മനുഷ്യർ വേട്ടയാടിത്തീർത്ത ആഫ്രിക്കൻ സീബ്ര! ക്വാഗയുടേതായി ഇന്നുള്ളത് ഒരേയൊരു ചിത്രം

Mail This Article
ജീവികളുടെ വംശനാശം പല കാരണങ്ങളാൽ ഉണ്ടാകാറുണ്ട്. ദുരന്തങ്ങൾ, കാലാവസ്ഥാ വ്യതിയാനം, അധിനിവേശ ജീവികൾ ആവാസവ്യവസ്ഥ അട്ടിമറിക്കുന്നത് തുടങ്ങിയവ വംശനാശത്തിനു വഴിവയ്ക്കുന്ന പ്രകൃതിപരമായ കാരണങ്ങളാണ്. എന്നാൽ മനുഷ്യരുടെ പ്രവർത്തനങ്ങൾ മൂലവും ജീവികളുടെ വംശനാശം സംഭവിക്കാറുണ്ട്. ഇത്തരം വംശനാശത്തിനുള്ള ഉദാഹരണമായിരുന്നു ക്വാഗകളുടെ വിടപറയൽ.
തെക്കേ അമേരിക്കയിലെ സീബ്ര വംശങ്ങളിൽപ്പെട്ട ഒരു ഉപവിഭാഗമായിരുന്നു ക്വാഗ. ആദ്യമൊക്കെ ശാസ്ത്രജ്ഞർ ഇതിനെ ഒരു പ്രത്യേക സ്പീഷീസായി പരിഗണിച്ചിരുന്നു. എന്നാൽ പിന്നീട് ശാസ്ത്രപഠനങ്ങളിൽ ഇതൊരു ഉപവിഭാഗമാണെന്നു തെളിഞ്ഞു. നിലവിൽ നമുക്കറിയാവുന്ന സീബ്രകളിൽ നിന്നു തികച്ചും വ്യത്യസ്തരായിരുന്നു ക്വാഗകൾ. ഇവയ്ക്കു വരയുണ്ടായിരുന്നത് ശരീരത്തിന്റെ മുൻഭാഗത്താണ്. പിൻഭാഗത്തു വരയില്ലാത്ത തവിട്ടുനിറവും.
ദക്ഷിണാഫ്രിക്കയിൽ യൂറോപ്യൻ വംശജർ കുടിയേറ്റം നടത്തിയശേഷമാണ് ക്വാഗ വലിയ തോതിൽ വേട്ടയാടപ്പെട്ടത്. യൂറോപ്യൻമാർ വളർത്തിയിരുന്ന കന്നുകാലികളും മറ്റു മൃഗങ്ങളുമായി ഭക്ഷണത്തിന്റെ കാര്യത്തിൽ ക്വാഗ മത്സരം പുലർത്തിയിരുന്നു. ഇതാണ് ഈ വേട്ടയ്ക്ക് വഴിവച്ചത്. ഇവയുടെ തുകലും മാംസവും യൂറോപ്യർക്ക് പ്രിയമായിരുന്നു. ചില ക്വാഗകളെ യൂറോപ്പിലെ മൃഗശാലകളിൽ എത്തിച്ചെങ്കിലും അവയെ നിലനിർത്താനുള്ള നടപടികളൊന്നും അധികമുണ്ടാകാത്തതിനാൽ ഇവയ്ക്കു വംശനാശം സംഭവിച്ചു. 1878ൽ കാട്ടിലുള്ള അവസാന ക്വാഗ ചത്തു. 1883ൽ മൃഗശാലയിലെ അവസാന ക്വാഗയും വിടപറഞ്ഞതോടെ ക്വാഗകളുടെ വംശം കുറ്റിയറ്റു.
സീബ്ര എന്ന പേരു കേൾക്കുമ്പോൾ തന്നെ മനസ്സിൽ തെളിയുന്നത് വെള്ളയും കറുപ്പും വരകളുള്ള കുതിരപോലെയുള്ള ജീവിയെയാണ്. ആഫ്രിക്കൻ സ്വദേശിയാണെങ്കിലും ലോകം മുഴുവൻ സീബ്രയ്ക്കു പ്രശസ്തി നേടിക്കൊടുക്കാൻ ഈ വരകൾ സഹായകമായെന്നുള്ളത് വസ്തുത മാത്രം. വരകൾ കാരണം സീബ്രയെ വേട്ടയാടുന്ന ജീവികൾക്ക് ദൃഷ്ടിഭ്രമം സംഭവിക്കുമെന്നും അതിനാൽ സീബ്രകൾക്ക് വേട്ടക്കാരിൽ നിന്ന് ഓടി രക്ഷപ്പെടാനുള്ള സമയം ലഭിക്കുമെന്നുമാണ് ഒരു കൂട്ടം ശാസ്ത്രജ്ഞർ പറയുന്നത്. എന്നാൽ വേട്ടക്കാരായ ജീവികളിൽ നിന്നല്ല മറിച്ച് രക്തം കുടിക്കുകയും രോഗം പരത്തുകയും ചെയ്യുന്ന ഈച്ചകളിൽ നിന്നാണു വരകൾ സംരക്ഷണം നൽകുന്നതെന്നാണു മറ്റൊരു വാദം. സീബ്രകളുടെ ശരീര ഊഷ്മാവ് നിയന്ത്രിച്ചുനിർത്താൻ വരകൾ സഹായകമാകുമെന്നു മറ്റൊരുകൂട്ടർ പറയുന്നു. ഇതൊന്നുമല്ല, മനുഷ്യരുടെ വിരലടയാളങ്ങൾ പോലെ ഒരു പ്രത്യേകതയാണു സീബ്രകളുടെ വരകളെന്നാണ് ചില ശാസ്ത്രജ്ഞരുടെ വാദം. പല സീബ്രകൾക്കും പല തരത്തിലുള്ള ഘടനകളുള്ള വരകളാണത്രേ.

കുതിരകളും കഴുതകളും ഉൾപ്പെടുന്ന ഇക്വസ് എന്ന ജനുസ്സിലാണ് സീബ്രകളുടെ ജന്തുകുടുംബമായ ഇക്വിഡെ ഉൾപ്പെടുന്നത്. പ്രധാനമായും മൂന്നു തരം സീബ്രകളുണ്ട്. ഗ്രേവീസ് സീബ്ര, പ്ലെയിൻസ് സീബ്ര, മൗണ്ടൻ സീബ്ര എന്നിവയാണിവ. ആഫ്രിക്കൻ പുൽമേടുകളിൽ ഇര പാർത്തിരിക്കുന്ന സിംഹങ്ങളാണ് സീബ്രകളുടെ പ്രധാന വേട്ടക്കാർ. കുതിരകളെയും കഴുതകളെയും പോലെ മനുഷ്യസമൂഹത്തിൽ ഇണങ്ങി ജീവിക്കുന്ന ജീവികളല്ല സീബ്രകളെന്ന് ശാസ്ത്രജ്ഞർ പറയുന്നു. മൂന്നു സീബ്ര വിഭാഗങ്ങളും വംശനാശഭീഷണി നേരിടുന്നുണ്ട്.
നേരത്തെ തന്നെ റോമക്കാരും മറ്റും സീബ്രകളെ ബന്ധനത്തിൽ പിടിച്ചിരുന്നു. രാജാക്കൻമാർ സീബ്രകളെ സമ്മാനങ്ങളായി കൊടുത്തതായും ചരിത്രമുണ്ട്. 1762ൽ ബ്രിട്ടിഷ് രാജ്ഞിയായ ഷാർലറ്റിന് വിവാഹസമ്മാനമായി ഒരു സീബ്രയെ ലഭിച്ചതോടെയാണ് പാശ്ചാത്യ ലോകത്ത് ഇതെപ്പറ്റി വലിയ താൽപര്യം ഉടലെടുത്തത്. ഒട്ടേറെ ആളുകൾ ഈ സീബ്രയെ കാണാനായി ബക്കിങ്ഹാം കൊട്ടാരവളപ്പിൽ എത്തിയിരുന്നു.