ADVERTISEMENT

കാരണവൻമാർ പരമ്പരാഗതമായി കൊണ്ടുനടത്തുന്ന ബിസിനസ് ന്യൂജെൻ ഏറ്റെടുത്ത് ആധുനികവൽക്കരിക്കും. പലപ്പോഴും സ്വന്തം കസ്റ്റമറുടെ താൽപര്യങ്ങൾക്ക് നേരെ വിരുദ്ധമായിട്ടാവും പരിഷ്കാരങ്ങൾ. ഫലം, നന്നായി പോയി കൊണ്ടിരുന്ന ബിസിനസ് താഴോട്ട് പോകാൻ തുടങ്ങും. പിന്നെ അതിനെ രക്ഷിക്കാൻ കാരണവർ തന്നെ നേരിട്ട് ഇറങ്ങേണ്ടിവരും. പരിണാമപരമായി ഏകദേശം അതേ അവസ്ഥയിലാണ് നമ്മുടെ നാട്ടിലെങ്ങും സാധാരണമായ കടലാസ് പൂവ് എന്നറിയപ്പെടുന്ന ബോഗൻ വില്ല. പരാഗ വാഹികളായ പ്രാണികളെ ആകർഷിക്കുന്ന ജോലി സാധാരണയായി പൂക്കളിലെ ഇതളുകൾക്കാണ്, പല വർണങ്ങൾ തന്നെ ആണ് ആദ്യ അടവ്. 

ബോഗൻ വില്ലയ്ക്കും വെള്ള നിറത്തിലും ഇളം മഞ്ഞനിറത്തിലുമൊക്കെയുള്ള ഇതൾ ഉണ്ട്. പക്ഷേ കാര്യമില്ല, അവരുടെ കാര്യം നമ്മുടെ കഥയിലെ ന്യൂജൻ ബിസിനസ് പോലെയാണ്. കസ്റ്റമർ ആയ പ്രാണികൾ ഒന്നും അടുക്കുന്ന ലക്ഷണം കാണുന്നില്ല.  സാങ്കേതികമായി ഓരോ പൂവും രൂപമാറ്റം സംഭവിച്ച തണ്ടുകൾ ആണെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. ഓരോ പൂവും വിടരുന്നത് ഒരു ഇലയുടെ മുകുളത്തിൽ നിന്നാണ്. ആ ഇലയെ വിളിക്കുന്നത് ബ്രാക്റ്റ് (Bract) എന്നാണ്. ഏകദേശം നമ്മൾ പറഞ്ഞ കഥയിലെ കാരണവരെ പോലെ, പൂവിന്റെ കാരണവർ. ചില ചെടികളിൽ ഈ ബ്രാക്റ്റ് എന്ന ഇല വളരെ നന്നായി വികസിച്ച് കാണാം. എന്നാൽ ചില പൂക്കുലകളിൽ  അപ്രത്യക്ഷമായിരിക്കും.

വെള്ള പൂവും പിന്നിൽ ആകർഷണത്തിന് നിൽക്കുന്ന ' കാരണവർ ' ബ്രാക്ടിനെയും കാണാം.
വെള്ള പൂവും പിന്നിൽ ആകർഷണത്തിന് നിൽക്കുന്ന ' കാരണവർ ' ബ്രാക്ടിനെയും കാണാം.

പ്രാണികളായ കസ്റ്റമറെ ആകർഷിക്കാൻ കഴിയാതെ പൂവിതൾ നിസഹായ അവസ്ഥയിൽ നിൽക്കുമ്പോൾ അതാ രക്ഷിക്കാൻ നമ്മുടെ കാരണവർ ബ്രാക്ട് തന്നെ രംഗത്തിറങ്ങേണ്ടി വരുന്നു. കടും നിറങ്ങളിൽ വലിയ ഇതളുകൾ പോലെ അവർ മാറി. പ്രാണികളെയും ഒപ്പം  മനുഷ്യരെയും എല്ലാവരെയും ആകർഷിക്കാൻ തുടങ്ങി, സംഗതി ക്ലിക്കായി. ആകർഷണ ബിസിനസ് വൻ വിജയമായി. പ്രാണികൾ പരാഗണത്തിന് എത്തുമ്പോൾ എല്ലായ്പ്പോഴും വിത്ത് ഉണ്ടാകില്ല. എങ്കിലും മനുഷ്യർ കൂട്ടത്തോടെ കൊണ്ടുപോയി നാടുമുഴുവൻ നട്ടു വളർത്താൻ തുടങ്ങി.

(ലേഖകൻ പാലക്കാട് ഗവണ്‍മെന്റ് വിക്ടോറിയ കോളജ് ബോട്ടണി വിഭാഗം അസോഷ്യേറ്റ് പ്രഫസർ ആണ്.)

English Summary:

Bougainvillea and Business: A Tale of Generational Transition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com