Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഗോള താപനം രൂക്ഷം; നാശം മുന്നില്‍ക്കണ്ട് ലോകത്തിലെ ഏറ്റവും ആഴമേറിയ തടാകം

Lake Baikal

റഷ്യയിലെ ബെയ്കല്‍ തടാകം അതിന്‍റെ ചരിത്രത്തിലെ ഏറ്റവും ദയനീയമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. സൈബിരീയയിലുള്ള ബെയ്കലിന്റെ അവസ്ഥ പണ്ട് സോവിയറ്റ് യൂണിയന്‍റെ ഭാഗമായിരുന്നതും ഇന്നു മരുഭൂമിയായിമാറിയതുമായ ആരൽ കടലിനെ ഓര്‍മ്മിപ്പിക്കുന്നു. അന്നു ഭരണകൂടത്തിന്‍റെ മണ്ടത്തരമാണ് ആരൽ കടലിന്‍റെ ഇന്നത്തെ അവസ്ഥയ്ക്കു കാരണമായതെങ്കില്‍ ബെയ്കലിന്റെ സമാനമായ അന്ത്യത്തിലേക്കു നയിക്കുന്നത് ആഗോളതാപനമാണ്.

ഭൂമിയില്‍ മഞ്ഞുപാളികള്‍ക്കു പുറത്തുള്ള ആകെയുള്ള ശുദ്ധജലത്തിന്‍റെ അഞ്ചിലൊന്നും ഉള്‍ക്കൊള്ളുന്നത് ബെയ്കല്‍ തടാകത്തിലാണ്. അപൂര്‍വ്വങ്ങളായ വിവിധയിനം മത്സ്യങ്ങളുടെയും ശുദ്ധജല സസ്യങ്ങളുടെയും ആവാസകേന്ദ്രം കൂടിയായിരുന്നു ബെയ്കല്‍ തടാകം. ആഗോളതാപനം രണ്ടു തരത്തിലാണ് ബെയ്കലിനെ ബാധിച്ചത്. ഒന്ന് നദികളില്‍ നിന്നുള്ള ജലത്തിന്‍റെ ലഭ്യത കുറഞ്ഞതോടെ തടാകത്തിലെ ജലം വലിയ അളവില്‍ കുറഞ്ഞു. ഇതോടൊപ്പം തടാകത്തിലെ താപനില വർധിച്ചത് ജന്തു സസ്യജാലങ്ങളുടെ കൂട്ടമരണത്തിനു കാരണമായി. വർധിച്ച താപനിലയ്ക്കൊപ്പം പച്ച നിറത്തിലുള്ള ആല്‍ഗകള്‍ കൂടി വ്യാപകമായതോടെ ശേഷിക്കുന്ന ജീവികളുടെയും നിലനില്‍പ്പ് പരുങ്ങലിലാണ്.

പരിസ്ഥിതി പ്രവര്‍ത്തകര്‍ ആശങ്കയോടെ ഇക്കാര്യത്തെ കാണാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. അതേസമയം അധികൃതര്‍ തടാകത്തിന്റെ സംരക്ഷണത്തിനു വേണ്ടി ഇതുവരെ കാര്യമായ നടപടിപടികളൊന്നുമെടുത്തിട്ടില്ല. ഏതാണ്ട് 3600  ഇനത്തില്‍ പെട്ട ജന്തുസസ്യജാലങ്ങള്‍ ഈ തടാകത്തില്‍ മാത്രം കാണപ്പെടുന്നവയാണ്. അതിനാല്‍ തന്നെ അത്യപൂര്‍വ്വ പരിസ്ഥിതി മേഖലകളുടെ പട്ടികയിലാണ് ലോക പൈതൃക സംരക്ഷണ സംഘടനയായ യുനെസ്കോ ഈ തടാകത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. റഷ്യയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രം കൂടിയാണിത്.

Lake Baikal

ജന്തുസസ്യജാലങ്ങളില്‍ ഏറ്റവും വലിയ നഷ്ടമുണ്ടായത് ഈ തടാകത്തില്‍ മാത്രം കാണപ്പെടുന്ന ഒമുല്‍ എന്ന സാല്‍മണ്‍ ഇനത്തില്‍ പെട്ട ശുദ്ധജലമത്സ്യത്തിനാണ്. എട്ടു വര്‍ഷം മുന്‍പുവരെ ഇരുപത്തഞ്ച് ലക്ഷത്തോളം ഉണ്ടായിരുന്ന ഇവയുടെ ഇപ്പോഴത്തെ എണ്ണം പത്തു ലക്ഷത്തില്‍ താഴെയാണെന്നും ഗവേഷകര്‍ പറയുന്നു. പരിസ്ഥിതി പ്രവര്‍ത്തകരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഈ മത്സ്യങ്ങളുടെ സംരക്ഷണാര്‍ത്ഥം ഒക്ടോബര്‍ മുതല്‍ തടാകത്തില്‍ വ്യാവസായിക അടിസ്ഥാനത്തിലുള്ള മീന്‍പിടുത്തം നിരോധിച്ചിരിക്കുകയാണ്.

സമീപ നഗരങ്ങളില്‍ നിന്നുള്ള മലിനജലത്തിന്‍റെയെല്ലാം ലക്ഷ്യസ്ഥാനം ഇപ്പോഴും ഈ തടാകമാണ്. ഇതും ബേയ്കലിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള ശുദ്ധജലതടാകങ്ങള്‍ നേരിടുന്ന പ്രതിസന്ധികള്‍ക്കു തുല്യമാണ് ബെയ്കലും നേരിടുന്നത്. അതേസമയം ജൈവവൈവിധ്യത്തില്‍ ഇവയേക്കാളൊക്കെ മുന്നിലാണ് ബെയ്കല്‍ തടാകം.