ADVERTISEMENT

മൊറീഷ്യസിൽ ഡൈവിങ് നടത്തുകയായിരുന്നു ബെനോയ്റ്റ് ജിറൂദോ എന്ന നൃത്തകലാകാരൻ. എന്നാൽ പെട്ടെന്നാണ് അപകടം ബെനോയ്റ്റിനെ തേടി വന്നത്. ഓഷ്യാനിക് വൈറ്റ്ടിപ് ഷാർക് എന്നറിയപ്പെടുന്ന സ്രാവ് പെട്ടെന്നുയർന്ന് ബെനോയ്റ്റിനെ ആക്രമിക്കാൻ എത്തുകയായിരുന്നു. കടലിലെ വലിയ വേട്ടക്കാരൻ ജീവികളിലൊന്നായ ജീവിയാണ് വൈറ്റ്ടിപ് ഷാർക്. എന്നാൽ, അപ്പോഴാണ് ഒരു അദ്ഭുതം സംഭവിച്ചത്. അതീവ ശരീരവലുപ്പമുള്ള 2 സ്‌പേം തിമിംഗലങ്ങൾ സ്രാവിന്റെ യാത്ര തടഞ്ഞു. അവ ബെനോയ്റ്റിനു ചുറ്റും ഒരു സംരക്ഷണകവചം തീർത്തു. 

ഒരു തിമിംഗലം സ്രാവിനെ കൂടുതൽ അകലേക്ക് ഓടിച്ചു. ഇതിനായി വാലിൽ ഒരു കടിയും വച്ചുകൊടുത്തു. മറ്റൊരു തിമിംഗലം സ്രാവിനും ബെനോയ്റ്റിനുമിടയിൽ സ്ഥിതി ചെയ്തു. കടലിൽ മനുഷ്യർക്ക് അപകടമുണ്ടാക്കുന്ന ജീവിയാണ് വൈറ്റ്ടിപ് സ്രാവ്. അത്തരമൊരു ഭീകരന്റെ വായിൽപെട്ടുപോകാമായിരുന്ന തന്നെ രക്ഷിച്ചതിനു ബെനോയ്റ്റ് സ്രാവുകൾക്ക് ഹൃദയപൂർവം നന്ദിപറയുകയാണ്. കടലിലെ ഈ അപാര രക്ഷാദൗത്യത്തിന്റെ വിഡിയോയും ബെനോയ്റ്റ് പുറത്തിറക്കി.

പണ്ടുകാലത്തെ തിമിംഗല വേട്ടയുടെ പ്രധാന ഇരകളിലൊന്നാണ് സ്‌പേം തിമിംഗലങ്ങൾ. തിമിംഗലത്തിന്റെ ബ്ലബർ എന്ന ഭാഗത്തു നിന്നുള്ള എണ്ണ അക്കാലത്ത് ദീപങ്ങളിലും മറ്റുമുപയോഗിക്കാനായി വൻ പൊതുജനാവശ്യമുണ്ടായിരുന്ന ഉൽപന്നമായിരുന്നു. ഇതിനായി സാഹസികർ വൻതോതിൽ തിമിംഗലങ്ങളെ വേട്ടയാടി. സ്‌പേം തിമിംഗലങ്ങളുടെ എണ്ണയ്ക്ക് നിലവാരം കൂടുതലായിരുന്നതിനാൽ ഇവയായിരുന്നു വേട്ടക്കാരുടെ പ്രധാന ലക്ഷ്യം.

പിൽക്കാലത്ത് തിമിംഗല എണ്ണയ്ക്ക് ഡിമാൻഡ് കുറഞ്ഞതോടെ വേട്ടയും കുറഞ്ഞു. എന്നാൽ ഇന്നും സമുദ്രമലിനീകരണവും കപ്പലപകടങ്ങളും നിമിത്തം ഒട്ടേറെ സ്‌പേം തിമിംഗലങ്ങൾ ലോകമെമ്പാടും കൊല്ലപ്പെടുന്നുണ്ട്. 1851 നവംബർ 14ന് പ്രസിദ്ധീകരിക്കപ്പെട്ട 'മോബിഡിക്' എന്ന  നോവലിലെ പ്രധാനകഥാപാത്രങ്ങളിലൊന്ന് ഒരു സ്‌പേം തിമിംഗലമാണ്. മെവില്ലെയുടെ മരണശേഷം ഇരുപതാം നൂറ്റാണ്ടിൽ ഈ നോവലിന് ആരാധകരേറെയുണ്ടാകുകയും ചൂടപ്പം പോലെ കോപ്പികൾ വിറ്റുപോകുകയും ചെയ്തു.

English Summary:

Sperm Whales Rescue Diver from Shark Attack in Mauritius!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com