‘ഞാൻ നല്ല നായയാണ്, എന്നെ ആരെങ്കിലും ദത്തെടുക്കൂ...’: വൈകാരിക കുറിപ്പുമായി പിറ്റ്ബുൾ

Mail This Article
അറ്റ്‌ലാന്റയിലെ പീഡ്മോണ്ട് പാർക്കിൽ ഉപേക്ഷിക്കപ്പെട്ട പിറ്റ്ബുൾ–ബോക്സർ മിക്സ് നായ്ക്കുട്ടിയുടെ കഴുത്തിൽ തൂക്കിയ രസകരമായ കുറിപ്പ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. താൻ നല്ല നായ ആണെന്നും ആരെങ്കിലും അഭയം നൽകണമെന്നുമാണ് കുറിപ്പിൽ പറയുന്നത്. 5 വയസ്സുള്ള നായ്ക്കുട്ടിയുടെ പേര് ആൻഡ്രേ എന്നാണ്.

‘ഹായ്, എന്റെ പേര് ആൻഡ്രേ. അഞ്ച് വയസ്സുണ്ട്. ഞാൻ ജനിച്ചത് 2020 ജൂൺ 14നാണ്. എന്റെ പിതാവിന് വീടില്ലാത്ത അവസ്ഥയാണ്. എന്നെ ആരും ഏറ്റെടുക്കാൻ തയാറാകുന്നില്ല. ഞാൻ ശരിക്കും നല്ല നായയാണ്. എന്നെ ആരും ഏറ്റെടുക്കാത്തതിനാൽ എന്റെ പിതാവ് തകർന്നിരിക്കുകയാണ്. ദയ കാണിക്കണം’ – കുറിപ്പിൽ പറയുന്നു.
ജനുവരിയിലാണ് ആദ്യമായി അഭയകേന്ദ്രം തേടിയുള്ള ആൻഡ്രേയുടെ കഥ പുറത്തുവന്നത്. പിന്നീട് പലയിടത്തും കുറിപ്പ് പ്രചരിച്ചു. മാധ്യമങ്ങൾ ഏറ്റെടുത്തു. പരിപാലിക്കാൻ കഴിയാത്തതിനാൽ ഉടമ ഉപേക്ഷിച്ചതാകുമെന്നും സുരക്ഷിതനാകാനാണ് പാർക്കിൽ തന്നെ കൊണ്ടുവിട്ടതെന്നും ചിലർ കുറിച്ചു. പുതിയ റിപ്പോർട്ട് അനുസരിച്ച് ആൻഡ്രേയിൽ മേയ് ആദ്യവാരത്തോടെ അറ്റ്‌ലാന്റയിലെ ഫോറസ്റ്റ് ഹോമിൽ അഭയം ലഭിച്ചു.