ഉടമ പറഞ്ഞിട്ടും അനുസരിച്ചില്ല; ഒറ്റക്കടിയിൽ മൂർഖനെ രണ്ട് കഷ്ണമാക്കി റോട്ട്‌വീലർ

Mail This Article
വീടുകളിൽ കയറുന്ന പാമ്പുകളെ പലപ്പോഴും തുരത്തി ഓടിക്കുന്നത് അരുമകളായിരിക്കും. സ്വന്തം ജീവൻ പണയംവച്ച് ഉടമകളെ രക്ഷിക്കുന്ന പൂച്ചയുടെയും നായ്ക്കളുടെയും നിരവധി വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കഴിഞ്ഞ ദിവസം ഒരു റോട്ട്‌വീലർ മൂർഖൻ പാമ്പിനെ കടിച്ച് രണ്ട് കഷ്ണങ്ങളാക്കുന്ന വിഡിയോ പുറത്തുവന്നിരുന്നു.
വീട്ടുമുറ്റത്തെ തെങ്ങിൻതടത്തിലേക്ക് നോക്കി ഹിറ്റ്‌ലർ എന്ന് റോട്ട്‌വീലർ കുരയ്ക്കുന്നതാണ് ദൃശ്യങ്ങളിൽ ആദ്യം കാണുന്നത്. അവിടെയെന്താണെന്ന് ചോദിച്ച് ഉടമ പിന്നാലെ വന്നു. അപ്പോഴാണ് പത്തിവിടർത്തിയ മൂർഖനെ കാണുന്നത്. വിഷമുള്ളതിനാൽ പിന്മാറാൻ ആവശ്യപ്പെട്ടെങ്കിലും ഹിറ്റ്‌ലർ തയാറായില്ല. കൊത്താൻ വന്ന പാമ്പിനെ കടിച്ചെടുത്ത് കുടഞ്ഞതോടെ രണ്ട് കഷ്ണങ്ങളായി. പാമ്പിന്റെ വലിയൊരു ഭാഗം വീട്ടുമുറ്റത്ത് തെറിച്ചുവീണു. തലയോട് ചേർന്ന ചെറിയ ഭാഗം ഹിറ്റ്ലർ വീണ്ടും കടിച്ചുകീറാൻ ശ്രമിച്ചു.
ഉടമ വേണ്ടെന്ന് ആവർത്തിച്ചു പറയുമ്പോഴും നായ അനുസരിക്കാത്തതിനെതിരെ നിരവധിപ്പേർ വിമർശിക്കുന്നുണ്ട്. ഇത്തരത്തിൽ അനുസരണയില്ലാത്ത നായ്ക്കൾ ഒരു ഘട്ടത്തിൽ ഉടമകളെ തന്നെ ആക്രമിക്കുമെന്ന് ചിലർ പറഞ്ഞു. എന്നാൽ ഉടമയെ രക്ഷിക്കാനാണ് നായ ശ്രമിച്ചതെന്നും മറ്റൊരു വിഭാഗം ന്യായീകരിച്ചു.