Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ധനമന്ത്രിയും സമ്മതിക്കുന്നു; കേരളം വരൾച്ചാ ദുരന്തത്തിൽ; പ്രതിവിധികൾ ഇവ

ധനമന്ത്രി തോമസ് എെസക്. വരൾച്ചയില്ലാത്ത നല്ല നാളുകൾ വരാൻ ‘വലിച്ചെറിയാത്ത മനസ്സുകളും മാലിന്യമില്ലാത്ത തെരുവുകളും’ എന്നൊരു മുദ്രാവാക്യവും മുന്നോട്ടുവച്ചിരിക്കുന്നു ഡോ.തോമസ് ഐസക്.

‘എന്തൊരു ചൂട്...’ രാത്രി–പകൽ ഭേദമില്ലാതെ ഓരോ നിമിഷവും കേരളീയർ ഉരുവിടുന്ന വാക്കുകൾ ഒടുവിൽ ഭരണനേതൃത്വവും ആവർത്തിച്ചു. കഴിഞ്ഞ നൂറ്റാണ്ടിനിടയിലെ ഏറ്റവും രൂക്ഷമായ വരൾച്ചയിലൂടെയാണ് കേരളം കടന്നു പോകുന്നതെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി തോമസ് ഐസക്കിന്റെ വാക്കുകൾ. വർഷം ആരംഭിച്ച് രണ്ടു മാസം തികഞ്ഞിട്ടേയുള്ളൂ, 2017ലേതു പോലെ ഒരു വരൾച്ച ഇനി കേരളത്തിലുണ്ടാകാതിരിക്കാനാണ് ബജറ്റിലൂടെ തന്റെ ശ്രമങ്ങളെന്നും പറയേണ്ടി വന്നു ധനമന്ത്രിക്ക്. ജലക്ഷാമത്തെ നേരിടാൻ ‘ദുരന്തനിവാരണ’ പദ്ധതികൾക്കായി കോടികളാണ് നീക്കിവച്ചിരിക്കുന്നത്. വരൾച്ചയില്ലാത്ത നല്ല നാളുകൾ വരാൻ ‘വലിച്ചെറിയാത്ത മനസ്സുകളും മാലിന്യമില്ലാത്ത തെരുവുകളും’ എന്നൊരു മുദ്രാവാക്യവും മുന്നോട്ടുവച്ചിരിക്കുന്നു ഡോ.തോമസ് ഐസക്. അത്തരത്തിലൊരു സ്വപ്ന–ശുചിത്വകേരളം വരാൻ, ചൂടിനെ തടയാൻ, മഴയെ മണ്ണിലേക്കാനയിക്കാൻ ധനമന്ത്രി മുന്നോട്ടുവയ്ക്കുന്ന ഹരിത–പാരിസ്ഥിതിക ബജറ്റ് ചിന്തകൾ ഇവ:

∙ മണ്ണ്–ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് 102 കോടി രൂപ

∙ കുളങ്ങള്‍, നീർച്ചാലുകൾ, അരുവികള്‍, തോടുകൾ, തടാകങ്ങൾ പുനരുദ്ധരിക്കും

∙ സംസ്ഥാനത്ത് വച്ചുപിടിപ്പിക്കുക 10 കോടി മരങ്ങൾ

∙ കാർബൺ ന്യൂട്രൽ പദ്ധതിയുടെ ഭാഗമായി സ്വകാര്യഭൂമിയിൽ മരങ്ങൾ വച്ചുപിടിപ്പിക്കാൻ പ്രത്യേക പദ്ധതി. അഞ്ചു വർഷം കൂടുമ്പോൾ മരം ഒന്നിന് 500 രൂപ സഹായം. മരം മുറിക്കുമ്പോൾ ഇത് പലിശസഹിതം തിരിച്ചു നൽകിയാൽ മതി. പദ്ധതിക്ക് 10 കോടി രൂപ.

∙ ശുചിത്വമിഷന് 127 കോടി രൂപ; ഓരോ വീട്ടിലും കമ്പോസ്റ്റ് പിറ്റ് അല്ലെങ്കിൽ വളക്കുഴി

∙ വെള്ളക്കെട്ട് പ്രദേശങ്ങളിൽ മിനി തുമ്പൂർമുഴി കമ്പോസ്റ്റിങ് (മുറ്റത്തോ പറമ്പിലോ ലഭ്യമായ ഇടത്തിൽ ചതുരാകൃതിയിൽ തയാറാക്കുന്ന, വായു കടക്കാനിടം കൊടുത്ത ചുറ്റുമതിൽ ഉള്ള ഫെറോ സിമെന്റ് പെട്ടിയാണ് തുമ്പൂർമുഴി മോഡൽടാങ്ക്(എയറോബിക് കമ്പോസ്റ്റിങ്). ദുർഗന്ധമില്ല, അണുബാധയില്ല, കാർബൺ ബഹിർഗമനം കുറവ് തുടങ്ങിയ ഗുണങ്ങളുണ്ട്. തുമ്പൂർമുഴിയിലെ കന്നുകാലി പ്രജനന ഫാമിൽ വിജയകരമായി നടപ്പാക്കിയ പദ്ധതി)

∙ വയലേലകളിൽ 10 ശതമാനം വർധന വരുത്തും.

∙ ചെറുകിട ജലസേചനത്തിന് 208 കോടി രൂപ

∙ മണ്ണുസംരക്ഷണത്തിന് കയർഭൂവസ്ത്രം; നാലു ശാസ്ത്രീയ ലാൻഡ് ഫില്ലുകൾക്ക് 50 കോടി രൂപ കിഫ്ബി വഴി

∙ മണ്ണ്–ജലസംരക്ഷണ പ്രവർത്തനങ്ങളും കംപോസ്റ്റ് വളവുമായി ‘സുജലം, സുഫലം’ കാർഷിക വ്യാപനപദ്ധതി

∙ കുരുമുളക്, വയനാടിന്റെ തനത് നെല്ലിനങ്ങൾ, മണ്ണ്–ജലസംരക്ഷണ പ്രവർത്തനം എന്നിവയ്ക്കായി വയനാട് പാക്കേജിന് 19 കോടി രൂപ.

∙ ജൈവവൈവിധ്യസംരക്ഷണത്തിനും സംരക്ഷിത പാർക്കുകളുടെ മാനേജ്മെന്റിനും നാഷനൽ മിഷൻ ഫോർ ഗ്രീൻ ഇന്ത്യയുടെ സംസ്ഥാനവിഹിതവുമായി 72 കോടി രൂപ

∙ പച്ചക്കറിയിൽ സ്വയംപര്യാപ്തത, തരിശുരഹിത വയലുകൾ, സമഗ്രനാളികേര പുരയിട കൃഷി എന്നിവ ലക്ഷ്യം.

∙ മുനിസിപ്പാലിറ്റികളിൽ ആധുനിക അറവുശാലകൾ സ്ഥാപിക്കാൻ പാക്കേജ്, കിഫ്ബിയിൽ നിന്ന് 100 കോടി രൂപ

∙ കൃഷിയെയും ജനവാസകേന്ദ്രങ്ങളെയും വന്യമൃഗങ്ങളിൽ നിന്നു സംരക്ഷിക്കാനും സംഘർഷം ലഘൂകരിക്കാനുമുള്ള നടപടികള്‍ക്ക് 13 കോടി

∙ തിരുവനന്തപുരത്ത് കോട്ടൂരിൽ 105 കോടി രൂപ ചെലവിൽ ആന പുനരധിവാസ കേന്ദ്രം

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.