220 ദശലക്ഷം വർഷം പഴക്കം; തെലങ്കാനയിലെ ശിലാപാളികളിൽ കണ്ടെത്തിയത് അപൂർവ ഫോസിൽ

Mail This Article
ഇന്ത്യയിൽ നിന്നും ഒരു പുതിയ ദിനോസർ ഫോസിൽ കണ്ടെത്തിയിരിക്കുന്നു. അതും ഏകദേശം 220 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ഉണ്ടായിരുന്നത്. ട്രയാസിക് യുഗത്തിന്റെ അവസാന നാളുകളിൽ ഭൂമിയിൽ വിഹരിച്ചിരുന്ന ദിനോസറാണിത്. മലേരിറാപ്റ്റർ കുട്ടീ (Maleriraptor kuttyi) എന്നാണ് ശാസ്ത്രജ്ഞർ നാമകരണം ചെയ്തിരിക്കുന്നത്. ആളൊരു ഒന്നൊന്നര ഭീകരനായിരുന്നുവെന്നാണ് കരുതപ്പെടുന്നത്.
തെലങ്കാനയിലെ മാലേരി ഫോർമേഷൻ എന്നറിയപ്പെടുന്ന ശിലാപാളികളിൽ നിന്നാണ് ഈ അപൂർവ ഫോസിൽ കണ്ടെടുത്തിരിക്കുന്നത്. ഹെറേറാസോറിയനുകൾ എന്ന ഇത്തരം ദിനോസർ ലോകത്തെ ആദ്യകാല മാംസഭുക്കുകളിൽ പ്രധാനികളായിരുന്നു. ഇവരുടെ സാന്നിധ്യം ഇതുവരെ പ്രധാനമായും തെക്കേ അമേരിക്കയിലും വടക്കേ അമേരിക്കയിലുമായിരുന്നു രേഖപ്പെടുത്തിയിരുന്നത്.
എന്നാൽ, മലേരിറാപ്റ്ററിന്റെ കണ്ടെത്തലോടെ, ഈ ഗ്രൂപ്പ് ഇന്ത്യയിലും വിഹരിച്ചിരുന്നു എന്നതിന് ശക്തമായ തെളിവാണ് ലഭിച്ചിരിക്കുന്നത്. കുട്ടീ എന്നത് അന്തരിച്ച പലിയന്റോളജിസ്റ്റ് ടി. എസ്. കുട്ടിയോടുള്ള ബഹുമാനാർത്ഥം നൽകിയിട്ടുള്ളതാണ്. ഈ പുതിയ ദിനോസർ വർഗ്ഗത്തെ തിരിച്ചറിയാൻ കാരണമായ ആദ്യ ഫോസിൽ (ഹോളോടൈപ്പ്) കണ്ടെത്തിയതും, അതിന്റെ പ്രാഥമിക വിവരണം തയ്യാറാക്കിയ സംഘത്തിൽ പങ്കാളിയുമായിരുന്നു ടി. എസ്. കുട്ടി.