ഓരോ കിലോമീറ്ററിലും 6 മുതല! ഗുജറാത്തിലെ വിശ്വാമിത്രി നദിയിൽ നിന്ന് ശേഖരിച്ചത് 9.67 ലക്ഷം കിലോ പ്ലാസ്റ്റിക്

Mail This Article
മുതലകളുടെ സാന്നിധ്യം മൂലം ലോകത്തിലെ തന്നെ ഏറ്റവും അപകടകരമായ നദികളിലൊന്നായാണു ഗുജറാത്തിലെ വിശ്വാമിത്രി കണക്കാക്കപ്പെടുന്നത്. ഈ നദിയുടെ തീരപ്രദേശങ്ങളിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മറ്റൊരു പ്രശ്നമായിരുന്നു. ഇപ്പോൾ പ്ലാസ്റ്റിക് നിർമാർജനത്തിൽ ബഹുദൂരം പോയിരിക്കുകയാണ് അധികൃതർ. 271 ആളുകളെ പ്ലാസ്റ്റിക് പെറുക്കാനായി നിയോഗിച്ചാണു പ്രവർത്തനം. 9.67 ലക്ഷം കിലോ പ്ലാസ്റ്റിക് ഇതുവരെ ശേഖരിച്ചു. ഇത് ഗുജറാത്ത് മലിനീകരണ നിയന്ത്രണ ബോർഡിന് കൈമാറി.
ഗുജറാത്തിൽ ഏറ്റവും കൂടുതൽ മുതലകളുടെ സാന്നിധ്യമുള്ള ജില്ല വഡോദരയാണ്. ആയിരം മുതലകൾ ഇവിടെയുണ്ടെന്നാണു കണക്ക്. വിശ്വാമിത്രി നദിയിൽ മാത്രം അഞ്ഞൂറോളം മുതലകളുണ്ടെന്ന് പറയുന്നു. ഗുജറാത്തിലെ പഞ്ച്മഹലിൽ നിന്നുത്ഭവിക്കുന്ന ഈ നദി വഡോദര വഴിയാണ് ഒഴുകുന്നത്. മൺസൂൺ കാലത്ത് വെള്ളപ്പൊക്കമുണ്ടാകുമ്പോൾ മുതലകൾ നഗരത്തിലിറങ്ങാറുണ്ട്.
മഗ്ഗർ അഥവാ മാർഷ് ക്രോക്കഡൈൽ വിഭാഗത്തിൽപ്പെടുന്ന മുതലകളാണ് ഇവിടെ അധികവും. ഇത്തരം മുതലകൾ ഇന്ത്യ, പാക്കിസ്ഥാൻ, ഇറാൻ, ബംഗ്ലദേശ് എന്നീ രാജ്യങ്ങളിൽ മാത്രമേ ഉള്ളൂവെന്നതിനാൽ ഇവ സംരക്ഷിത വിഭാഗങ്ങളാണ്. 2019ൽ നടത്തിയ ഒരു സർവേയിൽ ഈ നദിയുടെ ഓരോ കിലോമീറ്റർ ദൂരത്തിലും 6 മുതലകൾ വീതമുണ്ടത്രേ.
മുതലകൾ പെരുകുന്നതു മൂലം ഭീതിയുടെ ജലമൊഴുകുന്ന പല നദികളുമുണ്ട് ലോകത്തിൽ. നൈൽ, ദക്ഷിണാഫ്രിക്കയിലും മൊസാംബിക്കിലുമായി ഒഴുകുന്ന ഒലിഫാന്റ്സ്, ഓസ്ട്രേലിയയിലെ ഈസ്റ്റ് അലിഗേറ്റർ റിവർ, കോസ്റ്റ റിക്കയിലെ ടാർക്കോലിസ് തുടങ്ങിയ നദികളെല്ലാം മുതലകളുടെ വിഹാരകേന്ദ്രമാണ്.