മത്സ്യത്തിന്റെ വായിലേക്ക് ബിയർ ഒഴിച്ചുകൊടുത്ത് ‘ഷോ’: വിഡിയോ വൈറൽ, നടപടി വേണമെന്ന് ആവശ്യം

Mail This Article
ജീവജാലകങ്ങളെ ഉപദ്രവിക്കുന്ന വിഡിയോകൾ പകർത്തി സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യുന്നവർ നിരവധിപ്പേരാണ്. ഹീറോയിസം കാണിക്കാൻ കാട്ടാനകളുടെ മുൻപിൽ പോയി നിൽക്കുന്നതും പുലിക്കു മുന്നിലൂടെ ബൈക്ക് ഓടിച്ചുപോകുന്നതുമെല്ലാം നാം കണ്ടു കാണും. അതുപോലെ മത്സ്യത്തെ ഉപദ്രവിക്കുന്ന വിഡിയോയും ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ഒരാൾ വലിയ മത്സ്യത്തിന്റെ വായിലേക്ക് ബിയർ ഒഴിച്ചുകൊടുക്കുന്നതാണ് ദൃശ്യങ്ങൾ.
രോഹു എന്ന മത്സ്യത്തെ കൈയിലെടുത്ത് അതിന്റെ വായിൽ ബിയർ ഒഴിച്ചുകൊടുക്കുന്നു. ഈ സമയം മറ്റൊരാളും ഇയാൾക്കൊപ്പം വിഡിയോയ്ക്ക് പോസ് ചെയ്യാൻ എത്തുന്നുണ്ട്. തങ്ങൾ വലിയ സാഹസം ചെയ്യുകയാണെന്ന നിലയ്ക്കാണ് ഇരുവരുടെയും സന്തോഷം. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ നിമിഷനേരം കൊണ്ടാണ് വൈറലായത്. ഈ വിഡിയോയ്ക്ക് താഴെ നിരവധിപ്പേർ മൃഗസംരക്ഷണ സംഘടനയായ പെറ്റയെ ടാഗ് ചെയ്തിട്ടുണ്ട്. മൃഗപീഡനമായി ഇതിനെ കണക്കാക്കണമെന്നും നടപടിയെടുക്കണമെന്നും പറയുന്നു.
ആൽക്കഹോൾ എക്സ്പോഷർ മത്സ്യങ്ങളുടെ സ്വഭാവത്തെ ബാധിക്കുമെന്ന് ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ നടത്തിയ ഗവേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അമിതമായി മദ്യം അകത്തുചെന്നാൽ മത്സ്യങ്ങളുടെ നാഡീവ്യവസ്ഥയെയും അവയവയങ്ങളുടെ പ്രവർത്തനങ്ങളെയും ബാധിക്കുമെന്ന് പഠനം പറയുന്നു.