കൈ ഭൂചലനത്തെത്തുടർന്നാണ് ഈ വമ്പൻ സൂനാമി ആഞ്ഞടിച്ചത്.
എഡി 869ൽ ജപ്പാനിൽ അടുത്ത സൂനാമിയുണ്ടായി. സാൻറിക്കു എന്ന മേഖലയിലാണ് ഇതു സംഭവിച്ചത്. തീരത്തു നിന്നു 4 കിലോമീറ്ററോളം ഉള്ളിലേക്കു പ്രളയമുണ്ടായി. ടജാവു എന്ന പട്ടണം പൂർണമായും മുങ്ങി. ആയിരത്തിലധികം ആളുകൾ കൊല്ലപ്പെട്ടു. 1293ൽ ജപ്പാനിൽ നടന്ന കാമാകുറ ഭൂചലനത്തിന്‌റെ ഭാഗമായും സൂനാമി ഉടലെടുത്തു. 1361ൽ ജപ്പാനിൽ നടന്ന മറ്റൊരു സൂനാമി സംഭവത്തിൽ 661 പേർ മരിച്ചു.1531ൽ ലിസ്ബനിൽ നടന്ന ഭൂചലനത്തിന്റെ ഭാഗമായും സൂനാമി ഉടലെടുത്തു. 1605ൽ ജപ്പാനിൽ നടന്ന നാൻകൈ ഭൂകമ്പവും സൂനാമിക്കു വഴിവച്ചു. 1677ലും ജപ്പാനിൽ സൂനാമി 569 പേരുടെ ജീവനെടുത്തു.

1674ൽ ഇന്തൊനീഷ്യയിലെ ബാൻഡ് കടലിൽ ഒരു വലിയ സൂനാമി ഉടലെടുത്തു. 100 മീറ്ററോളം ഉയർന്ന സൂനാമിത്തിരകളിൽപ്പെട്ട് 2000 പേർക്ക് ജീവൻ നഷ്ടമായി. 1700ൽ യുഎസ്, കാനഡ മേഖലയിൽ സംഭവിച്ച ഭൂചലനത്തിന്‌റെ ഭാഗമായും സൂനാമികൾ ഉടലെടുത്തിരുന്നു. 1707ൽ ജപ്പാനിൽ നടന്ന ഹോയർ ഭൂചലനം,1741ൽ രാജ്യത്തു തന്നെ നടന്ന ഒഷിമ അഗ്നിപർവത വിസ്‌ഫോടനം എന്നിവ മൂലവും സൂനാമി സംഭവിച്ചു.1755ൽ നടന്ന ഭീകരദുരന്തമായ ലിസ്ബൺ ഭൂചലനത്തിന്റെ ഭാഗമായും രാക്ഷസത്തിരകൾ ഉയർന്നു പൊങ്ങി. ദുരന്തത്തിൽ ആകെ അരലക്ഷത്തിലധികം പേർ കൊല്ലപ്പെട്ടു.1762ൽ ബർമയിലുണ്ടായ അറാക്കൻ ഭൂചലനത്തിൽ ബംഗാൾ ഉൾക്കടലിൽ സൂനാമിയുണ്ടാകുകയും 200 പേർ കൊല്ലപ്പെടുകയും ചെയ്തു.1771ൽ ജപ്പാനിലെ റ്യുക്യു,1783ൽ ഇറ്റലിയിലെ കലാബ്രിയ, 1819ൽ ഗുജറാത്തിലെ കച്ച് ഭൂകമ്പം,1854ൽ ജപ്പാനിലെ നൻകൈ ഭൂകമ്പം, 1908ൽ ഇറ്റലിയിലെ മെസീന ഭൂകമ്പം, 1923ൽ ജപ്പാനിലെ ഭൂകമ്പം, 1929 യുഎസിലെ ഗ്രാൻഡ് ബാങ്ക് ഭൂകമ്പങ്ങൾ തുടങ്ങിയവയ്‌ക്കെല്ലാം സൂനാമി അകമ്പടി സേവിച്ചു.
2004ലെ മെഗാസൂനാമിക്കു ശേഷം 20ഓളം ചെറുതും വലുതുമായ സൂനാമികൾ ലോകത്തുണ്ടായെങ്കിലും ബോക്‌സിങ് ഡേ സൂനാമിയുടെ ഭീകരതയോട് ഉപമിക്കാവുന്നവ വേറെയില്ല.