ഒരേയൊരു രാജാവ്; വിചിത്രഗുഹയിലെ വലിയ ജീവി ഒരു പഴുതാര!

Mail This Article
റുമേനിയയിലെ മൊവൈൽ ഗുഹയിൽ ജീവിക്കുന്ന പഴുതാരയാണു ക്രിപ്‌റ്റോപ്‌സ് സ്‌പെലിയോറെക്‌സ്. ഈ ഗുഹയിൽ ജീവിക്കുന്ന ഏറ്റവും വലുപ്പമുള്ള ജീവിയും ഇതു തന്നെയാണ്. 50 ലക്ഷം വർഷത്തിലേറെയായി സൂര്യപ്രകാശം കടക്കാത്ത ഗുഹയാണു മൊവൈൽ കേവ്. അപൂർവതകൾ ഒട്ടേറെയുള്ള ഈ ഗുഹ സ്ഥിതി ചെയ്യുന്നത് റുമേനിയയിലെ മൻഗാലിയായിലാണ്.
ക്രിപ്‌റ്റോപ്‌സ് സ്‌പെലിയോറെക്‌സ് എന്ന പേരിന്റെ അർഥം ഗുഹയിലെ രാജാവെന്നാണ്. ഈ ഗുഹയിലെ ഭക്ഷണശൃംഖലയിൽ ഏറ്റവും ഉയർന്ന സ്ഥാനത്തു നിൽക്കുന്ന ജീവിയും സ്‌പെലിയോറെക്‌സ് തന്നെ. 46 മുതൽ 52 മില്ലിമീറ്റർ വരെ നീളമുള്ള ഈ കശേരുക്കളില്ലാത്ത ജീവിയെ 2020ൽ ആണു കണ്ടെത്തിയത്. മഞ്ഞ നിറമുള്ള ഈ ജീവി പൊതുവെ കീടങ്ങൾ, ചിലന്തികൾ, മറ്റു ചെറിയ പഴുതാരകൾ എന്നിവയെയാണു ഭക്ഷിക്കുന്നത്. അനേകവർഷമായി സൂര്യപ്രകാശമെത്താത്ത ഈ ഗുഹയ്ക്കുള്ളിൽ തന്റെ നീണ്ട ആന്റിന പോലുള്ള ശരീരഭാഗം ഉപയോഗിച്ചാണു ഈ പഴുതാര ഇരകളെ കണ്ടെത്തുന്നതും തന്‌റെ ചലനം നടത്തുന്നതും.
ഗുഹയ്ക്കുള്ളിൽ സൂര്യപ്രകാശം എത്താത്തതിനാൽ ഇതിൽ സസ്യങ്ങൾ കുറവാണ്.അതിനാൽ തന്നെ മീഥെയ്ൻ, സൾഫർ എന്നീ വാതകങ്ങൾ ഓക്‌സിഡൈസ് ചെയ്ത് ബാക്ടീരിയകളാണു പോഷണങ്ങൾ ഉണ്ടാക്കുന്നത്. കീമോസിന്തസിസ് എന്ന് ഈ പ്രക്രിയ അറിയപ്പെടുന്നു. മറ്റുള്ള ജീവികൾ ഈ പോഷണങ്ങൾ ഭക്ഷിക്കുന്നു. ഈ കീടങ്ങളെ ഭക്ഷിക്കുന്നതിലൂടെ ക്രിപ്‌റ്റോപ്‌സിലേക്കും ഈ പോഷണങ്ങൾ എത്തുന്നു.ഈ ഗുഹയിൽ മാത്രമാണ് ഈ പഴുതാര കാണപ്പെടുന്നത്. പുറത്തൊരിടത്തും ഇതിനെ കണ്ടിട്ടില്ല.
ഗുഹയിൽ ദുർഘടമായ സാഹചര്യങ്ങളാണെങ്കിലും 57 ജീവിവർഗങ്ങളുണ്ട്. ഇതിൽ 37 എണ്ണം ഈ ഗുഹയിൽ മാത്രം കാണപ്പെടുന്നതുമാണ്. 55 ലക്ഷം വർഷങ്ങളായി ഈ ഗുഹയിൽ ജീവികളുണ്ടെന്നാണു കരുതപ്പെടുന്നത്. പൊതുജനങ്ങൾക്ക് ഈ ഗുഹയിലേക്കു പ്രവേശനം നിഷേധിച്ചിട്ടുണ്ട്. ചില ഗവേഷകർക്കു മാത്രമാണ് ഇതിനുള്ളിലേക്കു പ്രവേശിക്കാൻ അനുമതി. ഗുഹയിലെ ലോലമായ ജൈവവൈവിധ്യത്തിനു കോട്ടം തട്ടാതെയിരിക്കാനായാണ് ഇത്.