മ്യാൻമറിൽ ഭൂകമ്പത്തിന് പിന്നാലെ ഭൗമോപരിതലത്തിൽ വിള്ളൽ; 500 കി.മീ നീളത്തിൽ: ഉപഗ്രഹ ദൃശ്യങ്ങൾ പുറത്ത്

Mail This Article
മ്യാൻമറിലെ അതിശക്തമായ ഭൂകമ്പത്തിൽ 3000ത്തിലധികം പേർക്കാണ് ജീവൻ നഷ്ടമായത്. മാർച്ച് 29നാണ് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടാകുന്നത്. മ്യാൻമറിലെ രണ്ടാമത്തെ വലിയ നഗരമായ മാന്‍ഡെലെയ്ക്ക് സമീപമായിരുന്നു പ്രഭവകേന്ദ്രം. അതിനാൽ തന്നെ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായതും മാൻഡെലെയിലാണ്. പ്രകമ്പനത്തിന്റെ ഫലമായി ഇവിടെ വലിയ വിള്ളൽ കണ്ടെത്തിയിരിക്കുകയാണ്. 500 കിലോമീറ്റർ വരെ വ്യാപിച്ചുകിടക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ഭൗമോപരിതലത്തിലെ വിള്ളൽ വ്യക്തമാകുന്ന ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. കിഴക്ക്–പടിഞ്ഞാറ്, വടക്ക്– തെക്ക് ദിശകളിലായി വലിയതോതിൽ സ്ഥാനചലനങ്ങൾ ഉണ്ടായി. ജനസാന്ദ്രത ഏറെയുള്ള മാൻഡെലെയിലെ ദുരന്തത്തിന്റെ തീവ്രത ഇതിലൂടെ കൂടുതൽ വ്യക്തമാണ്. വിള്ളൽ അഞ്ച് മീറ്റർ വരെ ആഴമുള്ളവയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഉച്ചയ്ക്ക് 12.50ഓടെയാണ് ആദ്യ ഭൂകമ്പം ഉണ്ടാകുന്നത്. പിന്നാലെ 6.8 തീവ്രതയിൽ മറ്റൊരു ഭൂകമ്പം കൂടി ഉണ്ടായി. ഇതോടെ നിരവധി കെട്ടിടസമുച്ഛയങ്ങൾ തകർന്നുവീഴുകയായിരുന്നു. പിന്നീട് തുടർചലനങ്ങളും പ്രദേശത്ത് അനുഭവപ്പെട്ടിരുന്നു. തായ്‍ലൻഡ്, ചൈന, വിയറ്റ്നാം എന്നിവിടങ്ങളിലും നാശനഷ്ടങ്ങൾ ഉണ്ടായി.