ADVERTISEMENT

വളരെ അപൂർവതയുള്ള ഒരു ജലാശയമാണ് തുർക്കിയിലെ സൽഡ തടാകം. ചൊവ്വയിലെ ജെസീറോ എന്ന ഗർത്തവുമായി വലിയ സാധ്യതയാണു സൽഡയ്ക്കുള്ളത്. ജെസീറോ ചൊവ്വയിലെ പ്രശസ്തമായ ഒരു ഗർത്തമാണ്. നാസയുടെ പെഴ്‌സിവീയറൻസ് എന്ന റോവർ ദൗത്യം ഇറങ്ങിയ മേഖലയാണ് ഇത്. പെഴ്‌സിവീയറൻസിനെ വിക്ഷേപിക്കുന്നതിന് മുൻപ് ഒരു കൂട്ടം ശാസ്ത്രജ്ഞർ ഈ തടാകത്തിലെത്തി പഠനങ്ങൾ നടത്തിയിരുന്നു.196 മീറ്റർ ആഴമുള്ള ഈ തടാകത്തിന്റെ കരപ്രദേശമെല്ലാം ഹൈഡ്രോമാഗ്നസൈറ്റ് എന്ന ധാതുവാൽ സമ്പുഷ്ടമാണ്. പ്രാചീനകാല സൂക്ഷ്മജീവികളെക്കുറിച്ചുള്ള വിവരങ്ങളും ഇതിലുണ്ട്. ജെസീറോയിലും ഇത്തരത്തിൽ ധാതുക്കളുണ്ട്.

2020 ജൂലൈ 30നു വിക്ഷേപിച്ച പെഴ്‌സിവീയറൻസ് ദൗത്യം 7 മാസം കൊണ്ട് 48 കോടി കിലോമീറ്റർ സഞ്ചരിച്ചാണു ചൊവ്വയിലെത്തിയത്. ചൊവ്വയിലെത്തുന്ന അഞ്ചാമത്തെ റോവറാണ് പെഴ്‌സിവീയറൻസ്. സോജണർ, ഓപ്പർച്യൂണിറ്റി, സ്പിരിറ്റ്, ക്യൂരിയോസിറ്റി എന്നിവയാണ് മറ്റുള്ളവ. ഇൻജെന്യൂയിറ്റി എന്ന ചെറു ഹെലിക്കോപ്റ്ററിനെയും റോവർ വഹിച്ചിരുന്നു.

പെഴ്സിവീയറൻസ് ഇറങ്ങിയ ജെസീറോ ക്രേറ്റർ ചൊവ്വയിലെ ഒരു ദുരൂഹമേഖലയാണ്. ഗ്രഹത്തിന്റെ വടക്കൻ മേഖലയിലെ സിർട്ടിസ് ക്വോഡ്രാംഗിൾ എന്ന പ്രദേശത്ത് 50 കിലോമീറ്ററോളം ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന ജെസീറോ ഇപ്പോൾ വരണ്ടു കിടക്കുകയാണെങ്കിലും ആദിമ കാലത്ത് ഇവിടേക്കു നദികൾ ഒഴുകിയിരുന്നു. ആ ജലം കെട്ടി നിന്ന് ഇവിടെ ഒരു തടാകവും ഉടലെടുത്തിരുന്നു. ചൊവ്വയുടെ ഒരു വിദൂര ഭൂതക്കാലത്ത് ഇവിടെ ജീവൻ തുടിച്ചിരുന്നെന്നും ശാസ്ത്രജ്ഞർക്ക് പ്രതീക്ഷയുണ്ട്.

ഇന്നും അതിന്റെ ഫലമായി ഇവിടത്തെ മണ്ണിൽ ചെളിയുടെ അംശം കൂടുതലാണെന്ന് നാസയിലേതുൾപ്പെടെ ശാസ്ത്രജ്ഞർ സാക്ഷ്യപ്പെടുത്തുന്നു. പഴയകാലത്തുണ്ടായിരുന്ന ജീവന്റെ സൂക്ഷ്മഫോസിലുകൾ ഇപ്പോഴും ഇവിടെ കാണാമായിരിക്കും. അത് അന്വേഷിക്കലാണ് പെഴ്സിവീയറൻസിന്റെ പ്രധാന ജോലി. എന്നാൽ ജീവന്റെ തെളിവല്ല, ഒരു പക്ഷേ സൂക്ഷ്മകോശരൂപത്തിൽ ജീവൻ തന്നെ നിലനിൽക്കുന്ന സാധ്യത തള്ളിക്കളയാനാകില്ല. നേർത്ത അന്തരീക്ഷവും വ്യത്യസ്തമായ ധാതുഘടനയും ഉയർന്ന തോതിൽ ഉപരിതലത്തിൽ എത്തുന്ന വികിരണങ്ങളുമൊക്കെ കാരണം നിലവിൽ ചൊവ്വയിൽ ജീവൻ ഉണ്ടാകാൻ യാതൊരു സാധ്യതയും ശാസ്ത്രജ്ഞർ കൽപിക്കുന്നില്ല.

English Summary:

Lake Salda: Earth's Mars Analogue – A Window into the Red Planet's Past

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com