Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാലാവസ്ഥാ വ്യതിയാനം ഗ്രിസ്ലി കരടികളെ വേനലില്‍ വെജിറ്റേറിയനാക്കിയോ?

grizzly bears

ഭൂമിയിലെ ഏറ്റവും ആക്രമണകാരികളായ ജീവികളാണ് ഗ്രിസ്ലി കരടികള്‍. വിശന്നിരിക്കുമ്പോള്‍ കയ്യിൽക്കിട്ടുന്ന എന്തിനെയും കൊന്നു തിന്നുന്ന മികച്ച വേട്ടക്കാര്‍. എങ്കിലും ഇവയുടെ ഭക്ഷണത്തില്‍ പ്രഥമ സ്ഥാനം സാല്‍മണ്‍ മത്സ്യങ്ങള്‍ക്കാണ്, പ്രത്യേകിച്ചും വേനല്‍ക്കാലത്ത്. അരുവികളില്‍ നിന്ന് സാല്‍മണ്‍ മത്സ്യത്തെ വേട്ടയാടുന്ന ഗ്രിസ്ലി കരടികളുടെ കാഴ്ചകള്‍ വന്യജീവി ലോകത്തെ മികച്ച ദൃശ്യങ്ങളില്‍ ഒന്നാണ്. 

അതേസമയം കാലാവസ്ഥാ വ്യതിയാനം ഗ്രിസ്ലി കരടികളുടെ ഈ ജീവിതചര്യയില്‍ മാറ്റം വരുത്തിയെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. രണ്ട് കാര്യങ്ങള്‍ ഒരേ സമയം സംഭവിച്ചതാണ് ഇതിനു കാരണം. രണ്ടിലേക്കും നയിച്ചത് ആഗോള താപനം മൂലമുള്ള ഉയര്‍ന്ന താപനിലയും. ചൂട് കൂടിയതോടെ മഞ്ഞുരുക്കം വർധിക്കുകയും വേനല്‍ക്കാലത്തും അരുവികള്‍ നിറഞ്ഞ് ശക്തമായി ഒഴുകാന്‍ തുടങ്ങുകയും ചെയ്തു. ഇതോടെ സാല്‍മൺ മത്സ്യത്തെ വേട്ടയാടുകയെന്നത് കരടികള്‍ക്ക് അത്ര എളുപ്പമല്ലാതായി.

grizzly bears

അതേസമയം തന്നെ ഉയര്‍ന്ന താപനില മൂലം ഇവയുടെ മറ്റൊരു പ്രധാന ഭക്ഷണ ഇനമായ എല്‍ഡര്‍ബറീസ് എന്ന പഴം ഇപ്പോള്‍ ധാരാളമായി ലഭ്യമാണ്. ജൂലൈയില്‍ കായ്കളുണ്ടായി ഓഗസ്റ്റിലും സെപ്റ്റംബറിലുമായി കഴിക്കാന്‍ പാകമാകുന്നവയാണ് ഈ പഴങ്ങള്‍. ഈ മാസങ്ങളില്‍ ഇവയുടെ ഭക്ഷണമെനുവില്‍ എല്‍ഡര്‍ ബറീസിന് ചെറുതല്ലാത്ത പങ്കുമുണ്ട്. എന്നാല്‍ ഇക്കുറി എല്‍ഡര്‍ബറീസ് ജൂണ്‍ പകുതി ആയപ്പോഴേക്കും കഴിക്കാന്‍ പാകമായി.

ഇതോടെയാണ് സാല്‍മണെ വിട്ട് ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള സമയങ്ങളില്‍ കരടികള്‍ എല്‍ഡര്‍ ബറീസിന് പ്രാധാന്യം നല്‍കിയത്. എന്നാല്‍ എല്‍ഡര്‍ ബറീസ് ലഭിക്കാതാവുകയും സെപ്റ്റംബര്‍ മുതല്‍ അരുവികളില്‍ സാല്‍മണ്‍ വളരെ കുറയുകയും ചെയ്യും. അതിനാല്‍ തന്നെ ഒക്ടോബര്‍ മുതല്‍ നവംബര്‍ അവസാനം വരെ അവ ഭക്ഷ്യപ്രതിന്ധി നേരിട്ടേക്കാമെന്നാണ് ഗവേഷകരുടെ നിഗമനം.