വെള്ളത്തിൽ തൊടുന്ന ജീവികളെ കല്ലാക്കിമാറ്റും! ആഫ്രിക്കയിലെ അദ്ഭുത തടാകം

Mail This Article
ലോകത്ത് വളരെ രൂക്ഷമായ പരിതസ്ഥിതികൾ നിലനിൽക്കുന്ന ഒട്ടേറെ ഇടങ്ങളുണ്ട്. ഇവയിലൊന്നാണു നാട്രോൺ തടാകം. ജീവികൾക്കു ജീവിക്കാൻ വലിയ ബുദ്ധിമുട്ടുള്ള മേഖലകളിൽ ഒന്നാണിത്. ആഫ്രിക്കൻ രാജ്യം താൻസാനിയയിലാണ് ഇതു സ്ഥിതി ചെയ്യുന്നത്, കെനിയൻ അതിർത്തിക്കു സമീപം. സോഡാലേക്ക് ഗണത്തിൽ വരുന്ന ഈ തടാകത്തിലെ ജലത്തിൽ അലിഞ്ഞിട്ടുള്ള സോഡിയം, കാർബണേറ്റ് രാസവസ്തുക്കളുടെ അളവ് വളരെ കൂടുതൽ ആണ്. 10.5 എന്ന അളവിൽ പോലും ഈ തടാകത്തിലെ ജലത്തിന്റെ പിഎച്ച് ഉയരാം. അമോണിയ സൊല്യൂഷന്റെ അതേ പിഎച്ച് ആണിത്. സോഡിയം കാർബണേറ്റിന്റെ മറ്റൊരു പേരായ നാട്രോണിൽനിന്നാണ് ഈ തടാകത്തിനും പേര് കിട്ടിയിരിക്കുന്നത്.
ഏകദേശം 150 ചതുരശ്ര കിലോമീറ്റർ വ്യാപിച്ചു കിടക്കുന്ന തടാകമാണു നാട്രോൺ. ഈ തടാകത്തിൽ ചത്തുവീഴുന്ന ജീവികൾ കാൽസിഫിക്കേഷൻ എന്ന പ്രക്രിയയ്ക്കു വിധേയരാക്കപ്പെട്ട് കാലാന്തരത്തിൽ ഉപ്പുകൽ ശിലകൾ പോലെയാകാറുണ്ട്. അതിനാൽ തന്നെ ഈ തടാകത്തിലെ വെള്ളത്തിൽ തൊടുന്ന ജീവികൾ കല്ലായി മാറുമെന്ന അടിസ്ഥാനമില്ലാത്ത ഒരു വിശ്വാസം ഉയർന്നിരുന്നു.

ഈസ്റ്റ് ആഫ്രിക്കൻ റിഫ്റ്റ് സിസ്റ്റം എന്ന ഭൗമപ്ലേറ്റ് സംവിധാനത്തിലാണ് നാട്രോൺ തടാകം സ്ഥിതി ചെയ്യുന്നത്. അഗ്നിപർവത പ്രവർത്തനങ്ങളാലാണ് ഈ തടാകം രൂപപ്പെട്ടത്. ഈ തടാകത്തിനു സമീപം ഒൽ ഡോയിന്യോ ലെംഗായി എന്ന അഗ്നിപർവതം സ്ഥിതി ചെയ്യുന്നുണ്ട്. സജീവ അഗ്നിപർവതമായ ഇതിന്റെ ലാവയ്ക്ക് ഒരു സവിശേഷതയുണ്ട്. സോഡിയം, പൊട്ടാസ്യം കാർബണേറ്റുകളാൽ സമ്പന്നമാണ് ഈ ലാവ. ഇതും തടാകത്തിലെ രാസസവിശേഷതയ്ക്കു സംഭാവന നൽകിയിട്ടുണ്ട്. ഈ തടാകത്തിൽനിന്ന് ജലം നദികളിലേക്കൊന്നും പോകുകയില്ല. അതിനാൽ ഇതിലെ വെള്ളത്തിലെ രാസസാന്നിധ്യം ഉയർന്ന നിലയിൽ സ്ഥിതി ചെയ്യും. ഇതിലെ ജലത്തിന്റെ താപനിലയും വളരെ ഉയർന്ന നിലയിലാണ്.
ജീവികൾക്ക് വളരെ പ്രശ്‌നകരമായ സ്ഥിതിവിശേഷമാണു തടാകത്തിൽ. ഇതിൽ മുങ്ങുന്ന ജീവികൾക്ക് ഗുരുതരമായ പൊള്ളൽ സംഭവിക്കാം. എന്നാൽ ഫ്‌ളാമിംഗോ പക്ഷികൾ ഈ തടാകത്തിനു സമീപവും സിലോപ്പിയകൾ ഈ തടാകത്തിലെ ജലത്തിലും വസിക്കാറുണ്ട്. ഏകദേശം 25 ലക്ഷം ഫ്ലാമിംഗോ പക്ഷികളാണ് ഈ തടാകത്തിൽ പറന്നുയരുന്നത്. ഇവയ്ക്ക് തടാകത്തിന്റെ തീവ്രമായ രാസഘടന, ജലത്തിന്റെ ഉയർന്ന താപനില എന്നിവ ചെറുക്കാനുള്ള ശാരീരിക സംവിധാനങ്ങളുണ്ട്.