Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘പന്തുരുട്ടി’ സംരക്ഷിച്ചു ജലത്തെ...!!

shade-balls Shade Balls

കേരളത്തിലെ ഓടകളിലേക്കു നോക്കിയാൽ എന്തു കാഴ്ചയാണോ അതേ അവസ്ഥയിലാണിപ്പോൾ ലൊസാഞ്ചലസിലെ ഒരു ജലസംഭരണി–ആകെ കറുത്തിരുണ്ട് കിടക്കുന്നു. കറുത്തതാണെങ്കിലും വെള്ളം ഓടകളിലേതുപോലെ വൃത്തികെട്ടതാണെന്നു കരുതരുത്.

Shade Balls Shade Balls

ജനങ്ങൾക്കു കുടിയ്ക്കാൻ വേണ്ടി ലൊസാഞ്ചൽസിലെ അധികാരികൾ കണ്ടെത്തിയ സൂത്രമാണ് ഈ വെള്ളം കറുപ്പിക്കൽ. സത്യത്തിൽ വെള്ളം കറുത്തതല്ല, ജലോപരിതലം മൊത്തം ആവരണം ചെയ്യുന്നവിധം കുറേ കറുത്ത പ്ലാസ്റ്റിക് ബോളുകൾ നിരത്തിയതാണ്. കൃത്യമായിപ്പറഞ്ഞാൽ നഗരാധിപന്റെ നിർദേശ പ്രകാരം 9.6 കോടി ബോളുകളാണ് ലൊസാഞ്ചൽസ് റിസർവോയറിൽ നിരത്തിയത്.

shade-balls-in-los-angeles-reservoir Shade Balls

കലിഫോർണിയയിലെ കനത്ത വരൾച്ചയിൽ നിന്ന് രക്ഷപ്പെടാൻ കൂടിയായിരുന്നു ഈ തന്ത്രം. ഏതാനും വർഷങ്ങളായി മേഖലയിൽ ഈ വരൾച്ച തുടരുന്നു. ഒരുവിധത്തിൽപ്പെട്ട ജലസ്രോതസ്സുകളെല്ലാം വറ്റിവരണ്ടു. കുടിവെള്ളത്തിന് കനത്ത നിയന്ത്രണങ്ങൾ വരെ ഏർപ്പെടുത്തേണ്ടി വന്നു.

ഈ സാഹചര്യത്തിലാണ് നഗരത്തിലേക്കുള്ള പ്രധാന കുടിവെള്ളസ്രോതസ്സുകളിലൊന്നായ ലൊസാഞ്ചൽസ് റിസർവോയറിലെ െവള്ളം സംരക്ഷിക്കാൻ തീരുമാനിച്ചത്. റിസർവോയറിന്റെ 175 ഏക്കർ പ്രദേശത്തും ഷെയ്ഡ് ബോൾസ് എന്നറിയപ്പെടുന്ന ഈ കറുത്ത പ്ലാസ്റ്റിക് പന്തുകൾ നിറച്ചിരിക്കുകയാണ്.

പേരുസൂചിപ്പിക്കും പോലെത്തന്നെ കുടിവെള്ളത്തെ ‘തണലൊരുക്കി’ സംരക്ഷിക്കുകയാണ്. ഇവയുടെ ജോലി. ജലത്തിനു മുകളിലെ പന്താവരണം കാരണം ബാഷ്പീകരണം മൂലമുള്ള ജലനഷ്ടം തടയപ്പെടും.

put-more-shade-balls Shade Balls

ഇത്തരത്തിൽ ഒരു വർഷം 1.1 ബില്യൺ ലിറ്റർ ജലം സംരക്ഷിക്കാനാകും. ഇതാകട്ടെ 8100 പേർക്ക് ഒരു വർഷത്തേക്ക് വിതരണം ചെയ്യാവുന്നയത്രയും വരും. സൂര്യപ്രകാശവും ജലത്തിലെ ക്ലോറിനും തമ്മിൽ പ്രവർത്തിച്ച് രാസവസ്തുക്കളുണ്ടാകുന്നത് തടയാനും ഷെയ്ഡ് ബോളുകൾ സഹായിക്കും.

ആൽഗെകളുടെ വളർച്ച തടയാനും സഹായിക്കും ഈ തണൽപ്പന്തുകൾ. പക്ഷികളും മറ്റും വഴിയുള്ള മലിനീകരണവും ഒരു പരിധി വരെ തടയപ്പെടും. ഇടയ്ക്കിടെ ഒന്ന് ഇളക്കിക്കൊടുത്താൽ മതിയെന്നതല്ലാതെ മറ്റ് മെയിന്റനൻസ് ചെലവുകളുമില്ല.

ball-shade-ball Shade Balls

ഒരു ബോളിന് .35 ഡോളറേയുള്ളൂ ചെലവ്. ആകെ 3.45 കോടി ഡോളർ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. പക്ഷേ ജലത്തിന്റെ ഗുണമേന്മ സംരക്ഷിക്കാനായി നിലവിലുള്ള മറ്റ് വഴികൾ നോക്കിയാൽ ഈ സ്ഥാനത്ത് 25 കോടി ഡോളറെങ്കിലും ചെലവാകുമെന്ന് അധികൃതർ പറയുന്നു. അടുത്തഘട്ടമായി 10 കോടി ഡോളർ ചെലവിൽ അൾട്രാവയലറ്റ് വാട്ടർ ട്രീറ്റ്മെന്റ് സംവിധാനവും തയാറാക്കാനൊരുങ്ങുകയാണ് ലൊസാഞ്ചൽസ് അധികൃതർ

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.