ചത്ത മാനിന് പേവിഷബാധ സ്ഥിരീകരിച്ചു; ഉറവിടം അറിയാതെ മൃഗശാല: ജീവനക്കാർക്കും വാക്സീൻ

Mail This Article
തിരുവനന്തപുരം ∙ മൃഗശാലയിൽ ഞാറാഴ്ച ചത്ത മ്ലാവ് വർഗത്തിൽപ്പെടുന്ന മാനിന് (സാമ്പാർ ഡിയർ) പേവിഷബാധ സ്ഥിരീകരിച്ചു. പേവിഷ ബാധയുടെ ഉറവിടം കണ്ടെത്താനായില്ല. കീരികൾ, മരപ്പട്ടികൾ തുടങ്ങിയ മൃഗങ്ങൾ വഴിയാകാമെന്നാണ് കരുതുന്നത്. കൂടുതൽ മൃഗങ്ങൾക്ക് പേവിഷബാധയുണ്ടോയെന്ന കാര്യത്തിലും വ്യക്തതയില്ല. ഡയറക്ടർ പി.എസ്. മഞ്ജുളാദേവി അടിയന്തര യോഗം വിളിച്ചു.
തിങ്കളാഴ്ച മൃഗശാലയിൽ നടത്തിയ പോസ്റ്റുമാർട്ടത്തിലാണ് പേവിഷബാധ കണ്ടെത്തിയത്. മ്ലാവിനോട് അടുത്ത് ഇടപഴകിയ മുഴുവൻ ജീവനക്കാർക്കും പോസ്റ്റ് എക്സ്പോഷർ ആന്റി റാബീസ് വാക്സീൻ എടുക്കാൻ തീരുമാനിച്ചു. മറ്റു ജീവനക്കാർക്ക് പ്രൊഫൈലാക്ടിക് വാക്സീൻ എടുക്കാനും ധാരണയായി.
മ്ലാവിനെ പാർപ്പിച്ചിരുന്ന കൂടിനുള്ളിലെ മുഴുവൻ മൃഗങ്ങൾക്കും അടിയന്തരമായി ആന്റി റാബീസ് വാക്സീൻ നൽകാൻ വെറ്റിനറി സർജൻ ഡോ. നികേഷ് കിരണിന്റെ നേതൃത്വത്തിൽ ടീം രൂപീകരിച്ചു. മൃഗങ്ങൾക്കുള്ള വാക്സീനേഷൻ ഇന്നാരംഭിക്കും. ബയോ സെക്യൂരിറ്റി മേഖലയായതിനാൽ മ്യൂസിയം പരിധിക്ക് ഉള്ളിലെ തെരുവ് നായകളെ പിടികൂടി മാറ്റി പാർപ്പിക്കാനും തീരുമാനിച്ചു. ഇതിനായി കോർപറേഷന് കത്ത് നൽകും.
തെരുവ് പട്ടികൾ കൂട്ടിൽ കടന്ന് കയറി മ്ലാവിനെ ആക്രമിച്ചതാണോയെന്ന സംശയം ഉയർന്നിട്ടുണ്ട്. മ്ലാവുകൾക്ക് ഡെഡ് എന്റ് ഹോസ്റ്റ് ആയതിനാൽ ഇവയിൽ നിന്ന് മറ്റു മൃഗങ്ങളിലേക്ക് പേവിഷബാധയുണ്ടാകാൻ സാധ്യത കുറവാണെന്ന് അധികൃതർ അറിയിച്ചു. എല്ലാ മൃഗങ്ങൾക്കും വാർഷിക പേവിഷ പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നതിനാൽ നിലവിൽ മ്ലാവ് ഒഴികെയുളള മറ്റു മൃഗങ്ങൾക്ക് കുത്തിവയ്പ്പ് എടുക്കേണ്ടതില്ലെന്ന് വെറ്റിനറി സർജൻ ഡോ. നികേഷ് കിരൺ അറിയിച്ചു.