കടൽപക്ഷികളുടെ ഹോർമോണുകളെ തടസ്സപ്പെടുത്തി പ്ലാസ്റ്റിക്; ഭീഷണി ചിന്തിക്കുന്നതിലും വലുത്

Mail This Article
മനുഷ്യൻ ഇന്ന് പ്ലാസ്റ്റിക്കിനോളം നേരിടുന്ന മറ്റൊരു ഭീഷണിയില്ല. എവറസ്റ്റ് കൊടുമുടി മുതൽ മരിയാന ട്രഞ്ച് വരെ പ്ലാസ്റ്റിക് കടന്നെത്തിക്കഴിഞ്ഞു. ഇനി ഈ വിപത്തിൽ നിന്ന് ഭൂമിക്ക് ഒരു മോചനം എങ്ങനെ എന്നത് ഏറ്റവും ചിന്തിക്കേണ്ട വിഷയമാണ്. പ്ലാസ്റ്റിക് മൂലമുള്ള സമുദ്ര മലിനീകരണം കടൽ ജീവികളെ എത്രത്തോളം വിപരീതമായി ബാധിക്കുന്നു എന്നതു സംബന്ധിച്ച് ധാരാളം ഗവേഷണങ്ങളും നിരീക്ഷണങ്ങളും നടന്നിട്ടുണ്ട്. ഇപ്പോഴിതാ പ്ലാസ്റ്റിക് കടൽപക്ഷികളുടെ ഹോർമോണിനെ പോലും തകരാറിലാക്കുന്ന നിലയിലേക്ക് കാര്യങ്ങളെത്തി എന്നാണ് ഏറ്റവും പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നത്.
യുസി സാന്താക്രൂസിലെയും സാൻ ഡീഗോ സൂ വൈൽഡ്‌ലൈഫ് അലയൻസിലെയും ( SDZWA ) ഗവേഷകർ സംയുക്തമായി നടത്തിയ പഠനത്തിൽ കടൽപ്പക്ഷികൾ വിഴുങ്ങുന്ന പ്ലാസ്റ്റിക്കിൽ നിന്ന് അവയുടെ പ്രത്യുൽപാദനശേഷി, വികസനം, പെരുമാറ്റം എന്നിവയെ ബാധിക്കുന്ന രാസവസ്തുക്കൾ പുറത്തുവരുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വടക്കൻ അറ്റ്ലാന്റിക്, വടക്കൻ പസഫിക് സമുദ്രം എന്നിവിടങ്ങളിൽ കാണപ്പെടുന്ന നോർത്തേൺ ഫുൾമർ എന്ന കടൽ പക്ഷിയിലാണ് പഠനം നടത്തിയത്. ഹോർമോണുകളിൽ ഉണ്ടാകുന്ന ഈ തകരാറുകൾ ഇവയുടെ നിലനിൽപ്പിന് വലിയ ഭീഷണി സൃഷ്ടിക്കുന്നുണ്ട്. നോർത്തേൺ ഫുൾമറുകളുടെ എണ്ണത്തിൽ ഇതുമൂലം ഉണ്ടാകുന്ന കുറവ് ഭക്ഷ്യ ശൃംഖലയിലും ആവാസവ്യവസ്ഥയിലും വ്യാപകമായ വിപരീതഫലം ഉണ്ടാക്കുകയും ചെയ്യും.

ഓരോ വർഷവും ഏകദേശം എട്ട് ദശലക്ഷം ടൺ പ്ലാസ്റ്റിക് സമുദ്രത്തിൽ എത്തുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. പഠനത്തിന് വിധേയമാക്കിയ പക്ഷികൾക്കു പുറമേ മറ്റു കടൽ പക്ഷി ഇനങ്ങൾക്കും സമാനമായ രീതിയിൽ അപകട ഭീഷണി നിലനിൽക്കുന്നു. ആൽബട്രോസുകൾ, പെട്രലുകൾ, ഷിയർവാട്ടറുകൾ തുടങ്ങിയ കടൽപ്പക്ഷികൾ അവയുടെ സവിശേഷമായ തീറ്റ തേടൽ രീതി മൂലം ധാരാളം പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ ഭക്ഷണമാക്കുന്നുണ്ട്. ഈ പക്ഷി വർഗങ്ങളുടെ ഗ്യാസ്ട്രിക് രൂപഘടന ദുർബലമാണ്. അതായത് പ്ലാസ്റ്റിക് ഇവയുടെ ഉള്ളിൽ ദീർഘകാലം നിലനിൽക്കും.
പ്ലാസ്റ്റിക് കഴിക്കുന്നത് കടൽപ്പക്ഷികൾക്ക് ശാരീരികമായി ദോഷം വരുത്തുമെന്ന് വളരെ കാലമായി അറിയാമെങ്കിലും അതിന് മറഞ്ഞിരിക്കുന്ന ജൈവശാസ്ത്രപരമായ ഫലങ്ങളും ഉണ്ടാകാമെന്നാണ് പഠനത്തിലൂടെ തെളിഞ്ഞിരിക്കുന്നതെന്ന് ഗവേഷണ സംഘത്തിലെ അംഗമായ ലൈസ്ബെത്ത് വാൻ ഹാസൽ പറയുന്നു. ലാബിൽ നടത്തിയ പരിശോധനകളിൽ പക്ഷികൾക്കുള്ളിൽ നിന്നും കണ്ടെടുത്ത പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ ലായകങ്ങളിൽ മുക്കി രാസവസ്തുക്കൾ പുറത്തെടുത്തിരുന്നു. തുടർന്ന് അവ ഹോർമോൺ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നുണ്ടോ എന്നറിയാൻ നോർത്തേൺ ഫുൾമറുകളിൽ നിന്നുള്ള ക്ലോൺ ചെയ്ത ഹോർമോൺ റിസപ്റ്ററുകളിൽ രാസവസ്തുക്കൾ ഉപയോഗിച്ചാണ് നിഗമനത്തിൽ എത്തിച്ചേർന്നത്. പഠനത്തിന് ഉപയോഗിച്ച പക്ഷികളിൽ പകുതിയും ഇത്തരത്തിൽ ഹോർമോണിനെ തടസ്സപ്പെടുത്തുന്ന പ്ലാസ്റ്റിക് ഭക്ഷിച്ച നിലയിലായിരുന്നു.
ഫുൾമറകളുടെ ഹോർമോൺ റിസപ്റ്ററുകളും മനുഷ്യരുടെ ഹോർമോൺ റിസപ്റ്ററുകളും പ്ലാസ്റ്റിക്കുമായി ബന്ധപ്പെട്ട രാസവസ്തുക്കളോട് സമാനമായ രീതിയിലാണ് പ്രതികരിക്കുന്നത് എന്നും പഠനത്തിൽ തെളിഞ്ഞിരുന്നു. അതായത് ഭക്ഷ്യവലയത്തിൽ ഉടനീളം ഈ വിപത്തിന്റെ ഭീഷണി നിലനിൽക്കുന്നുണ്ടെന്ന് ഇതിലൂടെ അനുമാനിക്കാം. പക്ഷികളുടെ ഉള്ളിൽ ചെല്ലുന്ന പ്ലാസ്റ്റിക് അംശങ്ങൾ രണ്ടാഴ്ചയിലേറെ വരെ സജീവമായി രാസവസ്തുക്കൾ പുറത്തുവിടുന്നുണ്ട്. ഇതിനുപുറമേ പക്ഷികളുടെ ഉള്ളിൽ ചെല്ലുന്ന മൈക്രോപ്ലാസ്റ്റിക് ഭാഗങ്ങൾ അവയുടെ കോശങ്ങളിലേയ്ക്ക് തുളച്ചുകയറുകയും വീക്കം, ഫൈബ്രോസിസ് എന്നിവയിലേക്ക് നയിക്കുകയും ചെയ്യുന്നുണ്ടെന്നും ഗവേഷകർ കണ്ടെത്തി.