ഒരാൾ പൊക്കം! ഇരുമ്പ് തിന്നുതീർക്കുന്ന ഭീകരൻ; ടൈറ്റാനിക്കിലുമുണ്ട് ഇവ

Mail This Article
കടലിലും മറ്റും മുങ്ങിക്കിടക്കുന്ന ഇരുമ്പ് കപ്പലുകൾ പലപ്പോഴും സ്വന്തമായ ഒരു സമുദ്ര ആവാസവ്യവസ്ഥ സൃഷ്ടിക്കാറുണ്ട്. പവിഴപ്പുറ്റുകളും ചിലയിനം ഞണ്ടുകൾ, കൊഞ്ചുകൾ,ആഴക്കടൽ മത്സ്യങ്ങൾ തുടങ്ങിയവയും ഇവയുമായി ബന്ധപ്പെട്ട് തങ്ങളുടെ പാർപ്പിടം തീർക്കാറുണ്ട്. പതിനായിരക്കണക്കിന് ടൺ സ്റ്റീലുണ്ടായിരുന്ന കപ്പലാണ് ടൈറ്റാനിക്. ഇതിന്റെ തകർച്ച ലോകശ്രദ്ധ നേടിയിരുന്നു. ടൈറ്റാനിക്കിന്റെ അവശേഷിപ്പുകളിൽ ശാസ്ത്രജ്ഞർ ഗവേഷണം നടത്താറുമുണ്ട്.

ടൈറ്റാനിക്കിൽ റസ്റ്റിക്കിൾസ് എന്നറിയപ്പെടുന്ന ഘടനകളുണ്ട്. ഹാലോ മോണാസ് ബാക്ടീരിയകൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളാണ് റസ്റ്റിക്കിൾസ്. മനുഷ്യരുടെ അത്രയുമൊക്കെ പൊക്കമുള്ള റസ്റ്റിക്കിൾസ് ടൈറ്റാനിക്കിന്റെ തകർച്ചയിലുണ്ടെന്ന് അവിടെയെത്തിയ വിദഗ്ധർ സാക്ഷ്യപ്പെടുത്തുന്നു. രണ്ടു മൈക്രോമീറ്ററിൽ താഴെ വലുപ്പമുള്ള ബാക്ടീരിയകളാണ് ഹാലോ മോണാസ്. 2010ലാണ് ഈ വിഭാഗത്തിലുള്ള ബാക്ടീരിയകളെ ആദ്യമായി വിദഗ്ധർ വിലയിരുത്തി മനസ്സിലാക്കിയത്. ഇതിനു ശേഷം ഇന്നുവരെയുള്ള കാലയളവിൽ അവയുടെ എണ്ണം പലമടങ്ങായി വർധിച്ചു. കുറച്ചുപതിറ്റാണ്ടുകൾക്കുള്ളിൽ തന്നെ ഈ സൂക്ഷ്മജീവികൾ ടൈറ്റാനിക്കിന്റെ അവശേഷിപ്പുകളുടെ കാര്യത്തിൽ ഒരു തീരുമാനമുണ്ടാക്കുമെന്നാണു ശാസ്ത്രജ്ഞർ പറയുന്നത്.

ടൈറ്റാനിക്കിൽ മാത്രമല്ല, പല കപ്പൽച്ചേതങ്ങളുടെ അവശിഷ്ടങ്ങളിലും ഹാലോ മോണാസ് പാർക്കുന്നുണ്ട്. ഇരുമ്പിനെ തുരുമ്പാക്കി മാറ്റി ജീവിക്കാനുള്ള ഊർജം നേടുന്ന ബാക്ടീരിയകളാണ് ഇവ.ഇവ സമുദ്രത്തിൽ മാത്രമല്ലെന്നും മറിച്ച് പുഴകളിലും മറ്റു ശുദ്ധജല സ്രോതസ്സുകളിലുമൊക്കെ കാണപ്പെടാറുണ്ടെന്നും വിദഗ്ധർ പറയുന്നു.എന്നാൽ ആഴക്കടലിൽ ഇവ ഇരുമ്പു കൂടുതലായുള്ള പ്രദേശങ്ങൾ ലക്ഷ്യമിട്ടാണു ജീവിക്കുന്നത്. കപ്പൽച്ചേതങ്ങളും മറ്റ് ഇരുമ്പുകൂടിയ തകർച്ചകളുമൊക്കെ ഇവയ്ക്കു പ്രിയപ്പെട്ടതാകുന്നത് ഇതിനാലാണ്.