വെള്ളമലനിരകളിലെ വൃക്ഷ മഹാദ്ഭുതം! 5 സഹസ്രാബ്ദം പഴക്കമുള്ള മെതുസെലാ

Mail This Article
ലോകത്തിൽ ഏറ്റവും പ്രായമുള്ള മരമായി കൂട്ടിയിരിക്കുന്നത് 4853 വർഷം പഴക്കമുള്ള മെതുസെലാ എന്ന മരത്തെയാണ്. യുഎസിലെ കിഴക്കൻ കലിഫോർണിയയിലുള്ള വൈറ്റ് മൗണ്ടൻസ് മേഖലയിലെ മെതുസെല ഗ്രോവ് എന്ന മരക്കൂട്ടത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഈ മരത്തിന്റെ കൃത്യമായ ലൊക്കേഷൻ യുഎസ് വനംവകുപ്പ് പുറത്തുവിടാറില്ല. മരത്തെ തിരിച്ചറിയുന്ന സൂചികകളോ ബോർഡുകളോ വയ്ക്കാറുമില്ല. ആരെങ്കിലും ഇതിനു നാശം വരുത്തുമെന്ന് പേടിച്ചാണിത്.
കലിഫോർണിയ, നെവാദ, യൂട്ടാ സംസ്ഥാനങ്ങളുടെ അതിർത്തിയിലാണു വൈറ്റ് മൗണ്ടൻസ്. ചുണ്ണാമ്പുകല്ലും കാർബണേറ്റ് പാറകളും അടങ്ങിയ മണ്ണിൽനിന്നാണു ഈ മരം അതിജീവനത്തിനുള്ള പോഷണം കണ്ടെത്തുന്നത്. അനേകകാലം മലനിരകളിലെ ശക്തിയേറിയ കാറ്റേറ്റതിനാൽ ഇവയുടെ കൊമ്പുകൾ വളഞ്ഞ സ്ഥിതിയിലുമാണ്.

എന്നാൽ മെതുസെലയ്ക്കു പ്രതിയോഗിയായി മറ്റൊരു മരവും രംഗത്തുണ്ട്. ലോകത്തിലെ ഏറ്റവും പ്രായമുള്ള മരം ചിലെയിൽ സ്ഥിതി ചെയ്യുന്ന ഒരു കോണിഫർ മരമാണെന്ന് ഇടയ്ക്ക് ശാസ്ത്രജ്ഞർ അവകാശവാദം ഉന്നയിച്ചിരുന്നു. 5484 വർഷം ഇതിനു പഴക്കമുണ്ടെന്നും നിലവിൽ ഏറ്റവും പഴക്കമുള്ള മരമെന്ന് അറിയപ്പെടുന്ന മരത്തേക്കാളും 600 വർഷം ഇതിനു പ്രായം കൂടുതലാണെന്നും ഗവേഷകർ അന്നു പറഞ്ഞു. പാറ്റഗോണിയൻ സൈപ്രസ് വിഭാഗത്തിൽപെട്ടതാണ് ഈ മരം. കംപ്യൂട്ടേഷനൽ മാർഗങ്ങൾ ഉപയോഗിച്ചാണു കണ്ടെത്തലിലേക്ക് ശാസ്ത്രജ്ഞർ എത്തിയത്. അലെർസ് മിലെനാരിയോ എന്നാണ് ഈ മരത്തിന്റെ പേര്.
ഭൂമിയിലെ തന്നെ ഏറ്റവും വലിയ മരങ്ങളായ സെക്വോയ മരങ്ങളുടെയും റെഡ്‌വുഡ് മരങ്ങളുടെയും കുടുംബത്തിൽ പെട്ട മരമാണ് പാറ്റഗോണിയൻ സൈപ്രസ്. എന്നാൽ, വളരെ പതിയെ വളരുന്ന ഇവ 45 മീറ്റർ വരെയൊക്കെയേ പൊക്കം വയ്ക്കാറുള്ളൂ. എന്നാൽ ചിലെയിലെ കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതി നാശവും മൂലം ഈ അപ്പൂപ്പൻ മരം ഭീഷണിയിലാണ്. അക്രമണാത്മകമായ രീതിയിൽ വളരുന്ന പൈൻ, യൂക്കാലിപ്റ്റസ് മരങ്ങളും ഈ മരത്തിന്റെ നിലനിൽപിനു ഭീഷണിയാണ്. ഇവ പെട്ടെന്നു വെള്ളം വലിച്ചെടുക്കുന്നതിനാലാണ് ഇത്.1973 മുതൽ 2011 വരെയുള്ള കാലയളവിൽ എട്ടുലക്ഷം ഹെക്ടറോളം വനം ചിലെയിൽ നശിച്ചു. 70000 മരങ്ങൾ ഇക്കൂട്ടത്തിൽ നഷ്ടപ്പെട്ടെന്നാണു രാജ്യത്തെ ഔദ്യോഗിക കണക്ക് പറയുന്നത്.