ADVERTISEMENT

‘ഉയർന്ന ചുരങ്ങളുടെ നാട്’ എന്നറിയപ്പെടുന്ന സ്ഥലമാണ് ലഡാക്ക്. അതിശയിപ്പിക്കുന്ന ഭൂപ്രകൃതി, ഉയരമേറിയ മരുഭൂമികൾ, ആഴമേറിയ സാംസ്കാരിക പൈതൃകം എന്നിവകൊണ്ട് വ്യത്യസ്തമാണ് വടക്കേ ഇന്ത്യയിലെ ഈ സ്ഥലം. ഇവിടത്തെ നാടോടികളായ ചാങ്പ ഇടയന്മാർ യാക്ക്, ആട്, ചെമ്മരിയാട് തുടങ്ങിയവയെ ആശ്രയിച്ച് ഭൂമിയുമായി ഇണങ്ങി ജീവിക്കുന്നവരാണ്. ഈ മൃഗങ്ങളിൽ നിന്നും ലഭിക്കുന്ന മൃദുവായ രോമം വിലയേറിയതാണ്. ഇതാണ് ചാങ്പയുടെ പ്രധാന വരുമാന സ്രോതസ്സ്. 

ലഡാക്കിലെ ശ്രദ്ധേയമായ ജീവി വർഗങ്ങളിൽ ഒന്നാണ് ‘ടിബറ്റൻ മാസ്റ്റിഫ്’ എന്ന നായ്ക്കൾ. ശക്തരും നിർഭയരുമായ ഇവർ ഗ്രാമവാസികളുടെ കാവലാളാണ്. തലമുറകളായി ഇവർ ചെന്നായ്ക്കൾ, ലിങ്ക്സ്, ഹിമപ്പുലി തുടങ്ങിയ വേട്ടമൃഗങ്ങളിൽ നിന്ന് കന്നുകാലികളെ സംരക്ഷിച്ചുവരുന്നു. നുഴഞ്ഞുകയറ്റക്കാരിൽ നിന്നും വീടുകളെയും വയലുകളെയും സംരക്ഷിക്കാനും ഇവർ മുന്നിലാണ്. എന്നാൽ, ലഡാക്ക് മാറ്റങ്ങൾക്കു വിധേയമാകുമ്പോൾ ടിബറ്റൻ മാസ്റ്റിഫും അവിടെനിന്ന് അപ്രത്യക്ഷമാവുന്നുവെന്നാണ് റിപ്പോർട്ടുകൾ.

(Photo:x/@mhisamaya)
(Photo:x/@mhisamaya)

ഹിമാലയൻ പർവതപ്രദേശങ്ങൾ സന്ദർശിച്ച ആദ്യ യൂറോപ്യന്മാരാണ് ടിബറ്റൻ മാസ്റ്റിഫ് എന്ന പേര് ഈ നായ്ക്കൾക്കു നൽകിയത്. വെയിൽസ് രാജകുമാരൻ ഒരു ജോഡി ടിബറ്റൻ മാസ്റ്റിഫുകളെ യുകെയിലേക്ക് കൊണ്ടുപോയി. 1900ന്റെ തുടക്കത്തിൽ യൂറോപ്പിലെയും യുഎസിലെയും കെന്നൽ ക്ലബ്ബുകൾ ഈ നായ്ക്കളെ അംഗീകരിച്ചു. ലോകത്തെ ഏറ്റവും വലിയ നായ ഇനങ്ങളിലൊന്നായ ഇവയ്ക്ക് കട്ടിയുള്ള രോമങ്ങളാണ്. അതിനാൽ ഏത് കഠിന കാലാവസ്ഥയുമായി പൊരുത്തപ്പെടാനും കഴിയും. ഉയർന്ന അളവിലുള്ള ഹീമോഗ്ലോബിൻ ഇവയ്ക്കുണ്ട്. കൂടാതെ ഓക്സിജൻ കുറവുള്ള സാഹചര്യങ്ങളിൽ സജീവമായി പ്രവർത്തിക്കാനും കഴിയും. മറ്റു നായ്ക്കളിൽ നിന്നു വ്യത്യസ്തമായി, വർഷത്തിൽ 2 കുഞ്ഞുങ്ങൾക്കാണ് ജന്മം നൽകുന്നത്. 

ഓരോ ചാങ്പ കുടുംബങ്ങളും ഒന്നു മുതൽ മൂന്നു നായ്ക്കളെ വളർത്തുന്നു. കാവൽ ചുമതലകൾക്ക് പുറമേ, കിഴക്കൻ ലഡാക്കിലെ കാർഷിക സമൂഹങ്ങളിൽ ടിബറ്റൻ മാസ്റ്റിഫുകളുടെ കാഷ്ഠം ശേഖരിച്ച് കർഷകർ വയലുകൾക്ക് വളമായി ഉപയോഗിച്ചിരുന്നു. നായ കാഷ്ഠം വളമായി ഉപയോഗിക്കുന്നത് സാധാരണമല്ലെങ്കിലും, കഠിനമായ തണുത്ത കാലാവസ്ഥയിൽ ഇത് വ്യത്യസ്തമായ രീതിയായിരുന്നു. ആട്, ചെമ്മരിയാട്, പശു, യാക്ക് തുടങ്ങിയ മറ്റു വളർത്തുമൃഗങ്ങളുടെ ചാണകവുമായി ഇത് കലർത്തുമ്പോൾ ലഭിക്കുന്ന ഉയർന്ന അളവിലുള്ള പ്രോട്ടീൻ, നൈട്രജൻ വയലുകൾക്ക് ഗുണകരമായി.

ജീവിതശൈലി മാറിയതോടെ ലഡാക്കിലെ ആളുകൾ നായ്ക്കളെ വളർത്തുന്നത് കുറയ്ക്കാൻ തുടങ്ങി. നിരവധി കുടുംബങ്ങൾ ഗ്രാമങ്ങളിൽ നിന്ന് ലേ നഗരത്തിലേക്ക് താമസം മാറി. നഗരത്തിൽ ജീവിക്കുമ്പോൾ വീടുകളും വയലുകളും സംരക്ഷിക്കാൻ നായ്ക്കളെ ആവശ്യമില്ലായിരുന്നു. കൂട്ടുകുടുംബങ്ങളുടെ എണ്ണം കുറഞ്ഞു. തൊഴിലവസരങ്ങൾ കുറയുകയും കന്നുകാലികളെയോ കൃഷിയെയോ ആശ്രയിക്കുന്നത് കുറയുകയും ചെയ്തതോടെ, ലഡാക്കിലുടനീളം ടിബറ്റൻ മാസ്റ്റിഫുകളെ വളർത്തുന്ന പാരമ്പര്യം കുറഞ്ഞു.

ടിബറ്റൻ മാസ്റ്റിഫ് ലോകമെമ്പാടും വളരെ പ്രചാരത്തിലാണെങ്കിലും, അതിന്‍റെ ജന്മദേശത്ത് അതിന്‍റെ ഭാവി അനിശ്ചിതത്വത്തിലാണ്. ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് നിലവിലുളള ദുർബലരായ ചാങ്പ ഇടയന്മാരെയാണ്. അവർ ഇപ്പോഴും സംരക്ഷണത്തിനായി നായ്ക്കളെ ആശ്രയിക്കുന്നു. ലഡാക്കിലെ കന്നുകാലി വളർത്തൽ സംസ്കാരം സംരക്ഷിക്കുന്നതിനും പ്രദേശത്തെ ചരിത്രത്തിന്‍റെ ഒരു പ്രധാന ഭാഗം നിലനിർത്തുന്നതിനും ടിബറ്റൻ മാസ്റ്റിഫിനെ നിലനിർത്തേണ്ടത് അത്യാവശ്യമാണ്.

English Summary:

The Vanishing Tibetan Mastiff: A Symbol of Ladakh's Changing Landscape

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com