ഒരാഴ്ചത്തെ ഒളിച്ചോട്ടം; സീബ്രയെ ‘പൊക്കി’യെടുത്ത് പൊലീസ്: ആകാശത്ത് തൂങ്ങിയാടി യാത്ര!

Mail This Article
യുഎസിലെ ടെന്നസിയിൽ ഒരാഴ്ച മുൻപ് കാണാതായ സീബ്രയെ 65 കി.മീ അകലെയുള്ള നാഷ്‌വില്ലിയിൽ നിന്നും കണ്ടെത്തി. ഇതിലെന്താണ് ഇത്ര കൗതുകമെന്നല്ലെ? കണ്ടെത്തിയതല്ല, ഈ സീബ്രയെ തിരിച്ചുകൊണ്ടുവന്ന രീതിയാണ് സോഷ്യൽമീഡിയയെ കൂടുതൽ ചിരിപ്പിച്ചത്.
മേയ് 31നാണ് ‘എഡ്’ എന്ന സീബ്ര ഉടമസ്ഥനെ വിട്ട് അകന്നത്. സീബ്ര എത്തുമെന്ന സ്ഥലങ്ങളിലെല്ലാം പൊലീസ് റോഡ് അടച്ച് കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല. നിരവധി സ്ഥലങ്ങളിൽ സീബ്ര എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. ഒരു പൊലീസ് ടീം തന്നെ ദൗത്യത്തിനായി രൂപീകരിച്ചു. വൈകാതെ തന്നെ എഡ് ട്രോൾ രൂപത്തിൽ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിന്നു. ഒടുവില്‍ നാഷ്‌വില്ലിയിൽ വച്ച് സീബ്രയെ പിടികൂടുകയായിരുന്നു.
ഞായറാഴ്ചയാണ് റൂഥർഫോർഡ് കൗണ്ടി ഷെരീഫ് പൊലീസ് എഡിനെ ക്രിസ്റ്റ്യാനയിൽ നിന്നും എയർലിഫ്റ്റ് ചെയ്തത്. വലിയ സഞ്ചിയിൽ എഡിനെ ഇരുത്തികൊണ്ട് ഹെലികോപ്റ്റിന്റെ സഹായത്തോടെ തൂക്കുകയായിരുന്നു. ആകാശത്ത് തൂങ്ങിയാടി നീങ്ങുന്ന എഡിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ നിമിഷനേരം കൊണ്ട് വൈറലാവുകയും ചെയ്യുന്നുണ്ട്.