പുഴയിലിറങ്ങിയ യുവാവിന്റെ കാലിൽ പിടുത്തം; കൈയിൽ പൊക്കിയെടുത്തപ്പോൾ മുതല! ഭയാനക കാഴ്ച

Mail This Article
ശാന്തമായി ഒഴുകികൊണ്ടിരിക്കുന്ന പുഴയാണെങ്കിലും അടിത്തട്ടിൽ അപകടകാരികളായി മുതലകൾ ഒളിഞ്ഞിരിക്കാം. കുളിക്കാനിറങ്ങുന്ന പലരും മുതലയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത് ഇങ്ങനെയാണ്. അത്തരത്തിൽ ഒരു സംഭവത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടിരിക്കുകയാണ് ഒരു യുവാവ്.
തോണിയിലെത്തിയ യുവാവ് ഷർട്ടില്ലാതെ പുഴയിൽ ഇറങ്ങി നിൽക്കുന്നതാണ് വിഡിയോയിൽ ആദ്യം കാണുന്നത്. അധികം ആഴമില്ലാത്ത സ്ഥലത്ത് നിന്നുകൊണ്ട് വെള്ളത്തിൽ കളിക്കുകയും വിഡിയോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. കാൽ പതിയെ മാറ്റുമ്പോൾ മുൻപിൽ എന്തോ തടസ്സമുള്ളതുപോലെ തോന്നിയ യുവാവ് പതുക്കെ കൈകൾ വെള്ളത്തിലിട്ടു.
കലക്കവെള്ളമായതിനാൽ ഒന്നും കാണാനായില്ലെങ്കിലും എന്തോ കൈയിൽ തടഞ്ഞിരുന്നു. ഉടൻതന്നെ അയാൾ അത് മുകളിലേക്ക് കൊണ്ടുവന്നു. അതൊരു കുഞ്ഞ് മുതലയായിരുന്നു. വാ പിളർന്ന മുതലയെ ഉടൻതന്നെ വെള്ളത്തിലേക്ക് വലിച്ചെറിഞ്ഞ് യുവാവ് തോണിയിലേക്ക് ചാടിവീണു. പേടിച്ചരണ്ട യുവാവിനെ സുഹൃത്തുക്കൾ ആശ്വസിപ്പിക്കുന്നുണ്ട്. ഭീതിജനകമായ കാഴ്ച സോഷ്യൽമീഡിയയിൽ നിമിഷനേരംകൊണ്ടാണ് പ്രചരിച്ചത്.