ഒടുവിൽ തിരിച്ചറിഞ്ഞു, മരതകചാത്തനെയും തുടലിമിന്നനെയും; നെയ്യാർ ഒരു സംഭവം തന്നെ!

Mail This Article
തിരുവനന്തപുരം ∙ കേരളത്തിന് അഴകായി പുതിയ ശലഭങ്ങളും തുമ്പികളും. ബറോനെറ്റ്–സിംഡ്രിയ നൈസ് (അഗ്നിവർണൻ), സഫ്യൂസ്ഡ് ഡബിൾ ബാൻഡഡ് ജൂഡി (വിഴാലശലഭം / ഇരുവരയൻ ആട്ടക്കാരൻ), ബ്രൈറ്റ് ബാബുൾ ബ്ലൂ (ബാബുൾ ബ്ലൂ), പ്ലെയിൻ ബാൻഡെഡ് ഓൾ (കാട്ടുവരയൻ ആര), ഡാർക്ക് സിലോൺ സിക്സ് ലൈൻ ബ്ലൂ (ഇരുളൻ സിലോൺ നീലി), ഇന്ത്യൻ വൈറ്റ് നിപ്പഡ് ലൈൻ ബ്ലൂ (വെള്ളത്തുമ്പുവരയൻ നീലി), മലബാർ ഫ്ലാഷ് (തുടലിമിന്നൻ) എന്നീ ചിത്രശലഭങ്ങളെയാണ് തിരിച്ചറിഞ്ഞത്.
മിസ്റ്റിക്ക സഫയർ (മേഘവർണൻ), സ്‌പ്ലെൻഡിഡ് ഡാർട്‌ലെറ്റ് (കാട്ടുപുൽച്ചിന്നൻ), ബ്ലാക്ക് ടൊറന്റ് ഡാർട് (കരിമ്പൻ അരുവിയൻ), ബ്ലൂ സ്ട്രൈപ്ഡ് ത്രെഡ് ടെയിൽ (മഞ്ഞക്കറുപ്പൻ മുളവാലൻ), പാരക്കീറ്റ് ഡാർണർ (മരതകചാത്തൻ/ തത്തമ്മത്തുമ്പി) എന്നീ തുമ്പികളെക്കൂടി തിരിച്ചറിഞ്ഞതോടെ നെയ്യാറിലെ തുമ്പി ഇനങ്ങൾ 111 ആയി.

ഏഷ്യൻ ഓപ്പൺ ബിൽ അനസ്റ്റോമസ് ഓസിറ്റൻസ് (ചേരാ കൊക്കൻ) വൂളി-നെക്ക്ഡ് സ്റ്റോർക്ക്– സിക്കോണിയ എപ്പിസ്കോപ്പസ് (കരിങ്കൊക്ക്) സ്പോട്ടഡ് ഓൾ (പുള്ളി നത്ത്) എന്നിവ ആദ്യമായാണ് ഈ മേഖലയിൽ രേഖപ്പെടുത്തുന്നത്. ഇതോടെ നെയ്യാറിൽ ഇതുവരെ സാന്നിധ്യം അറിയിച്ച പക്ഷികളുടെ എണ്ണം 302 ആയി.
പേപ്പാറ വന്യജീവിസങ്കേതത്തിൽ സ്പോട്ടഡ് ഓൾ (പുള്ളി നത്ത്) ആണ് പുതിയ പക്ഷി. സഫ്യൂസ്ഡ് ഡബിൾ ബാൻഡഡ് ജൂഡി (വിഴാലശലഭം / ഇരുവരയൻ ആട്ടക്കാരൻ), സഹ്യാദ്രി വൈറ്റ് ഹെഡ്ജ് ബ്ലൂ (വെള്ളിനീലി), ട്രാവൻകൂർ ടാണി ഐയിസ് (മലശരവേഗൻ), എന്നീ പുതിയ 3 ശലഭങ്ങളെ കണ്ടെത്തി. ഫോറസ്റ്റ് ലൈറെറ്റൈൽ (ഷോല കടുവ), അഗസ്ത്യമല റീഡ് ടെയിൽ (അഗസ്ത്യമല നിഴൽതുമ്പി) എന്നിവയും പുതിയവയാണ്. തിരുവനന്തപുരം ആസ്ഥാനമായ ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റിയുമായി (ടിഎൻഎച്ച്എസ്) സഹകരിച്ച് വനം വകുപ്പാണു സർവേ നടത്തിയത്.