ദശലക്ഷക്കണക്കിനു വർഷങ്ങളായി ഒറ്റപ്പെട്ട ലോകം; മേഘങ്ങൾക്കിടയിൽ ഒഴുകുന്ന 'ദ്വീപ്'

Mail This Article
മൂന്നുവശങ്ങൾ... ത്രികോണം പോലെ ആകൃതിയുള്ള പീഠഭൂമിയാണു മൗണ്ട് റോറെയ്മ. തെക്കേ അമേരിക്കയിൽ ബ്രസീൽ, വെനസ്വേല, ഗയാന രാജ്യങ്ങളുടെ അതിർത്തിയിലാണ് ഈ പീഠഭൂമി സ്ഥിതി ചെയ്യുന്നത്. ഈ പീഠഭൂമിക്കു ചുറ്റും മിക്കപ്പോഴും മേഘങ്ങളുണ്ടാകും. അതിനാൽ റോറെയ്മയെ ആകാശത്തൊഴുകുന്ന ദ്വീപെന്നും വിശേഷിപ്പിക്കാറുണ്ട്.
ചുറ്റുമുള്ള പുൽമേട്ടിൽ നിന്ന് 2.8 കിലോമീറ്റർ പൊക്കത്തിലാണ് റോറെയ്മ ഉയർന്നുനിൽക്കുന്നത്. തറനിരപ്പിൽ ഒരു വമ്പൻ മേശ കിടക്കുന്നതുപോലെ റോറെയ്മ ഉയർന്നുനിൽക്കുകയാണ്. ഇത്തരം ഭൗമഘടനകൾ ടെപുയി എന്ന പേരിലാണ് അറിയപ്പെടുക. പുൽമേട്ടിലെ തദ്ദേശീയരുടെ വിശ്വാസപ്രകാരം ടെപുയികൾ പുണ്യസ്ഥലങ്ങളാണ്. മൗണ്ട് റോറെയ്മ ഇവരുടെ വിശ്വാസപ്രകാരം അദ്ഭുതശേഷികളുള്ള ഒരു മരത്തിന്റെ കുറ്റിയാണത്രേ റോറെയ്മ. ലോകത്തിലെ എല്ലാ പഴങ്ങളും പച്ചക്കറികളും ഉൽപാദിപ്പിച്ചിരുന്ന ഒരു മരമായിരുന്നു ഇവിടെ നിന്നത്. എന്നാൽ മാകുനെയ്മ എന്ന ദിവ്യശക്തികളുള്ള നായകൻ ഈ മരം മറിച്ചിട്ടു. ഇങ്ങനെയാണത്രേ കുറ്റി രൂപപ്പെട്ടത്.

ഈ മേഖലയിൽ നൂറിലേറെ ടെപുയികളുണ്ട്. ആദിമകാലത്തുണ്ടായിരുന്ന ഒരു കൂറ്റൻ മണൽപ്രദേശം കാലാന്തരത്തിൽ പാറയാകുകയും ഇതിന്റെ പല ഭാഗങ്ങളും ദ്രവിക്കുകയും ചെയ്തതാകാം ടെപുയികൾക്കു വഴിവച്ചതെന്നാണു ഗവേഷകർ കരുതുന്നത്. വളരെ അപൂർവ ജീവജാലങ്ങളും സസ്യങ്ങളുമടങ്ങിയ പ്രത്യേകമായ ഒരു ജൈവവ്യവസ്ഥ റോറെയ്മയിലുണ്ട്. ചുറ്റുമുള്ള മേഖലയിൽനിന്ന് 7 മുതൽ 9 കോടി വർഷങ്ങളായി ഇടകലരാതെ സംരക്ഷിക്കപ്പെട്ടിട്ടുള്ളതാണ് ഈ ജൈവ വ്യവസ്ഥ. റോറെയ്മയിൽ മാത്രമല്ല, ടെപുയികളിലെല്ലാം തന്നെ ഇത്തരം വ്യത്യസ്തമായ ജൈവവ്യവസ്ഥയാണ് സ്ഥിതി ചെയ്യുന്നത്. അപൂർവമായ ഓർക്കിഡുകളും മാംസഭോജികളായ ചെടികളുമൊക്കെ റോറെയ്മയിലുണ്ട്.
എന്നാൽ ചിലയിനം തവളകൾ പല ടെപുയികളും പൊതുവായി കാണപ്പെടാറുണ്ട്. ഈ തവളകൾക്ക് വിവിധ ടെപുയികളിലെത്താനുള്ള കഴിവാണ് ഇതു വെളിവാക്കുന്നത്. തേൻകുടിക്കുന്ന പക്ഷികൾ, റോറെയ്മ ബ്ലാക് ഫ്രോഗ് തുടങ്ങിയ അപൂർവജീവികളും ഈ മേഖലയിലുണ്ട്.