കണ്ണൂർ ∙ കണ്ടലോളം ആഴത്തിൽ വേരൂന്നിയ പരിസ്ഥിതി സ്നേഹത്തിന്റെ പേരാണു പൊക്കുടൻ. പഴയങ്ങാടിയിലെ പാതാറിന്റെ കരയിൽ നാമ്പിട്ട ഈ കണ്ടൽസ്നേഹം കേരളമാകെ പടർന്നപ്പോൾ കാലം കല്ലേൻ പൊക്കുടനെ കണ്ടൽ പൊക്കുടനാക്കി.
പൊക്കുടന്റെ ആത്മകഥ ഒരു വൃക്ഷത്തിന്റെ ആത്മകഥയാണെന്നു പറഞ്ഞത് എം.എൻ. വിജയനാണ്. കേരളത്തിലെ പരിസ്ഥിതിസ്നേഹികളുടെ മറക്കാനാവാത്ത ആ സസ്യശാസ്ത്രപുസ്തകമാണ് ഇന്നലെ താളുകൾ പൂട്ടി മടങ്ങിയത്.
കറതീർന്ന കമ്യൂണിസ്റ്റായിരുന്നു പൊക്കുടൻ. പതിനെട്ടാം വയസ്സിൽ തുടങ്ങിയ പാർട്ടി ബന്ധം. കർഷകസമരത്തിൽ പെട്ടു ജയിൽവാസം അനുഭവിച്ച പൊക്കുടൻ പാർട്ടി പിളർന്നപ്പോൾ സിപിഎമ്മിനൊപ്പം നിന്നു.
ഏഴോം കൊലക്കേസിൽ പ്രതിയായി ഒളിവിലും റിമാൻഡിലും കഴിഞ്ഞു. എൺപതുകളിൽ ഇടതുരാഷ്ട്രീയവുമായി അകന്നകാലത്താണു പൊക്കുടന്റെ ഹരിതരാഷ്ട്രീയത്തിന്റെ തുടക്കം. പരിസ്ഥിതിയെക്കുറിച്ചു പ്രസംഗിച്ചല്ല; അഞ്ഞൂറു കണ്ടൽച്ചെടി നട്ടാണു പൊക്കുടൻ പരിസ്ഥിതിപ്രവർത്തനം തുടങ്ങിയത്.
1989ൽ പഴയങ്ങാടി– മുട്ടുകണ്ടി ബണ്ടിന്റെ കരയിലായിരുന്നു തുടക്കം. ചിലർ കളിയാക്കി, ചെടികൾ പിഴുതെറിഞ്ഞു. പൊക്കുടൻ പക്ഷേ വഴക്കിനു പോയില്ല. പ്രകടനത്തിനു പ്രവർത്തകരെ അണിനിരത്തുന്ന ശ്രദ്ധയോടെ കണ്ടലുകളെ പുഴയോരത്ത് അണിനിരത്തി.
കത്തുന്ന വെയിലിൽ അലഞ്ഞുനടന്നു കണ്ടൽ വിത്തുകൾ ശേഖരിക്കും. ബണ്ടിനരികിൽ കൊണ്ടുവന്നു നടും. പിന്നെയുള്ള ദിവസങ്ങളിൽ പലവട്ടം ഇതുവഴി നടക്കും. മുളച്ചുപൊന്തുന്ന ചെടികളിൽ ഒരെണ്ണം ചാഞ്ഞാലോ ചരിഞ്ഞാലോ പൊക്കുടനു സഹിക്കില്ല.
ഉടൻ അതു നേരെയാക്കാൻ മുണ്ടുംകുത്തി പുഴയിലിറങ്ങും. മുന്നു നാലു വർഷം കൊണ്ടു ഈ ചെടികൾ വളർന്നുതുടങ്ങി. ചെടികളുടെ എണ്ണം ആയിരത്തിലും പതിനായിരത്തിലുമെത്തി.. കണ്ടൽ വളരുന്നതിനൊപ്പം പൊക്കുടന്റെ പേരും വളർന്നു. കേരളത്തിലങ്ങോളം കണ്ടൽ സംരക്ഷണത്തെക്കുറിച്ചു ക്ലാസെടുക്കാൻ പൊക്കുടൻ പോയി. പൊവുന്നിടത്തെല്ലാം ഒരു സഞ്ചിനിറയെ കണ്ടൽത്തൈകളും കൊണ്ടുപോയി.
കേരളത്തിൽ ഒരു ലക്ഷത്തോളം കണ്ടൽത്തൈകളാണു പൊക്കുടൻ നട്ടത്. കണ്ടലിനെക്കുറിച്ചറിയാൻ വിദേശരാജ്യങ്ങളിൽ നിന്നുപോലും പരിസ്ഥിതിപ്രവർത്തകരും ഗവേഷകരും പൊക്കുടനെത്തേടിവന്നു.
പൊക്കുടനെത്തേടി ഒട്ടേറെ പുരസ്കാരങ്ങളുമെത്തി. കണ്ടൽക്കാടുകൾ നശിപ്പിക്കുന്നവർക്കെതിരെയും പൊക്കുടൻ രംഗത്തിറങ്ങി. പറശിനിക്കടവിൽ കണ്ടൽക്കാടു വെട്ടി സിപിഎം പാർക്കു നിർമിക്കാനൊരുങ്ങിയപ്പോൾ എതിർത്തവരുടെ മുൻനിരയിൽ പൊക്കുടനുണ്ടായിരുന്നു. കാരണം പാർട്ടിയെക്കാൾ പൊക്കുടൻ സ്നേഹിച്ചതു പ്രകൃതിയെയായിരുന്നു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.