കടലിൽ മുങ്ങിയത് ആയിരത്തിലധികം കപ്പലുകൾ; പ്രകൃതിയെ തകർത്ത മഹായുദ്ധം! ഇന്നും തീർന്നിട്ടില്ല ദുരിതം

Mail This Article
ലോകം കണ്ട ഏറ്റവും തീവ്രമായ യുദ്ധമായിരുന്നു രണ്ടാം ലോകയുദ്ധം. ഒരുപാട് പേരുടെ മരണങ്ങൾക്കും നശീകരണങ്ങൾക്കും ഈ യുദ്ധം ഇടവരുത്തി. അക്കാലത്തു മുങ്ങിയ കപ്പലുകൾ ഇപ്പോഴും പരിസ്ഥിതി പ്രശ്‌നങ്ങൾക്കും പ്രതിസന്ധികൾക്കും ഇടയാക്കാറുണ്ട്. ഇക്കൂട്ടത്തിൽ ഏറ്റവും പ്രശസ്തമാണ് ജോൺ മാൻ എന്ന ജർമൻ കപ്പൽ.
1942ൽ യൂറോപ്പിലെ നോർത്ത് സീയിലാണ് ആ നാത്സി പടക്കപ്പലിനെ ബ്രിട്ടിഷ് യുദ്ധവിമാനങ്ങൾ മുക്കിയത്. ബെൽജിയൻ തീരത്തിനു സമീപം. നോർത്ത് സീയിൽ നിരീക്ഷണയാത്രയ്ക്കിടെയാണ് കപ്പലിലേക്ക് ബ്രിട്ടിഷ് വ്യോമസേനയുടെ മിസൈലുകൾ വന്നുപതിച്ച് അതു മുങ്ങിയത്.

എന്നാൽ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് കപ്പൽ മുങ്ങിയശേഷം സംഭവിച്ചത്. കപ്പലിലെ ഇന്ധനത്തിൽ നിന്ന് പോളിസൈക്ലിക് അരോമാറ്റിക് ഹൈഡ്രോ കാർബണുകൾ, ഹെവി ലോഹങ്ങൾ, സ്‌ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങൾ തുടങ്ങിയ മലിന, വിഷ വസ്തുക്കൾ കടലിൽ കലരുന്നുണ്ട്. ചോർച്ച നടക്കുന്ന കടൽഭാഗത്തെ ജൈവവൈവിധ്യവും മത്സ്യസമ്പത്തും ഇതുമൂലം പരുങ്ങലിലായി. 1927ൽ ആണ് ജോൺ മാൻ നീറ്റിലിറക്കിയത്. ട്രോളിങ് മത്സ്യബന്ധനത്തിനായുള്ള കപ്പലായിരുന്നു ആദ്യം ഇത്. എന്നാൽ രണ്ടാം ലോകയുദ്ധം കനത്തതോടെ 1939ൽ ഇതു ജർമൻ നാവികസേനയുടെ ഭാഗമായി മാറി. ക്രീഗ്‌സ്മറൈൻ എന്നാണ് ഇതിനു നൽകിയ പേര്. 1942ൽ നാത്സി നാവികസേന നടത്തിയ ഓപ്പറേഷൻ സെറിബ്രസ് എന്ന ദൗത്യത്തിൽ ഈ കപ്പൽ പങ്കെടുത്തിരുന്നു. ഈ കപ്പൽ മുക്കിയപ്പോൾ അതിൽ 38 ക്രൂ അംഗങ്ങളുണ്ടായിരുന്നു. ഇതിൽ 12 പേർ കൊല്ലപ്പെട്ടു. ബാക്കിയുള്ളവരെ ജർമൻ നാവികസേനാക്കപ്പലുകൾ പിന്നീട് രക്ഷിച്ചു.
അതുപോലെ ആയിരക്കണക്കിനു കപ്പലുകൾ രണ്ടാംലോകയുദ്ധത്തിന്റെ ബാക്കിപത്രമായി കടലിൽ മുങ്ങിക്കിടപ്പുണ്ട്. ഇവയിൽ നിന്നും സമാനമായ ചോർച്ച ഉടലെടുക്കുന്നുണ്ടാകാമെന്നതും ഒരു പരിസ്ഥിതി പ്രശ്‌നമാണ്. രണ്ടാം ലോകയുദ്ധകാലം നടമാടിയ കാലത്തു തന്നെ വലിയ പരിസ്ഥിതി പ്രശ്നങ്ങൾ യൂറോപ്പിലും പസിഫിക് മേഖലയിലും ഉണ്ടാക്കിയിരുന്നു. യൂറോപ്പിൽ വൻതോതിൽ വനനശീകരണം യുദ്ധത്താലുണ്ടായി. പസിഫിക്കിലെ പവിഴപ്പുറ്റുകളും ദ്വീപുകളിലെ വനങ്ങളുമൊക്കെ നശിച്ചു. യുദ്ധവുമായി ബന്ധപ്പെട്ടുള്ള കപ്പൽ ഗതാഗതങ്ങളിൽ ഏറിവന്ന അധിനിവേശ സ്പീഷീസുകൾ ഇന്നും പല മേഖലകളിലും പ്രശ്നമുണ്ടാക്കുന്നുണ്ട്. പല തദ്ദേശീയ ജീവികളും ഈ തദ്ദേശീയ സ്പീഷീസുകളുടെ ആക്രമണത്തിൽ ഇല്ലാതെയായി. ആണവബോംബ് സ്ഫോടനം, കെമിക്കൽ ബോംബുകളുടെ പ്രയോഗം തുടങ്ങിയവയൊക്കെ പ്രകൃതിക്ക് വലിയ ആഘാതം ഉണ്ടാക്കി. ട്രെഞ്ചുകൾ കുഴിച്ചതുമൂലം യൂറോപ്പിൽ വെള്ളപ്പൊക്കമുണ്ടാകുകയും പ്രകൃതിനാശം ഭവിക്കുകയും ചെയ്തു.
മുങ്ങിക്കിടക്കുന്ന കപ്പലുകളും വിമാനാവശിഷ്ടങ്ങളും കൂടാതെ പൊട്ടാതെ കിടക്കുന്ന ബോംബുകളും കുഴിബോംബുകളുമൊക്കെ രണ്ടാം ലോകയുദ്ധത്തിന്റെ പ്രത്യാഘാതങ്ങളാണ്.