Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു തെരുവു പട്ടിയുടെ ആത്മകഥ; ഡോക്യുമെന്ററിയൊരുങ്ങുന്നു

stray-dog-02 ഒരു തെരുവു പട്ടിയുടെ ആത്മകഥ എന്ന ഡോക്യുമെന്ററിയിലെ ദൃശ്യങ്ങൾ

കേരളത്തിലിന്ന് ഏറ്റവുമധികം ചർച്ചചെയ്യപ്പെടുന്ന തെരുവുനായ പ്രശ്നം അന്താരാഷ്ട്ര ശ്രദ്ധ നേടുന്നു. മനുഷ്യരെ കൊല്ലുന്ന തെരുവു നായകളുടെയും മനുഷ്യർ കൊല്ലുന്ന തെരുവു നായകളുടേയും ജീവിതകഥ പറയുകയാണ് ഓട്ടോബയോഗ്രഫി ഓഫ് എ സ്ട്രേ ഡോഗ് (ഒരു തെരുവു പട്ടിയുടെ ആത്മകഥ) എന്ന ഡോക്യുമെന്ററി. ഒരേ സമയം ഇംഗ്ലീഷിലും മലയാളത്തിലും നിർമ്മിക്കുന്ന ഈ ഡോക്യുമെന്ററിയുടെ ആദ്യഘട്ട ചിത്രീകരണം തിരുവനന്തപുരത്ത് പുല്ലുവിളയിൽ തുടങ്ങി.

Stray dog ഒരു തെരുവു പട്ടിയുടെ ആത്മകഥ എന്ന ഡോക്യുമെന്ററിയുടെ അണിയറ പ്രവർത്തകർ

ബെഥേസ്ദ എന്റർടെയിൻമെന്റ് ഇന്റർനാഷണലിന്റെ ബാനറിൽ ഓട്ടോബയോഗ്രഫി ഓഫ് എ സ്ട്രേ ഡോഗ് നിർമിക്കുന്നത് ബൈജു ജോൺ ആണ്. ഓർക്കുക വല്ലപ്പോഴും, കഥവീട് തുടങ്ങിയ ചലച്ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകൻ സോഹൻലാലാണ് വിവാദവിഷയമായ തെരുവുനായ പ്രശ്നത്തിന്റെ ദൃശ്യഭാഷ്യമൊരുക്കുന്നത്. ഇന്ത്യാവിഷൻ, അമൃത ടിവി തുടങ്ങിയ ചാനലുകളിൽ പ്രവർത്തിച്ചിരുന്ന കാലഘട്ടത്തിൽ ധാരാളം ഡോക്യുമെന്ററികൾ ചെയ്തിരുന്നെങ്കിലും സിനിമയിലേക്കു തിരിഞ്ഞപ്പോൾ ഡോക്യുമെന്ററി നിർമാണം ഉപേക്ഷിച്ചിരുന്നു. വിഷയത്തിന്റെ കാലിക പ്രാധാന്യമാണ് വീണ്ടുമൊരു ഡോക്യുമെന്ററി ചെയ്യാൻ തന്നെ പ്രേരിപ്പിച്ചതെന്ന് സോഹൻലാൽ പറഞ്ഞു. പേരു സൂചിപ്പിക്കുന്നതു പോലെ ചിത്രം തെരുവുനായകളുടേയും നായ സ്നേഹികളുടേയും ഭാഗത്തു നിന്നു ചിന്തിക്കുന്നതാണോ എന്ന ചോദ്യത്തിന് ഒരു കൊലപാതകിയുടെ ആത്മകഥ കൊലപാതകത്തെ ന്യായീകരിക്കുന്നതാവണമെന്നില്ലല്ലോ എന്ന മറുപടിയാണ് സോഹൻലാൽ നൽകുന്നത്.

stray-dog-01 ഒരു തെരുവ് പട്ടിയുടെ ആത്മകഥ എന്ന ഡോക്യുമെന്ററിയിലെ ദൃശ്യങ്ങൾ

പ്രശസ്ത ഛായാഗ്രാഹകരായ എം. ജെ രാധാകൃഷ്ണൻ, മനോജ്പിള്ള എന്നിവരുടെ അസോസിയേറ്റായ ഉമാശങ്കർ, അഭിജിത്ത് എന്നിവർ സ്വതന്ത്രഛായാഗ്രാഹകരാകുന്ന ചിത്രം കൂടിയാണിത്. ചിത്രസംയോജനം: സാംരാജ്, ശബ്ദലേഖനം: ശ്രീഹരി, ഗ്രാഫിക്സ്: സുധീർ പി യൂസഫ്, ഒരാൾപൊക്കം, ഒഴിവുദിവസത്തെ കളി എന്നീ സിനിമകളുടെ സംഗീതസംവിധായകനായ ബേസിൽ സി.ജെയാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. 

Your Rating: