ആറടിയിലധികം പൊക്കം! ലോകത്തെ ഏറ്റവും ഉയരമുള്ള പോത്ത് തായ്ലൻഡിൽ, ദിവസം 35 കിലോ ഭക്ഷണം കഴിക്കും

Mail This Article
ലോകത്തിലെ ഏറ്റവും പൊക്കമുള്ള പോത്ത്... തായ്‌ലൻഡിലെ ഒരു പോത്തിനാണ് ഈ ബഹുമതി. കിങ് കോങ് എന്ന ഈ പോത്ത് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 6.8 അടി പൊക്കമുള്ള കിങ് കോങ്ങ് ഗിന്നസ് ബുക്കിൽ ഇടംപിടിച്ചു. സാധാരണ പോത്തുകളേക്കാൾ 20 ഇഞ്ച് ഉയരം കൂടുതലാണ് ഈ വമ്പന്. 2021 ഏപ്രിലിലായിരുന്നു കിങ് കോങ്ങിന്റെ ജനനം. ജനനസമയത്തെ സാധാരണ പോത്തിൻകുട്ടികളെ അപേക്ഷിച്ച് ഉയരക്കൂടുതൽ കിങ് കോങ്ങിനുണ്ടായിരുന്നു.
തായ്‌ലൻഡിലെ നഖോൻ റച്ചസിമയിലുള്ള നിൻലാനി ഫാമിലാണു കിങ് കോങ് ജീവിക്കുന്നത്. ഈ പോത്തിന്റെ അച്ഛനമ്മമാരും ഈ ഫാമിൽ തന്നെയാണ്. ഷെർപാറ്റ് വുട്ടി എന്ന വനിതയാണു കിങ് കോങ്ങിനെ പരിചരിക്കുന്നതും കാര്യങ്ങൾ നോക്കുന്നതും. പുലർച്ചെ ആറുമണിക്ക് എഴുന്നേൽക്കുന്ന കിങ് കോങ് കുളത്തിൽ കുറേനേരം കളിക്കും. പിന്നീട് ഫാം അധികൃതർ അവനെ കുളിപ്പിക്കും. അതിനുശേഷമാണു പ്രഭാതഭക്ഷണം. ദിവസവും 35 കിലോയോളം ഭക്ഷണം കിങ് കോങ് അകത്താക്കും. ഇത്രയും വലിയ ശരീരവും കരുത്തുമൊക്കെയുണ്ടെങ്കിലും ഈ പോത്ത് ആളൊരു പാവമാണ്. അനുസരണാശീലം നന്നായുള്ള കിങ് കോങ്ങിന് ആളുകൾക്കൊപ്പം ഇടപെടാനും കളിക്കാനുമൊക്കെ താൽപര്യമാണ്. ശരീരത്തിൽ ആരെങ്കിലുമൊക്കെ ചൊറിഞ്ഞുകൊടുക്കുന്നതും പോത്തിന് ഏറെ ഇഷ്ടമാണെന്നു ഷെർപാറ്റ് പറയുന്നു.

ഇന്ത്യയിലും തെക്കുകിഴക്കൻ ഏഷ്യയിലുമായാണു പോത്തുകൾ (വാട്ടർ ബഫലോ) ഉദ്ഭവിച്ചത്. പിന്നീട് ഇതു പല സ്ഥലങ്ങളിലേക്കു വ്യാപിച്ചു. ഇന്ന് തെക്കേ അമേരിക്ക, ഓസ്‌ട്രേലിയ, യൂറോപ്പ്, ഏഷ്യയിലെ വിവിധ രാജ്യങ്ങൾ എന്നിടങ്ങളിൽ പോത്തുകളെ വളർത്തുന്നുണ്ട്. നിലമുഴാനും പാലിനായും മാംസത്തിനായും പോത്തുകളും എരുമകളും ഉപയോഗിക്കപ്പെടുന്നു. ലോകത്ത് ഏറ്റവും കൂടുതൽ എരുമപ്പാൽ ഉൽപാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്.