Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗ്രീൻലാൻഡിൽ നീളൻ വിള്ളൽ; തകർന്നാൽ വൻദുരന്തം, ഭീതിയോടെ ഗവേഷകർ

Petermann Glacier

ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലാൻഡിലെ മഞ്ഞിൻപാളികളിൽ നീളൻ വിള്ളൽ. ദ്വീപിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായ പീറ്റർമെൻ ഹിമാനി(glacier)യിൽ കണ്ടെത്തിയ വിള്ളലിന്റെ ഫോട്ടോകളും വിഡിയോകളും കഴിഞ്ഞ ദിവസം നാസ പുറത്തുവിട്ടു. ആറു വർഷങ്ങൾക്കു ശേഷമാണ് ഇത്തരമൊരു വിള്ളൽ പീറ്റൻമെനിൽ രൂപപ്പെടുന്നത്. സാധാരണയായി ഹിമാനിയുടെ വശങ്ങളിലാണ് വിള്ളലുകളുണ്ടാവുക പതിവ്. എന്നാൽ പീറ്റർമെനിന്റെ മധ്യഭാഗത്തായാണ് നാസയുടെ ‘ഓപറേഷൻ ഐസ്ബ്രിഡ്ജ്’ സംഘം വിള്ളൽ കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ കാരണമെന്താണെന്നറിയാതെ തലപുകയ്ക്കുകയാണ് ഗവേഷകർ. മാത്രവുമല്ല ഹിമാനിയുടെ കിഴക്കു വശത്ത് നേരത്തേ മുതലുള്ള മറ്റൊരു വിള്ളൽ മധ്യഭാഗത്തേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണ്. ചിത്രങ്ങളിൽ രണ്ടു വിള്ളലുകളും വ്യക്തവുമാണ്. ഇവ രണ്ടും കൂടിച്ചേർന്നാൽ അത് സൃഷ്ടിക്കുന്ന പാരിസ്ഥിതികാഘാതവും മനുഷ്യനു സൃഷ്ടിക്കുന്ന ബുദ്ധിമുട്ടും ഏറെ വലുതായിരിക്കും. 

തിരക്കേറ്റിയ അറ്റ്‌ലാന്റിക് കപ്പൽ ചാലിലെ ഗതാഗതത്തെ തടസ്സപ്പെടുത്തുന്നതിൽ പ്രധാനപങ്കു വഹിക്കുന്നത് മഞ്ഞുമലകളാണ്. ടൈറ്റാനിക് എന്ന വമ്പൻ കപ്പൽ പോലും തകർന്നത് അത്തരമൊരു മഞ്ഞുമല കൊണ്ടാണ്. ഈ മഞ്ഞുമലകളെല്ലാം വരുന്നത് ഗ്രീൻലാൻഡിലെ പലതരം ഹിമാനികളിൽ നിന്നാണ്. അതായത് പീറ്റർമെൻ ഹിമാനി രണ്ടായി പിളർന്നാൽ അതിൽ നിന്നുണ്ടാകുന്ന മഞ്ഞുമലകൾ സൃഷ്ടിക്കുന്ന ദോഷം ചെറുതായിരിക്കില്ല. കപ്പൽഗതാഗതത്തെ മാത്രമല്ല സമുദ്രജലനിരപ്പിനെ പോലും ബാധിക്കും ഹിമാനിയുടെ ‘പൊട്ടിത്തെറി’. 

Petermann Glacier A closeup shot of the new rift on Petermann Glacier

പീറ്റർമെന്റെ കാര്യത്തിൽ അത്രയേറെ ആശങ്കയുളവാകുന്നതിനുമുണ്ട് കാരണം. ഗ്രീൻലാൻഡിന്റെ വടക്കു–പടിഞ്ഞാറ് ഭാഗത്തായാണ് ഈ കൂറ്റൻ ഹിമാനിയുടെ സ്ഥാനം. ഗ്രീൻലാൻഡ് ഐസ് ഷീറ്റിനെ ആർടിക് സമുദ്രവുമായി ബന്ധിപ്പിക്കുന്നത് പീറ്റർമെന്നാണ്. ഗ്രീൻലാൻഡിന്റെ ഉപരിതലത്തിലെ 80 ശതമാനം ഭാഗവും ചേർന്നതാണ് ഗ്രീൻലാൻഡ് ഐസ് ഷീറ്റെന്നോർക്കണം.17.1 ലക്ഷം ചതുരശ്രകിലോമീറ്ററിലാണ് ഈ മഞ്ഞുപാളി വ്യാപിച്ചു കിടക്കുന്നത്. അതിനെ ആർടിക് സമുദ്രവുമായി ബന്ധപ്പെടുത്തിയിരിക്കുന്ന ഭാഗത്തിന് തകർച്ച നേരിട്ടാൽ അത് ദുരന്തമായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ! 

എന്നാൽ തത്കാലത്തേക്ക് പേടിക്കേണ്ടെന്നും വിദഗ്ധർ പറയുന്നു. ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന വിള്ളൽ ഇനി വളരില്ലെന്നാണ് സൂചന. അങ്ങനെയെങ്കിൽ രണ്ട് വിള്ളലുകളും കൂടിച്ചേരാനുള്ള സാധ്യതയും വളരെ കുറവാണ്. പക്ഷേ വിള്ളൽ എങ്ങനെ സൃഷ്ടിക്കപ്പെട്ടു എന്നറിയേണ്ടത് അത്യാവശ്യമാണ്. കാരണം സമാനരീതിയിലുള്ള വിള്ളൽ ഇനിയുമുണ്ടായാൽ പീറ്റർമെൻ പിളർന്ന് മഞ്ഞുമലകൾ കപ്പൽച്ചാലുകളിലേക്കൊഴുകുമെന്നത് ഉറപ്പായ കാര്യം. 

Petermann Glacier Petermann Glacier's south wall and side glacier. Image Credit: NASA

നെതർലൻഡ്സിലെ സാങ്കേതിക സർവകലാശാല പ്രഫസറായ സ്റ്റെഫ് ലെർമിറ്റാണ് സാറ്റലൈറ്റ് ചിത്രങ്ങൾ വിശകലനം ചെയ്ത് ഗ്രീൻലാൻഡിലെ അസാധാരണ വിള്ളലിനെപ്പറ്റി നാസയ്ക്ക് ആദ്യം വിവരം നൽകിയത്. തുടർന്ന് നാസ ഓപറേഷൻ ഐസ്ബ്രിഡ്ജ് സംഘത്തെ ഇവിടേക്കയക്കുകയായിരുന്നു. ഗ്രീൻലാൻഡിലെയും അന്റാർട്ടിക്കയിലെയും മഞ്ഞുമലകൾ രൂപപ്പെടുന്നതിന്റെയും രൂപം മാറുന്നതിന്റെയും അവസ്ഥകൾ പഠിക്കാൻ തയാറാക്കിയ പദ്ധതിയാണ് ഓപറേഷൻ ഐസ്ബ്രിഡ്ജ്. 

Petermann Glacier Petermann Glacier's east wall near the terminus of the floating ice shelf. Image Credit: NASA

2010ലും 2012ലും വമ്പൻ ഭാഗങ്ങൾ പീറ്റർമെൻ ഹിമാനിയിൽ നിന്ന് ഇളകിപ്പോന്നിട്ടുണ്ട്. 2010 ഓഗസ്റ്റിൽ പൊട്ടിയടർന്ന മഞ്ഞുമലയ്ക്ക് മാൻഹട്ടൻ നഗരത്തിന്റെ ഇരട്ടിവലുപ്പമുണ്ടായിരുന്നു. അത് യുഎസ് കോൺഗ്രസിൽ വരെ ചർച്ചയായി. ഇത്തവണ വിള്ളലുണ്ടായാൽ അത് മാൻഹട്ടനോളം പോന്ന മഞ്ഞുമലയെയായിരിക്കും കടലിലേക്കൊഴുക്കി വിടുകയെന്നും വിദഗ്ധർ കണക്കുകൂട്ടി മുന്നറിയിപ്പു നൽകുന്നു. ഒപ്പം അത് വൻ അപകടമാണെന്ന സൂചനയും!