ADVERTISEMENT

പഴയ മൊബൈലുകൾ തരാൻ പരിസ്ഥിതി സ്നേഹികളോട് അഭ്യർഥിക്കുകയാണ് യുഎസിലെ ഡിട്രോയിറ്റ് മൃഗശാല. വനത്തിൽ ജീവിക്കുന്ന ഗൊറില്ലകളെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ പദ്ധതി. സേവിങ് അനിമൽസ് ഫ്രം എക്സ്റ്റിങ്ഷൻ എന്ന സംഘടനയുമായി ചേർന്നാണു മൃഗശാല ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. മൊബൈൽ ഉൾപ്പെടെയുള്ള പഴയ ഡിജിറ്റൽ ഉപകരണങ്ങൾ ശേഖരിച്ച് പുനരുപയോഗപ്രദമാക്കി വിൽക്കുകയാണു പദ്ധതിയിൽ ചെയ്യുന്നത്. ഇങ്ങനെ ലഭിക്കുന്ന വരുമാനം ഗൊറില്ലകളുടെ സംരക്ഷണത്തിനായി ചെലവഴിക്കും. ഇലക്ട്രോണിക് മാലിന്യത്തിനെതിരെ ഒരു പ്രതിവിധിയുമാണ് ഈ നടപടി. കഴിഞ്ഞവർഷം 2792 ഡിജിറ്റൽ ഉപകരണങ്ങൾ ഇത്തരത്തിൽ ഈ മൃഗശാല ശേഖരിച്ചിരുന്നു.

മനുഷ്യരുടെ ജനിതകഘടനയുമായി 98 ശതമാനം സാമ്യം ഗൊറില്ലകൾക്കുണ്ട്. ആൾക്കുരങ്ങുകളിൽ ഒറാങ്ങൂട്ടാൻ, ബൊണോബോ, ചിമ്പാൻസി എന്നിവർക്കൊപ്പം ബിഗ് ഫോർ ഗ്രൂപ്പിൽ ഉൾപ്പെടുന്ന ഗൊറില്ലകൾ മനുഷ്യരുമായി പരിണാമദശയിൽ അടുത്തു നിൽക്കുന്ന ജീവികളാണ്. ബിഗ് ഫോറിലെ ഏറ്റവും വലുപ്പമുള്ള ജീവികളും ഇവയാണ്. മനുഷ്യരെപ്പോലെ തന്നെ സന്തോഷം, സങ്കടം തുടങ്ങിയ വികാരങ്ങൾ പ്രകടിപ്പിക്കാനും ഇവയ്ക്കു കഴിവുണ്ട്.

ആഫ്രിക്കയിലെ കോംഗോ ബേസിൻ ജന്മദേശമായുള്ള ഗൊറില്ലകൾ ഈസ്റ്റേൺ ഗൊറില്ലകൾ, വെസ്റ്റേൺ ഗൊറില്ലകൾ എന്നീ രണ്ടു വിഭാഗങ്ങളിൽ പെടുന്നു. ഈസ്റ്റേൺ ഗൊറില്ലകളിൽ പെട്ട മൗണ്ടൻ ഗൊറില്ല എന്ന ഉപവിഭാഗം വംശനാശ ഭീഷണി നേരിടുന്നവയാണ്. ലോകത്ത് 1063 എണ്ണം മാത്രമാണ് ഈ വിഭാഗത്തിൽ ബാക്കിയുള്ളത്.

ഗൊറില്ലകൾ 5 മുതൽ 50 വരെയുള്ള ഗ്രൂപ്പുകളായാണു താമസിക്കുന്നത്. എല്ലാ ഗ്രൂപ്പുകളിലും ശക്തനായ ഒരു പുരുഷഗൊറില്ലയാകും നേതാവ്. ചിമ്പാൻസികളെ അപേക്ഷിച്ച് കൂടുതൽ ശാന്തരാണ് ഗൊറില്ലകൾ. എന്നാൽ അനധികൃത വേട്ടയും പരിസ്ഥിതി നാശവും ഇവയുടെ നില പരുങ്ങലിലാക്കുന്നുണ്ട്. 2030 വരെയുള്ള കാലയളവിൽ കോംഗോ നദീതടപ്രദേശത്തു ഗൊറില്ലകൾ വംശനാശം അഭിമുഖീകരിക്കാനിടയുണ്ടെന്നാണു ഗവേഷകരുടെ അഭിപ്രായം.

English Summary:

Recycle Your Old Phone, Save a Gorilla: Detroit Zoo Initiative

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com