ADVERTISEMENT

സംസ്ഥാനത്ത് കഴിഞ്ഞ വർഷം 3,16,793 പേർക്ക് തെരുവു നായ്ക്കളുടെ കടിയേറ്റു എന്നാണ് കണക്ക്. ഇതിൽ ഏറ്റവും കൂടുതൽ പേർ ആക്രമണത്തിന് ഇരയായത് തിരുവനന്തപുരത്താണ്. നഗരത്തിൽ 8679 തെരുവുനായ്ക്കൾ ഉണ്ടെന്നാണ് സർവേയിൽ കണ്ടെത്തിയിരിക്കുന്നത്. പേവിഷബാധയുള്ള നായ്ക്കളുടെ തലച്ചോറിന്റെ പ്രവർത്തനം തകരാറിലാണെന്നതിനാൽ പ്രകോപനമില്ലാതെ ആരെയും ആക്രമിക്കാം. അത്തരം സന്ദർഭങ്ങളിൽ അടുത്തേക്കു പോകുകയോ കല്ലെറിഞ്ഞും മറ്റും പ്രകോപിപ്പിക്കുകയോ ചെയ്യരുത്. ഭക്ഷണം നൽകിയോ മറ്റോ മെരുക്കാനുമാകില്ല.

നായ ആക്രമിക്കുമെന്നു തോന്നിയാൽ, നിങ്ങൾ തനിച്ചാണെങ്കിൽ, എടുക്കേണ്ട മുൻകരുതലുകൾ:

∙ സഹായത്തിന് ആരെങ്കിലും എത്തുംവരെ താൽക്കാലിക പ്രതിരോധം തീർക്കുക. കയ്യിൽ കുടയോ ബാഗോ വടിയോ ഉണ്ടെങ്കിൽ നീട്ടിപ്പിടിച്ച് ഇടത്തോട്ടും വലത്തോട്ടും വീശുക. പ്രതിരോധിക്കാനുള്ള വസ്തു ഉയർത്തി നായയെ ആഞ്ഞടിക്കാൻ ശ്രമിക്കരുത്. വടിയും മറ്റും ഉയർത്തുമ്പോൾ നായയ്ക്കും നിങ്ങൾക്കുമിടയിലെ മേഖല ഒഴിഞ്ഞുകിടക്കും, നായ ചാടിവീഴും.

∙ പേടിക്കുമ്പോഴോ ദേഷ്യം വരുമ്പോഴോ ആണ് തെരുവുനായ്ക്കൾ ആക്രമിക്കുന്നത്. നായ്ക്കളെ തുറിച്ചുനോക്കരുത്. ആക്രമിക്കുമെന്ന ഭയത്തിൽ അവ കടിക്കാൻ സാധ്യതയുണ്ട്.

∙ നായയെക്കണ്ട് ഓടിയാൽ അതു പിന്നാലെയെത്തും. സാവധാനം നടന്നുനീങ്ങുന്നതാണു നല്ലത്. ഓടുന്നതിനിടെ വീഴുന്നവർ മാരക ആക്രമണം നേരിടാറുണ്ട്. കഴുത്തിനു മുകളിലാകും മിക്കപ്പോഴും കടിയേൽക്കുക. പേവിഷം അതിവേഗം തലച്ചോറിലെത്തുമെന്നതിനാൽ, വീണുപോയാൽ ചുരുണ്ടുകിടന്ന് തലയിൽ കടി കൊള്ളാതെ നോക്കണം.

തെരുവുനായ്ക്കൾക്ക് പേവിഷബാധയ്ക്കെതിരെ പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നതാനായി ആലപ്പുഴ കൊമ്മാടിക്ക് സമീപം റോഡരികിലെ നായ്ക്കളെ പിടിക്കുന്ന സന്നദ്ധ പ്രവർത്തകൻ. മൂന്ന് വർഷത്തെ കണക്കനുസരിച്ച് 1295 നായ്ക്കൾക്കാണ് കുത്തിവയ്പ്പ് നൽകാനുള്ളത്. കുത്തിവയ്ച്ച നായ്ക്കളെ തിരിച്ചറിയാൻ ദേഹത്ത് സ്പ്രേ പെയിന്റ് അടിക്കും. മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടർമാരും 4 ലൈവ് സ്റ്റോക് അസിസ്റ്റന്റുമാരും നായ്ക്കളെ പിടിക്കുന്ന സന്നദ്ധ പ്രവർത്തകരും അടങ്ങുന്ന 2 സംഘങ്ങളാണ് കുത്തിവയ്പ്പ് നൽകുന്നത്.
തെരുവുനായ്ക്കൾക്ക് പേവിഷബാധയ്ക്കെതിരെ പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നതാനായി ആലപ്പുഴ കൊമ്മാടിക്ക് സമീപം റോഡരികിലെ നായ്ക്കളെ പിടിക്കുന്ന സന്നദ്ധ പ്രവർത്തകൻ.

കടിയേറ്റാൽ ചികിത്സ

∙ കടിയേറ്റതോ നഖംകൊണ്ടു മുറിഞ്ഞതോ ആയ ഭാഗം ഒഴുകുന്ന വെള്ളത്തിൽ 15 മിനിറ്റ് സോപ്പിട്ടു കഴുകണം. കാരത്തിന്റെ അളവ് കൂടുതലുള്ള അലക്കുസോപ്പ് ഏറെ നല്ലത്. മുറിവ് മൂടിവയ്ക്കുക, തുന്നൽ ഇടുക, മഞ്ഞൾപ്പൊടിയോ മറ്റോ പുരട്ടുക എന്നിവ ദോഷം ചെയ്യും.

∙ വൈറ്റമിൻ സി അടങ്ങിയ നാരങ്ങാനീര് വൈറസ് പ്രതിരോധത്തിനു നല്ലതാണ്. മുറിവു കഴുകിയ ശേഷം പ്രയോഗിക്കാം.

∙ ഉടൻ ആശുപത്രിയിലെത്തി ചികിത്സ തേടണം.

ഇവയും ഭീഷണി

നായയ്ക്കു പുറമേ പൂച്ച, വവ്വാൽ, കുരങ്ങ്, പെരുച്ചാഴി (എലി) എന്നിവയിലൂടെയും പേവിഷബാധയേൽക്കാം. വളർത്തുമൃഗങ്ങൾക്ക് യഥാസമയം പ്രതിരോധ കുത്തിവയ്പ് എടുക്കണം.

ചികിത്സ ഇങ്ങനെ

കാറ്റഗറി–1

∙മൃഗങ്ങളെ തൊടുക, ഭക്ഷണം കൊടുക്കുക, മുറിവുകൾ ഇല്ലാത്ത തൊലിപ്പുറത്തു മൃഗങ്ങൾ നക്കുക.

> സോപ്പും വെള്ളവും ഉപയോഗിച്ചു കഴുകുക

പത്തനംതിട്ടയിലെ നഗരപ്രദേശത്ത് അലഞ്ഞു നടക്കുന്ന തെരുവുനായ്ക്കളുടെ കൂട്ടം. (ചിത്രം: മനോരമ)
പത്തനംതിട്ടയിലെ നഗരപ്രദേശത്ത് അലഞ്ഞു നടക്കുന്ന തെരുവുനായ്ക്കളുടെ കൂട്ടം. (ചിത്രം: മനോരമ)

കാറ്റഗറി– 2

∙തൊലിപ്പുറത്തെ മാന്തൽ, രക്തം വരാത്ത ചെറിയ പോറലുകൾ

> പ്രതിരോധ കുത്തിവയ്പ് എടുക്കണം

കാറ്റഗറി–3

∙രക്തം പൊടിയുന്ന മുറിവുകൾ, മുറിവുള്ള തൊലിപ്പുറത്തെ നക്കൽ, ചുണ്ടിലോ വായിലോ നക്കൽ, കടി.

> ഇൻട്രാഡെർമൽ റേബീസ് വാക്സിനേഷൻ (ഐഡിആർവി), ഹ്യുമൻ റേബീസ് ഇമ്യൂണോഗ്ലോബുലിൻ കുത്തിവയ്പുകൾ എടുക്കണം. (ഐഡിആർവി ശരീരത്തിൽ പ്രതിരോധ ആന്റിബോഡികൾ സൃഷ്ടിക്കാൻ എടുക്കുന്ന സമയത്തിനുള്ളിൽ അതിവേഗ പ്രതിരോധം തീർക്കാനാണു മുറിവിനു ചുറ്റും ഇമ്യൂണോഗ്ലോബുലിൻ കുത്തിവയ്ക്കുന്നത്.)

> കുത്തിവയ്പ് എടുക്കേണ്ട ദിവസങ്ങൾ - 0, 3, 7, 28

മൃഗങ്ങളുമായി നിരന്തരം സമ്പർക്കമുണ്ടെങ്കിൽ

പേവിഷ പ്രതിരോധത്തിനായി വാക്സീൻ മുൻകൂട്ടി എടുക്കണം. എടുക്കേണ്ടത് 3 ഡോസ് വാക്സീൻ: ദിവസക്രമം: 0, 7, 21/28. പിന്നീട് കടിയേറ്റാൽ ഇമ്യൂണോഗ്ലോബുലിൻ കുത്തിവയ്ക്കേണ്ടതില്ല.

പേപ്പട്ടിയെ തിരിച്ചറിയാം

∙ പതിവിലും കൂടുതൽ ഉമിനീർ വായിലൂടെ പതഞ്ഞ് ഒലിച്ചുകൊണ്ടിരിക്കും.

∙ ലക്ഷ്യബോധമില്ലാതെ വേച്ചുവേച്ചാകും നടക്കുക.

∙ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും വിമുഖത കാണിക്കും.

∙ രോഗബാധ തുടങ്ങുമ്പോൾ ശബ്ദം നേർത്തതായി വരും. പിന്നിലെ കാലുകൾ തളരും. 10 ദിവസത്തിനകം ചാകും.

∙ തളർന്ന നിലയിലുള്ള നായ്ക്കളെ ശുശ്രൂഷിക്കാൻ ശ്രമിക്കരുത്. ഉടൻ മൃഗാശുപത്രിയിൽ അറിയിക്കണം.

വിവരങ്ങൾക്കു കടപ്പാട്: ആരോഗ്യ ഡയറക്ടറേറ്റ്, ഡോ. ഡി.ഷൈൻകുമാർ- പ്രിൻസിപ്പൽ ട്രെയ്നിങ് ഓഫിസർ, സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്

English Summary:

This article provides vital information on dog bites, rabies prevention and treatment, focusing on the high number of cases in Thiruvananthapuram, Kerala. Learn how to protect yourself from attacks, treat bites, and recognize signs of rabies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com