പശുവിന്റെ ഏമ്പക്കം വഴിയുള്ള മീഥെയ്ൻ വികിരണം; കുറയ്ക്കാൻ പ്രത്യേക ഫംഗസിനെ കണ്ടെത്തി!

Mail This Article
പശുക്കളുടെ ഏമ്പക്കത്തിൽ നിന്നും പുറത്തുവരുന്ന മീഥെയ്ന്റെ അളവ് കുറയ്ക്കുന്ന ഫംഗസിനെ ഓസ്ട്രേലിയയിലെ ഗവേഷകർ കണ്ടെത്തി. കാലിത്തീറ്റയ്‌ക്കൊപ്പം ഇതു നൽകിയാൽ മീഥെയ്ൻ വികിരണം കുറയുമെന്നാണു കണ്ടെത്തിയിരിക്കുന്നത്. ഡോ. അബേദ് ചൗധരിയും സംഘവുമാണു കണ്ടെത്തലിനു പിന്നിൽ. യുഎസിലും ഓസ്ട്രേലിയയിലും കാണപ്പെടുന്ന പ്രത്യേക ഫംഗസിനാണ് ഈ കഴിവുള്ളത്. ഓസ്ട്രേലിയൻ സർക്കാരിന്റെ സഹായത്തോടെയായിരുന്നു ഈ പഠനം.
ലോകത്ത് കൃഷി മൂലമുള്ള മീഥെയ്ൻ വികിരണത്തിന്റെ പ്രധാന സ്രോതസ്സ് പശുക്കളുടെ ഏമ്പക്കമാണെന്ന് ഇടയ്ക്കൊരു പഠനത്തിൽ തെളിഞ്ഞിരുന്നു. ബഹിരാകാശത്തു സ്ഥിതി ചെയ്യുന്ന നിരീക്ഷണ ഉപഗ്രഹങ്ങൾ ഉപയോഗിച്ചായിരുന്നു ഈ പഠനം നടത്തിയത്. കലിഫോർണിയയിലെ ബേക്കേഴ്സ്ഫീൽഡിലുള്ള ജോക്വിൻ വാലിയിൽ സ്ഥിതി ചെയ്യുന്ന ഒരു പശുഫാമിലാണ് ഉപഗ്രഹങ്ങൾ ഉപയോഗിച്ച് നിരീക്ഷണം നടത്തിയത്.

ഈ ഒരൊറ്റ പശുഫാമിൽ ഏമ്പക്കം വഴി പശുക്കൾ പുറത്തുവിടുന്ന മീഥെയ്ന്റെ അളവ് വാർഷിക അടിസ്ഥാനത്തിൽ കണക്കുകൂട്ടിയാൽ 5116 ടൺ എന്ന അളവുണ്ടാകുമെന്ന് അന്നു തെളിഞ്ഞിരുന്നു. ഇത്രയും മീഥെയ്ൻ സംഭരിക്കാൻ കഴിഞ്ഞാൽ 15000 വീടുകൾക്ക് വൈദ്യുതോർജം നൽകാൻ സാധിക്കും. മീഥെയ്ൻ പ്രധാനപ്പെട്ട ഒരു ഹരിതഗൃഹ വാതകമാണ്. ഇവയുടെ ആധിക്യം കാലാവസ്ഥാ വ്യതിയാനത്തിന് ഇടവരുത്തും. കാർബൺ ഡയോക്സൈഡ് സംഭരിക്കുന്നതിനേക്കാൾ 30 മടങ്ങ് താപോർജം സംഭരിക്കാൻ അതേ അളവിലുള്ള മീഥെയ്ന് കഴിവുണ്ട്
കാർഷിക പ്രവർത്തനങ്ങൾ മൂലമുള്ള മീഥെയ്ൻ വികിരണത്തിന്റെ തോത് അളക്കാൻ പ്രയാസമാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു.ലോകത്ത് സംഭവിക്കുന്ന ഹരിതഗൃഹ വാതകങ്ങളുടെ വികിരണത്തിൽ 9.6 ശതമാനവും കാർഷിക പ്രവർത്തനങ്ങൾ മൂലമാണെന്നാണ് യുഎസിന്റെ എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസി പറയുന്നത്. മീഥെയ്ൻ വികിരണത്തിന്റെ ആകെയുള്ളതിൽ 36 ശതമാനവും സംഭവിക്കുന്നത് കന്നുകാലി ഫാമുകൾ, വളർത്തൽ കേന്ദ്രങ്ങൾ എന്നിവയിൽ നിന്നാണ്. ലോകമെമ്പാടും 140 കോടി പശുക്കളുണ്ടെന്നാണു കണക്കാക്കുന്നത്. ഇവയിൽ ഓരോന്നും ദിവസം തോറും 500 ലിറ്റർ മീഥെയ്ൻ അന്തരീക്ഷത്തിലേക്കു പുറത്തുവിടുന്നുണ്ടെന്ന് ഗവേഷകർ പറയുന്നു. എന്ററിക് ഫെർമന്റേഷൻ എന്ന പ്രക്രിയ മൂലമാണിത്.
പശുക്കളുടെ ഏമ്പക്കം വഴിയുള്ള മീഥെയ്ൻ വികിരണം തടയാനായി പല സാങ്കേതികവിദ്യകളും നേരത്തെ നടപ്പിലാക്കാൻ നോക്കിയിട്ടുണ്ട്. കടലിൽ കണ്ടുവരുന്ന ചില പ്രത്യേകയിനം ആൽഗെകൾ കാലിത്തീറ്റയിൽ കലർത്തുന്നത് മീഥെയ്ൻ വികിരണത്തോത് മൂന്നിലൊന്നായി കുറയ്ക്കുമെന്ന് നേരത്തെ പഠനത്തിൽ തെളിഞ്ഞിരുന്നു.
പശുക്കളുടെ ഏമ്പക്കത്തിൽ നിന്നുള്ള മീഥെയ്ൻ പുറന്തള്ളൽ തടയുന്ന മാസ്കും ഇടയ്ക്കു വികസിപ്പിച്ചിരുന്നു. വെയ്‌ൽസിലെ റോയൽ കോളജ് ഓഫ് ആർട്സിലെ വിദ്യാർഥികളാണു ഈ മാസ്ക് ഡിസൈൻ ചെയ്തത്.