Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൃത്രിമമഴ എന്ത്, എങ്ങനെ?

clouds

വരൾച്ചയിൽ വലയുന്ന കേരളത്തിൽ കൃത്രിമമഴ പെയ്യിക്കാനുള്ള സാധ്യത തേടുന്നു. കുടിവെള്ളത്തിനു വരെ ക്ഷാമം നേരിടുന്നതും കാലവർഷത്തിനു നാലു മാസം കൂടി കാത്തിരിക്കണമെന്നതുമാണ് കൃത്രിമമഴ പോലുള്ള മാർഗങ്ങൾ തേടാൻ കാരണം. വേനൽമഴ പെയ്‌തില്ലെങ്കിൽ വരൾച്ച അതിരൂക്ഷമാകും. വരൾച്ചയിൽ കരിയുന്ന ജില്ലകളിയിൽ ജലാശയങ്ങൾ വറ്റിത്തുടങ്ങി. അണക്കെട്ടുകളിലും വെള്ളം തീർന്നു; തീർന്നില്ല എന്ന അവസ്‌ഥയിലാണ്. വൈദ്യുതി ഉൽപാദനവും ആശങ്കപ്പെടുത്തുന്ന അവസ്‌ഥയിലേക്കു കൂപ്പുകുത്തുകയാണ്. ഇതാണ് കൃത്രിമ മഴയിലേക്കു കേരളം നീങ്ങാനുള്ള കാരണങ്ങൾ.

കൃത്രിമ മഴ എന്ത്, എങ്ങനെ?

മഴമേഘങ്ങളിൽ സിൽവർ അയോഡൈഡ് വിതച്ച് മേഘത്തിന്റെ ജലസാന്ദ്രത വർധിപ്പിക്കുകയാണ് ചെയ്യുന്നത്. പ്രത്യേക വിമാനം ഉപയോഗിച്ചു മേഘങ്ങളിൽ രാസപദാർഥം വിതറിയാണ് മഴ പെയ്യിക്കുക. ഇതിനായി സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി മണിക്കൂറുകള്‍ വിമാനം പറത്തേണ്ടി വരും. വിമാനം, റഡാർ തുടങ്ങി ഇതിനു വേണ്ട സാമഗ്രികൾ സംസ്‌ഥാനത്ത് എത്തിക്കാനും മറ്റും കോടികൾ ചിലവു വരും.ചിറകുകളിൽ സിൽവർ അയോഡൈഡ് തിരികൾ ഘടിപ്പിച്ച വിമാനമാണ് ഇതിനായി ഉപയോഗിക്കുന്നത്. റഡാറുകളുടെ സഹായത്താലാണ് മേഘങ്ങളെ കണ്ടത്തുന്നത്.

ഭൂമിയിൽ നിന്ന് 12000 അടി ഉയരത്തിലുള്ള 2000 മീറ്റർ കനവും ആറു കിലോമീറ്റർ നീളവുമുള്ള മേഘങ്ങളാണ് ഉത്തമമെന്നാണ് വിദഗ്‌ധ അഭിപ്രായം. വിത്ത് വിതയ്‌ക്കപ്പെടുന്ന മേഘത്തിന്റെ താപനില മൈനസ് രണ്ടു ഡിഗ്രിക്കും മൈനസ് 14 ഡിഗ്രി സെൽഷ്യസിനും മധ്യേ അയിരിക്കണം.

മേഘത്തിലെ വരണ്ട ജലകണികകളെ സാന്ദ്രീഭവിപ്പിക്കാൻ ഗ്ലാഡിയോജനിക് എന്ന ഐസ് ഉണ്ടാക്കുവാൻ സഹായിക്കുന്ന സിൽവർ അയഡിൻ ഡ്രൈ ഐസ് പ്രൊ വൈൻ എന്ന ദ്രാവക രൂപത്തിലെ പ്രകൃതി വാതകം കാർബൺ ഡൈ ഓക്‌സൈഡ് ഇവ കലർത്തിയാണ് മഴ പെയ്യിക്കുന്ന ഒരു രീതി.

cloud

ഉപ്പ് യൂറിയ , അമോണിയം, നൈട്രേറ്റ് എന്നിവ ക്യാപ്‌സൂൾ രൂപത്തിൽ മേഘങ്ങൾക്കുമേൽ വിതറുമ്പോൾ സംഭവിക്കുന്ന രാസമാറ്റവും മഴ പെയ്യിക്കുമെന്നാണ് വിദഗ്‌ധർ പറയുന്നത്.

അമേരിക്കൻ രസതന്ത്രജ്‌ഞനും കാലാവസ്‌ഥാ ശാസ്‌ത്രജ്‌ഞനുമായ വിൻസെന്റ് ഷെയ്‌ഫർ ആണു കൃത്രിമ മഴ പെയ്യിക്കുന്നതിനുള്ള ഒരു സാങ്കേതികവിദ്യ 1946ൽ ആദ്യമായി രൂപപ്പെടുത്തിയത്. ഡോ. ബർണാഡ് വോൺഗട്ട്, പ്രഫ. ഹെന്റി ചെസിൻ എന്നിവരും കൃത്രിമ മഴയുടെ ആദ്യകാല ഗവേഷകരാണ്.

ക്ലൗഡ് സീഡിങ് എന്നും കൃത്രിമ മഴ പെയ്യിക്കുന്ന സാങ്കേതികവിദ്യയ്‌ക്കു പറയും. ധാരാളം മേഘങ്ങളുണ്ടെങ്കിലും മഴ പെയ്യാത്ത അവസ്‌ഥയിലാണ് പ്രധാനമായും ക്ലൗഡ് സീഡിങ് പ്രയോഗിക്കുന്നത്. മേഘപടലങ്ങളിലെ നീരാവി ഘനീഭവിച്ച് ജല തുള്ളികളായി മാറുന്നില്ലെന്നതാണു പ്രശ്‌നം. നീരാവിയെ രാസവസ്‌തുക്കളുടെ സഹായത്തോടെ വെള്ളത്തുള്ളികളാക്കി മാറ്റി കൃത്രിമ മഴ പെയ്യിക്കുകയാണു ചെയ്യുന്നത്. പ്രധാനമായും മൂന്നുഘട്ടമായാണ് ഇതു ചെയ്യുന്നത്.

1. ആദ്യമായി അവിടവിടെയായി ചിതറി അലയുന്ന ചെറുമേഘങ്ങളെ ഒരുമിച്ചുകൂട്ടുന്നു. ഇതിനു ചില രാസവസ്‌തുക്കൾ ഉപയോഗിക്കും. ഒരു നിശ്‌ചിത പ്രദേശത്തുള്ള മേഘടപലങ്ങളെയെല്ലാം നമുക്കു മഴ പെയ്യിക്കേണ്ട സ്‌ഥലത്തിന്റെ സമീപപ്രദേശങ്ങളിലായി ഒരുമിച്ചുകൂട്ടാമെന്നാണ് ഇപ്പോൾ ശാസ്‌ത്രജ്‌ഞർ പറയുന്നത്.

2. അടുത്തതായി വെള്ളത്തുള്ളികൾ രൂപമെടുക്കണം. അതിനായി നീരാവിയുടെ സൂക്ഷ്‌മ കണികകൾ ഒരുമിച്ചുകൂടണം. ചില രാസവസ്‌തുക്കൾ ഈ ഒരുമിച്ചു കൂടലിനു സഹായിക്കും. അങ്ങനെ ആ ചെറു ജലകണങ്ങൾ പറ്റിപ്പിടിക്കാൻ സഹായിക്കുന്ന യൂറിയ, അമോണിയം നൈട്രേറ്റ്, കാൽസ്യം ക്ലോറൈഡ് തുടങ്ങിയ രാസവസ്‌തുക്കൾ വിതറിക്കൊടുക്കും. ഇതിനുചുറ്റുമാണു ജലകണങ്ങൾ രൂപമെടുക്കുക. നമ്മുടെ ദൈവകണവും മാസും വിശദീകരിക്കാൻ ഉപയോഗിക്കുന്ന കോക്‌ടെയിൽ പാർട്ടിയുമായി ഇതിനെ താരതമ്യം ചെയ്യാം.

3. മഴ പെയ്യുന്നതിനാവശ്യമായ വലുപ്പവും ഭാരവുമുള്ള ജലത്തുള്ളികളായി ഈ ചെറു ജലകണങ്ങൾ രൂപം കൊള്ളുകയാണ് ഇനി വേണ്ടത്. ഇതിനായി സിൽവർ അയഡൈഡ്, ഡ്രൈ ഐസ് എന്നീ രാസപദാർഥങ്ങൾ ചേർക്കും. ഇതോടെ ജലകണികകൾക്കു വലുപ്പം കൂടുകയും ഗുരുത്വാകർഷണം മൂലം മഴയായി താഴേക്കുപതിക്കുകയും ചെയ്യുന്നു.

മഴയുടെ സാമ്പത്തികശാസ്‌ത്രം

cloud

ഭൂമിയിൽ നിന്ന് 12,000 അടി ഉയരത്തിലുള്ള, 2000 മീറ്റർ കനവും ആറു കിലോമീറ്റർ നീളവുമുള്ള മേഘ പടലങ്ങളാണ് കൃത്രിമ മഴ പെയ്യിക്കാൻ ഉത്തമമെന്നു ശാസ്‌ത്രജ്‌ഞർ പറയുന്നു. റഡാറുകളുടെ സഹായത്താലാണ് ഈ മേഘങ്ങൾ ഏറെയുള്ള പ്രദേശങ്ങൾ കണ്ടെത്തുന്നത്. വിമാനത്തിന്റെ സഹായത്തോടെയോ റോക്കറ്റുപയോഗിച്ചോ മേഘപാളികളിൽ രാസവസ്‌തുക്കൾ വിതറുന്നു.

rain

സിൽവർ അയഡൈഡ് വിതറി മഴ പെയ്യിക്കാവുന്ന തരത്തിലുള്ള മേഘങ്ങൾ കുറവാണെന്നത് ഇതിന്റെയൊരു പോരായ്‌മയാണ്. ചെലവ് വളരെ ഭീമവും. മുടക്കുന്ന തുകയുടെ മൂല്യത്തിനുള്ള മഴ പെയ്യിക്കാൻ ഇപ്പോഴും കഴിയുന്നില്ല. 150 ചതുരശ്ര മീറ്റർ പ്രദേശത്ത് രണ്ടുമണിക്കൂർ മഴ പെയ്യിക്കണമെങ്കിൽ ഉദ്ദേശം 50 കോടി രൂപ വേണമെന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്ന ഒരു റഷ്യൻ ഏജൻസിയുടെ കണക്ക്. കെഎസ്‌ഇബിയല്ല ആരുകേട്ടാലും ഞെട്ടും. പണത്തിനു പഞ്ഞമില്ലാത്ത ഗൾഫ് രാജ്യങ്ങൾ ഇടയ്‌ക്കിടെ വൻതുക മുടക്കി കൃത്രിമ മഴ പെയ്യിക്കാറുണ്ട്. ഒരുകുപ്പി പച്ചവെള്ളത്തിനു 15 രൂപ കൊടുക്കേണ്ടി വരുമ്പോൾ രണ്ടു മണിക്കൂർ മഴയ്‌ക്ക് 50 കോടി കൊടുക്കുന്നതുകൊണ്ട് ഒരുനഷ്‌ടവുമില്ലെന്നു സാമ്പത്തിക പടുക്കൾക്കു വാദിക്കാം.

ദാഹമകറ്റാൻ വേണം കൂടുതൽ പദ്ധതികൾ

∙ മേഘപാളികളിൽ രാസവസ്തുക്കൾ വിതറി മഴപെയ്യിക്കുന്ന രീതിയാണു നിലവിൽ വിജയകരമായി നടപ്പാക്കുന്നത്. പ്രകൃതിദത്തമായ ഉപ്പും അപകടകരമല്ലാത്ത രാസവസ്തുക്കളും ചേർന്ന മിശ്രിതമാണു മേഘപാളികളിൽ വിതറുന്നത്. പൊട്ടാസ്യം ക്ലോറൈഡ് ഇതിൽ ഉൾപ്പെടുന്നു.

∙ വിമാനങ്ങളോ റോക്കറ്റുകളോ ഉപയോഗിച്ചാണു രാസമിശ്രിതം മേഘങ്ങളിലെത്തിക്കുക. ഭൂമിയിൽനിന്നു നേരിട്ട് എത്തിക്കാൻ കഴിയുന്ന സംവിധാനങ്ങളുമുണ്ട്.

∙ 2050 ആകുമ്പോഴേക്കു ലോകത്തു ജലത്തിനുള്ള ആവശ്യകത ഇപ്പോഴത്തേതിൽനിന്ന് 55% വർധിക്കും. ജനസംഖ്യാവർധന, നഗരവൽകരണം, ഊർജ, വ്യവസായ, കാർഷികമേഖലകളിൽ വർധിക്കുന്ന ആവശ്യം എന്നിവയാണു കാരണം.

∙ കാർഷിക മേഖലയ്ക്കും വൻതോതിൽ ജലം ആവശ്യമായിവരുന്നു. യുഎഇയുടെ മൊത്തം ജല ഉപയോഗത്തിന്റെ 34% കാർഷികമേഖലയിലാണ്. ഗാർഹിക–വ്യാവസായിക ആവശ്യത്തിനു 32%, മരങ്ങൾ വച്ചുപിടിപ്പിക്കാനും മറ്റുമായി 15% എന്നിങ്ങനെയും വേണ്ടിവരുന്നു.

കൃത്രിമമഴയിൽ പ്രതീക്ഷ തളിർക്കുന്നു

കൃത്രിമമായി മഴ പെയ്യിക്കുന്ന പദ്ധതി പല വികസിതരാജ്യങ്ങളും നടപ്പാക്കുന്നുണ്ട്. മാറുന്ന കാലാവസ്ഥയും പാരിസ്ഥിതിക പ്രശ്നങ്ങളും ഇത്തരം സംരംഭങ്ങളുടെ പ്രാധാന്യം കൂട്ടുന്നു. ഈ രംഗത്തു മുൻനിരയിലുള്ള തായ്ലൻഡിലും ജപ്പാനിലും യുഎഇ സംഘം ഈയിടെ സന്ദർശനം നടത്തിയിരുന്നു. കാർഷിക മേഖലകളിൽ മഴ ലഭ്യത കൂട്ടുകയാണു തായ്ലൻഡിലെ രീതി. മഴ പെയ്യിക്കുകയും വെള്ളം സൂക്ഷിക്കാൻ സംവിധാനമൊരുക്കുകയും ചെയ്യും.

rain-umbrella

കൃഷിയിടങ്ങളിൽ ഈ വെള്ളം ഉപയോഗിക്കുന്നു. ഭൂഗർഭ ജലശേഖരം കുറയുന്നില്ല എന്നതാണു പ്രധാന നേട്ടം. മേൽമണ്ണിലെയും കീഴ്മണ്ണിലെയും വളക്കൂറ് കൂടും. ജൈവവളങ്ങൾ കൂടുതലായി പരീക്ഷിക്കാനുമാകും.

കാലാവസ്ഥാനിരീക്ഷണം, ചൂടുകാലത്തും മഴമേഘങ്ങൾ രൂപപ്പെടുത്തുക എന്നിവയിലാണു ജാപ്പനീസ് ശാസ്ത്രസംഘം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഏതുസമയത്തും മഴ പെയ്യിക്കാനാകുമെന്നതാണു നേട്ടം

മേഘങ്ങൾ കുറവാണെന്നതും ഉയർന്ന ചെലവുമാണ് പ്രതികൂല ഘടകങ്ങൾ.

മഴയ്ക്കായി മരം നടാം

heavy-rain

മഴ കുറയുമ്പോൾ കൃത്രിമ മഴ എന്ന ആശയവുമായി നമ്മുടെരാജ്യത്ത് മിക്ക സംസ്‌ഥാന സർക്കാരുകളും ഇറങ്ങിത്തിരിക്കാറുണ്ട്. പക്ഷേ, ഫലപ്രദമായി മഴ പെയ്യിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. 1982ൽ കർണാടക സർക്കാർ കാവേരിയുടെ പരിസരങ്ങളിൽ കൃത്രിമ മഴ പെയ്യിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. തമിഴ്‌നാടാകട്ടെ 1984ൽ ചിറകുകളിൽ സിൽവർ അയഡൈഡ് തിരികൾ ഘടിപ്പിക്കാവുന്ന ഒരു പൈപ്പർ ആസ്‌ടെക് വിമാനം തന്നെ വാങ്ങിക്കളഞ്ഞു മഴ പെയ്യിക്കാൻ. എന്നിട്ടും കാര്യമായ ഫലമുണ്ടായില്ല. പശ്‌ചിമഘട്ടത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും മഴ പെയ്യിക്കുന്നതിൽ അതിനുള്ള പങ്കിനെക്കുറിച്ചുമൊക്കെ പഠിച്ച മാധവ് ഗാഡ്‌ഗിൽ റിപ്പോർട്ടിനെതിരെ വാളെടുക്കുന്നവരും ആറ്റുനോറ്റിരുന്നു കിട്ടിയ പശ്‌ചിമഘട്ടത്തിന്റെ പൈതൃക പദവി തിരിച്ചുപിടിക്കണമെന്നു ബഹളം കൂട്ടുന്നവരും ആ സമയംകൊണ്ട് നാലു മരംനടുകയാണു വേണ്ടത്. മഴ പെയ്യാനുള്ള സാധ്യത അത്രയെങ്കിലും കൂടും.