ഇന്ത്യയിലുള്ളത് 6300ലധികം റിവർ ഡോൾഫിനുകൾ; കണക്കെടുപ്പ് 8 സംസ്ഥാനങ്ങളിലെ 28 നദികളിൽ

Mail This Article
ഗംഗ, ബ്രഹ്മപുത്ര, സിന്ധു നദീതടങ്ങളിലായി 6,327 റിവർ ഡോൾഫിനുകളുണ്ടെന്ന് സർവേ റിപ്പോർട്ട്. ഇന്ത്യയിലെ നദീതീര ഡോൾഫിനുകളുടെ ആദ്യ ജനസംഖ്യാ കണക്കെടുപ്പിലാണ് ഇക്കാര്യം പറയുന്നത്. 2020ൽ ‘പ്രൊജക്ട് ഡോൾഫിൻ’ എന്ന സർവേ ആരംഭിച്ചത്. എട്ട് സംസ്ഥാനങ്ങളിലായി 8,507 കിലോമീറ്റർ വിസ്തൃതിയുള്ള 28 നദികളിലാണ് സർവേ നടത്തിയത്.
ഗംഗാ നദി ഡോൾഫിനുകൾ, സിന്ധു നദി ഡോൾഫിനുകൾ എന്നിങ്ങനെ രണ്ടുതരം ശുദ്ധജല ഡോൾഫിനുകളുടെ ആവാസ കേന്ദ്രമാണ് ഇന്ത്യ. കണ്ടെത്തിയ 6,327 ഡോൾഫിനുകൾ ഗംഗാ നദി ഇനമാണ്. ഇതിനൊപ്പം മൂന്ന് സിന്ധു നദി ഡോൾഫിനുകളെയും കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും കൂടുതൽ ഡോൾഫിനുകൾ കാണപ്പെട്ടത് ഉത്തർപ്രദേശിലാണ്- 2,397).
ബിഹാർ– 2,220
ബംഗാൾ– 815
അസം– 635
രാജസ്ഥാൻ– 95
മധ്യപ്രദേശ്–95
പഞ്ചാബ്–3
ഡോൾഫിനുകളെയും മറ്റ് ജല ആവാസവ്യവസ്ഥകളെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 2020 ഓഗസ്റ്റ് 15നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ‘പ്രൊജക്ട് ഡോൾഫിൻ’ പ്രഖ്യാപിച്ചത്. ശുദ്ധമായ വെള്ളത്തിൽ മനുഷ്യന്റെ ഇടപെടലുകളില്ലാത്ത പ്രദേശങ്ങളിലാണ് ഇവ വളരുന്നത്. വംശനാശഭീഷണി നേരിടുന്നവയുടെ പട്ടികയിൽ ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുന്നു. ഇരുപതാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെ ഗംഗാ നദി ഡോൾഫിനുകളുടെ എണ്ണം ഏകദേശം 4,000-5,000 ആയിരിക്കുമെന്ന് കണക്കാക്കപ്പെട്ടിരുന്നു, എന്നാൽ അത് ഏകദേശം 1,800 ആയി കുറയുകയായിരുന്നുവെന്ന് സർവേ റിപ്പോർട്ടിൽ പറയുന്നു. നിലവിൽ ബിയാസ് നദിയിലെ സിന്ധുനദി ഡോൾഫിനുകള്‍ വൻതോതിൽ കുറഞ്ഞുവെന്നും അടിയന്തരമായി സംരക്ഷിക്കണമെന്നും സർവേ വ്യക്തമാക്കുന്നു.