ഏഴടി നീളം...ഏഷ്യയിലെ ഏറ്റവും വലിയ കടുവ ഉത്തരാഖണ്ഡിൽ! പേര് ഹെർക്കുലീസ്

Mail This Article
ഉത്തരാഖണ്ഡിലെ രാംനഗർ മേഖലയിൽ പ്രത്യക്ഷപ്പെട്ടത് ഏഷ്യയിലെ ഏറ്റവും വലിയ കടുവയെന്ന് അഭ്യൂഹം. ഹെർക്കുലീസ് എന്നു പേരിട്ടിരിക്കുന്ന കടുവയ്ക്ക് 7 അടിയോളം നീളവും 300 കിലോ ഭാരവുമുണ്ട്. ഇതാണ് ഏഷ്യയിലെ ഏറ്റവും വലിയ കടുവയാണ് ഇതെന്ന് അഭ്യൂഹമുയരാൻ കാരണം.
ഉത്തരാഖണ്ഡിലെ ഫാറ്റോ ടൂറിസം സോണിലാണു കടുവ പ്രത്യക്ഷപ്പെട്ടത്. തന്റെ കരിയറിൽ ഇത്രയും വലിയൊരു കടുവയെ താൻ കണ്ടിട്ടില്ലെന്ന് ടെറായ് വെസ്റ്റ് ഫോറസ്റ്റ് ഡിവിഷൻ ഡിഎഫ്ഒ പ്രകാശ് ആര്യ അറിയിച്ചു. ഇത്രയും വലുപ്പമുള്ള കടുവകളിലൊന്നിനെ ഈ മേഖലയിൽ നേരത്തെ കണ്ടിട്ടില്ലെന്നും വനംവകുപ്പ് അറിയിച്ചു. 2022ലെ കണക്കുകൾ അനുസരിച്ച് 560 കടുവകളാണ് ഉത്തരാഖണ്ഡിലുള്ളത്. ഇന്ത്യയിൽ കടുവകളുടെ അംഗസംഖ്യ ഏറ്റവും കൂടിയ സംസ്ഥാനങ്ങളിലൊന്നുമാണ് ഉത്തരാഖണ്ഡ്. സംസ്ഥാനത്തെ പരിസ്ഥിതിയും സാഹചര്യങ്ങളും കടുവകളുടെ വളർച്ചയ്ക്ക് വളരെയേറെ സഹായകമാണ്.
2022ലെ ടൈഗർ സെൻസസ് അറിയിച്ച് ഇന്ത്യയിലെ ആകെയുള്ള കടുവകളുടെ എണ്ണം 3682നും 3925നും ഇടയിലാണ്. മധ്യപ്രദേശാണ് ഏറ്റവും കൂടുതൽ കടുവകൾ ഉള്ള സംസ്ഥാനം, 785 കടുവകളാണ് ഇവിടെയുള്ളത്. കർണാടകയിൽ 563 കടുവകളാണുള്ളത്. ഇന്ന് ബംഗാൾ, സൗത്ത് ചൈന, ഇൻഡോ ചൈനീസ്, അമുർ (സൈബീരിയൻ ഉൾപ്പെടെ), സുമാത്രൻ എന്നീ 5 വിഭാഗങ്ങളിലെ കടുവകളാണ് ലോകത്തുള്ളത്. ഇതിൽ അമുർ വിഭാഗത്തിൽപ്പെട്ട കടുവകളാണ് ഏറ്റവും കൂടുതൽ വലുപ്പമുള്ളളയായി കണക്കാക്കപ്പെടുന്നത്.