പുൽമേടുകൾക്ക് തീവച്ച് ഇരപിടിക്കുന്ന പക്ഷികൾ! ഓസ്ട്രേലിയയിലെ ഫയർഹോക് നിഗൂഢത

Mail This Article
ഓസ്ട്രേലിയയിൽ കാട്ടുതീ ഒരു സാധാരണ സംഭവമാണ്. വേനൽക്കാലത്ത് താപനില ഉയരുന്നതും ഇടിമിന്നലും മനുഷ്യപ്രവർത്തനങ്ങളും കാട്ടുതീയ്ക്ക് ഇടയാക്കാറുണ്ട്. എന്നാൽ മറ്റൊന്ന് കൂടി കാട്ടുതീയ്ക്ക് കാരണമാകുന്നുവെന്ന് തദ്ദേശവാസികൾ പറയുന്നു. ഒരു കൂട്ടം പക്ഷികൾ. ഓസ്ട്രേലിയയിലെ ബ്ലാക്ക് കൈറ്റ്, വിസ്‌ലിങ് കൈറ്റ്, ബ്രൗൺ ഫാൽക്കൺ എന്നിവയാണു പക്ഷിലോകത്തെ തീവയ്പുകാർ. ഇവയെ ഫയർഹോക്ക് എന്നാണു നാട്ടുകാർ വിളിക്കുന്നത്.

ഭക്ഷണം കണ്ടെത്താനായാണ് ഈ പക്ഷികളുടെ തീക്കളി. കാട്ടുതീ നടക്കുന്ന പ്രദേശങ്ങളിൽ നിന്ന് കത്തുന്ന ചുള്ളിക്കമ്പുകളും മറ്റും കാലിൽ വഹിച്ചുകൊണ്ടു പോവുകയും പുൽമേടുകളിൽ നിക്ഷേപിക്കുകയും ചെയ്യും. ഇങ്ങനെയുണ്ടാകുന്ന തീയിൽ പെട്ട് പുറത്തുചാടുന്ന പ്രാണികളെയും ചെറുജീവികളെയുമൊക്കെ ഇവ ഭക്ഷണമാക്കുന്നു.

ഈ പക്ഷികളെപ്പറ്റി ഗവേഷകർ ധാരാളം നിരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. ഈ പക്ഷികൾ ഇങ്ങനെ തീവയ്ക്കുന്നതിനെപ്പറ്റിയുള്ള നേരിട്ടുള്ള തെളിവുകൾ ഗവേഷകർക്ക് ഇതുവരെ ലഭിച്ചിട്ടില്ല. തീ ഫലപ്രദമായി ഭൂമിയിൽ ഉപയോഗിച്ച ഒരേയോരു ജീവിവർഗം മനുഷ്യരാണ്. തീയുടെ സാധ്യതകൾ തിരിച്ചറിഞ്ഞാണോ ഈ പക്ഷികൾ ഇങ്ങനെ ചെയ്യുന്നത് എന്നതു സംബന്ധിച്ച് സമഗ്രമായ തെളിവുകൾ ഇല്ല. എന്നാൽ ഓസ്ട്രേലിയയിലെ തദ്ദേശീയരും പുൽമേടുകളിലെ തീയണയ്ക്കാനെത്തുന്ന അഗ്നിശമനസേനാ ഉദ്യോഗസ്ഥരുമൊക്കെ പക്ഷികൾ ഇത് അറിഞ്ഞുകൊണ്ടുതന്നെ ചെയ്യുന്നതാണെന്ന് ഉറപ്പ് പറയുന്നു.
ഫയർഹോക് പക്ഷികളുടെ ഈ രീതികളെപ്പറ്റി ജേണൽ ഓഫ് എത്‌നോബയോളജി പോലുള്ള ശാസ്ത്രജേണലുകളിൽ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.