കാനഡയിൽ കണ്ടെത്തിയത് ‘കറുത്ത മഞ്ഞുമല’; വിചിത്ര പ്രതിഭാസത്തിനു പിന്നിൽ?

Mail This Article
മഞ്ഞുമല എന്ന് കേൾക്കുമ്പോൾ ആർട്ടിക്കിലും അന്റാർട്ടിക്കിലും സമുദ്രത്തിനു മുകളിൽ തൂവെള്ള പഞ്ഞിക്കെട്ടുകൾ പോലെ ഉയർന്നുനിൽക്കുന്ന മഞ്ഞു മലകളുടെ ദൃശ്യങ്ങൾ മനസ്സിലേക്കെത്തും. എന്നാൽ മഞ്ഞുമലകൾക്ക് വെളുപ്പു മാത്രമാണോ നിറം? കാനഡയിലെ ലാബ്രഡോർ തീരത്ത് കണ്ടെത്തിയ ഒരു അപൂർവ മഞ്ഞുമല പൊതു ധാരണകളൊക്കെ തിരുത്തിക്കുറിക്കും. നിഗൂഢമായ കറുപ്പ് നിറത്തിൽ വലിയ ഒരു മഞ്ഞുമലയാണ് ഇവിടെ കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങളും വാർത്തകളും സമൂഹമാധ്യമങ്ങളിലൂടെ ലോകമാകെ ശ്രദ്ധ നേടുകയാണ്.
വെള്ളത്തിന് നടുവിൽ കൂറ്റൻ പാറ നിൽക്കുകയാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് കറുത്ത മഞ്ഞുമല ഉള്ളത്. ഏതാനും ആഴ്ചകൾക്ക് മുൻപ് മത്സ്യബന്ധനത്തിനായി കടലിൽ പോയ ഹല്ലൂർ അന്റോണിയുസെൻ എന്ന വ്യക്തിയാണ് ഈ അപൂർവ മഞ്ഞുമലയുടെ ചിത്രം ആദ്യം പകർത്തിയത്. വെളുത്ത ഐസ് പാളികൾക്ക് നടുവിൽ യഥാർഥമെന്ന് വിശ്വസിക്കാൻ പ്രയാസം തോന്നുന്ന തരത്തിലായിരുന്നു മഞ്ഞുമലയുടെ നിൽപ്പ്. വലിയ മഞ്ഞുമലകളിൽ നിന്നും അടർന്നു വരുന്ന പാളികളും ഗോളാകൃതിയിലുള്ള മഞ്ഞുകട്ടകളും തീരത്തടിഞ്ഞ് അവയിൽ മണ്ണും കല്ലും പറ്റിയിരുന്ന് വ്യത്യസ്ത നിറങ്ങളിൽ മുൻപ് കണ്ടിട്ടുണ്ടെങ്കിലും ഇത്തരം ഒരു കാഴ്ച ജീവിതത്തിൽ ആദ്യമാണെന്ന് ഹല്ലൂർ പറയുന്നു.
കൂർത്ത അഗ്രങ്ങളില്ലാതെ ഡയമണ്ടിന്റെ ആകൃതിയിലാണ് മഞ്ഞുമല കണ്ടതെന്നും അദ്ദേഹം പറയുന്നുണ്ട്. കൃത്യമായ വലുപ്പം നിർണയിക്കാനാവില്ലെങ്കിലും സാധാരണ ബംഗ്ലാവുകളുടെ മൂന്നുമടങ്ങ് വലുപ്പം അതിന് ഉണ്ടാകുമെന്നാണ് ഹല്ലൂരിന്റെ അനുമാനം. കറുത്ത മഞ്ഞു മലയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ അത്ഭുതം മറച്ചുവയ്ക്കാതെയാണ് ആളുകൾ പ്രതികരണങ്ങൾ അറിയിക്കുന്നത്. ഇത് സ്വാഭാവികമായി സംഭവിക്കുന്നതാണോ അതല്ല എന്തെങ്കിലും കൊടിയ വിപത്തിന്റെ സൂചനയാണോ എന്നൊക്കെയുള്ള സംശയങ്ങൾ പ്രകടിപ്പിക്കുന്നവരും കുറവല്ല.
എന്നാൽ കറുത്ത മഞ്ഞുമലകൾ അസ്വാഭാവികമല്ല എന്നാണ് ശാസ്ത്രലോകം നൽകുന്ന വിശദീകരണം. മഞ്ഞിനുള്ളിൽ പ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന ചെറിയ എയർ പോക്കറ്റുകളുണ്ട്. ഇതുമൂലമാണ് സാധാരണയായി മഞ്ഞുമലകൾ വെളുത്ത നിറത്തിൽ കാണപ്പെടുന്നത്. എന്നാൽ കട്ടിയുള്ള ഹിമപാളികളുടെ ഉൾഭാഗത്ത് നൂറുകണക്കിനോ ആയിരക്കണക്കിനോ വർഷങ്ങളായി ഞെരുങ്ങി സ്ഥിതി ചെയ്യുന്ന ഐസുണ്ടാവും. ഈ മർദ്ദം മൂലം അവയ്ക്കുള്ളിലെ വായു പൂർണമായും പുറന്തള്ളപ്പെട്ട് തെളിഞ്ഞ ഗ്ലാസ് രൂപത്തിൽ ആയിരിക്കും. ഇത്തരത്തിൽ സാന്ദ്രതയേറിയ ഐസ് അടർന്ന് മാറുമ്പോൾ വെളിച്ചത്തെ പ്രതിഫലിപ്പിക്കാൻ എയർ പോക്കറ്റുകൾ അവയ്ക്കുള്ളിൽ ഇല്ലാത്തതുമൂലം പ്രകാശം ആഗിരണം ചെയ്യപ്പെടുകയാണ് ചെയ്യുന്നത്.
ഹിമാനികൾ നീങ്ങുന്നതനുസരിച്ച് അഴുക്ക്, മണ്ണ്, ചെറിയ കല്ലുകൾ, ചില അവസരങ്ങളിൽ അഗ്നിപർവതത്തിൽ നിന്നുള്ള ചാരം എന്നിവയൊക്കെ ഇതിൽ പറ്റിപ്പിടിക്കും. അങ്ങനെ ചാര നിറത്തിലും കറുപ്പ് നിറത്തിലുമൊക്കെ മഞ്ഞുമലകൾ കാണപ്പെടാനുള്ള സാധ്യതയുണ്ട്. ഇപ്പോൾ കണ്ടെത്തിയ കറുത്ത മഞ്ഞുമല ഒരിക്കൽ ഒരു വലിയ ഹിമാനിയുടെ ഭാഗമായിരുന്നിരിക്കാമെന്നും അത് അടർന്ന് സമുദ്രത്തിലേക്ക് പതിച്ചതാവാമെന്നുമാണ് കാനഡയിലെ മെമ്മോറിയൽ യൂണിവേഴ്സിറ്റിയിലെ ഹിമാനിയോളജിസ്റ്റ് ലെവ് തരാസോവ് അഭിപ്രായപ്പെടുന്നത്.