ജപ്പാനിലെ പ്രശ്നക്കാരൻ അഗ്നിപർവതം! ഈ വർഷം പൊട്ടിത്തെറിച്ചത് 44 തവണ

Mail This Article
ജപ്പാനിലെ പടിഞ്ഞാറൻ ദ്വീപായ ക്യൂഷുവിലെ സകുരാജിമ എന്ന അഗ്നിപർവതം കഴിഞ്ഞദിവസം വിസ്‌ഫോടനം നടത്തി. ഈ വർഷം അഗ്നിപർവതം നടത്തിയ 44ാം പൊട്ടിത്തെറിയായിരുന്നു ഇത്. 8200 അടി ഉയരത്തിലേക്ക് അഗ്നിപർവതത്തിന്റെ പുകയും ചാരവും ഉയരുന്നതിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞദിവസം ശ്രദ്ധ നേടി.
ജപ്പാനിലെ ഏറ്റവും സജീവമായ അഗ്നിപർവതങ്ങളിൽ ഒന്നാണ് സകുരാജിമ. സ്ട്രാറ്റോവോൾക്കാനോ എന്ന ഗണത്തിൽ പെടുന്ന ഇതിന് മൂന്ന് കൊടുമുടികളുണ്ട്. മിനാമി ഡാക്കേ എന്നറിയപ്പെടുന്ന തെക്കൻ കൊടുമുടിയാണു സജീവമായതും അഗ്നിമുഖമുള്ളതും.
സകുരാജിമയുടെ പൊട്ടിത്തെറി കാരണം വലിയ അളവിൽ ലാവാപ്രവാഹമുണ്ടാകാറുണ്ട് . കാഗോഷിമ എന്ന വലിയ നഗരവും അഗ്നിപർവതത്തിനു സമീപത്തായി സ്ഥിതി ചെയ്യുന്നുണ്ട്. അഗ്നിപർവതമേഖലയിൽ നിന്ന് വടക്കുകിഴക്കൻ ദിശയിൽ അൽപം ദൂരെമാറി സെൻഡായി ന്യൂക്ലിയർ പവർ പ്ലാന്റ് എന്ന ആണവനിലയവും സ്ഥിതി ചെയ്യുന്നുണ്ട്. ഇതിനാൽ തന്നെ സകുരാജിമ അഗ്നിപർവതം പൊട്ടിത്തെറിക്കുന്നത് അധികാരികളെ ജാഗരൂകരാക്കാറുണ്ട്.
1914ൽ സകുരാജിമ അഗ്നിപർവതം പൊട്ടിത്തെറിച്ചത് 58 പേരുടെ മരണത്തിനിടയാക്കി. വലിയ തോതിലുള്ള ലാവാപ്രവാഹവും ഭൂചലനങ്ങളും തുടർഭൂചലനങ്ങളും ഇതിന്റെ ഭാഗമായി ഉടലെടുത്തു.1955 മുതൽ കൃത്യമായ ഇടവേളകളിൽ ഈ അഗ്നിപർവതം പൊട്ടിത്തെറിക്കുന്നുണ്ട്. 1991ൽ യുഎൻ സംഘങ്ങൾ ഈ അഗ്നിപർവതത്തെപ്പറ്റി പഠനം നടത്തിയിരുന്നു.