Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അരയന്നം മുട്ടയിട്ടത് പ്ലാസ്റ്റിക് കൂട്ടില്‍; കണ്ണു തുറന്നു കാണണം ഈ ദൃശ്യം

swans Nest

ജലക്ഷാമം രൂക്ഷമായതിനെത്തുടര്‍ന്ന് വെള്ളത്തിന് ‘റേഷനിങ്’ ഏര്‍പ്പെടുത്തിയിരിക്കുകയാണു ദക്ഷിണാഫ്രിക്കയുടെ തലസ്ഥാനമായ കേപ്ടൗണില്‍. പ്രകൃതിദത്ത സ്രോതസ്സുകളില്‍ വെള്ളം വറ്റിവരണ്ടതോടെ ജനം കുപ്പിവെള്ളത്തിലേക്കും പൈപ്പ് വെള്ളത്തിലേക്കും മാറി. സര്‍ക്കാര്‍ റേഷനായി വിതരണം ചെയ്യുന്ന വെള്ളമല്ലാതെ ഏക ആശ്രയം കുപ്പിവെള്ളമാണ്. അങ്ങനെയിരിക്കെയാണ് അടുത്ത പ്രശ്‌നം. പ്ലാസ്റ്റിക് കുപ്പികളിലാണു വെള്ളമെത്തുന്നത്. അവ റീസൈക്കിള്‍ ചെയ്യുന്നതിനുള്ള വന്‍ സൗകര്യമൊന്നും കേപ്ടൗണിലില്ല. ജലദൗര്‍ലഭ്യത്തിനു പിന്നാലെ പ്ലാസ്റ്റിക് മലിനീകരണവും വന്‍ പ്രശ്‌നമാകുന്ന സാഹചര്യമാണിവിടെ. 

കേപ്ടൗണില്‍ നിന്നു മാത്രമല്ല ഡെന്മാര്‍ക്കിന്റെ തലസ്ഥാനമായ കോപ്പന്‍ഹേഗനില്‍ നിന്നു സമാനമായ വാര്‍ത്ത എത്തുന്നുണ്ട്. വാര്‍ത്തയല്ല ഒരു ചിത്രം. കോപ്പന്‍ഹേഗനില്‍ പ്ലാസ്റ്റിക് സൃഷ്ടിക്കുന്ന ഭീഷണി ഇത്രയും വ്യക്തമായി ലോകത്തിനു മുന്നിലെത്തിക്കാന്‍ മറ്റൊരു വഴിയുമുണ്ടാകില്ലെന്നത് ഉറപ്പ്. ആനിമേഷന്‍ സിനിമകളിലും ചിത്രകഥകളിലുമൊക്കെ നാം കണ്ടിട്ടുള്ള മനോഹരമായ അരയന്നങ്ങള്‍ ഏറെയുണ്ട് കോപ്പന്‍ഹേഗനിലെ തടാകങ്ങളില്‍. അത്തരമൊരു തടാകത്തില്‍ നിന്നാണ് ആ വാര്‍ത്താ ചിത്രം പുറത്തു വന്നത്. പ്ലാസ്റ്റിക് മാലിന്യം നിറഞ്ഞ ഒരു കൂട്ടില്‍ അരയന്നം മുട്ടയിട്ടതിന്റെ ദൃശ്യങ്ങളായിരുന്നു അത്. 

തടാകത്തിലൂടെ ഒഴുകുന്ന കൂടുകളാണ് അരയന്നങ്ങളുണ്ടാക്കാറുള്ളത്. മരക്കമ്പുകളും ഇലകളുമൊക്കെയാണു കൂടുനിര്‍മാണത്തിന് ഉപയോഗിക്കുന്നതും. അതാണ് ഇപ്പോള്‍ പ്ലാസ്റ്റിക്കിലേക്കു വഴിമാറിയിരിക്കുന്നത്. കോപ്പന്‍ഹേഗനില്‍ മാത്രമല്ല രാജ്യാന്തര തലത്തില്‍ തന്നെ പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ ആ ചിത്രമുപയോഗിച്ചുള്ള പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. പ്ലാസ്റ്റിക് നിറഞ്ഞ കൂട്ടിലേക്കു മുട്ട വിരിഞ്ഞു പുറത്തു വരുന്ന കുഞ്ഞുങ്ങളുടെ കാര്യമോര്‍ത്താണ് ലോകത്തിന് ആശങ്ക. ധാന്യമണികളും പ്രാണികളും മറ്റുമൊക്കെയാണ് ഇവയുടെ ഭക്ഷണം. അമ്മ അരയന്നം കൂട്ടിലെത്തിക്കുന്ന ഭക്ഷണത്തിനൊപ്പം പ്ലാസ്റ്റിക്കിന്റെ ചെറു കഷണങ്ങളും കുഞ്ഞുങ്ങളുടെ വയറ്റിലെത്തും. ഫോട്ടോയിലുള്ള അരയന്നക്കൂട്ടില്‍ തന്നെ ഗുളികയുടെ കവറും പ്ലാസ്റ്റിക് കവറും മൊബൈല്‍ പൗച്ചും പഴ്‌സുമൊക്കെ കാണാം‍. ഇവ കാലക്രമേണ പൊടിയുകയും ചെയ്യും. ഈ പ്ലാസ്റ്റിക് പൊടിക്കൊപ്പം അകത്തേക്കു ചെയ്യുന്ന ഭക്ഷ്യവസ്തുക്കളിന്മേല്‍ കൃത്യമായ ദഹനം നടക്കില്ല. ദഹനവ്യവസ്ഥ താറുമാറാകും. വൈകാതെ തന്നെ അരയന്നക്കുഞ്ഞുങ്ങള്‍ ചത്തു പോവുകയും ചെയ്യും. 

swans Nest Image Credit: Mads Claus Rasmussen/Ritzau Scanpix

ലോകത്തിന്റെ പല ഭാഗങ്ങിലും ആവാസവ്യവസ്ഥയില്‍ നേരിടുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്നായി മാറിയിരിക്കുകയാണ് ഈ ‘പ്ലാസ്റ്റിക് തീറ്റ’. കേരളത്തിലെ കാടുകളില്‍ത്തന്നെ ആനകളുടെ വയറ്റില്‍ നിന്നു വന്‍തോതില്‍ പ്ലാസ്റ്റിക് കണ്ടെത്തിയ വാര്‍ത്തകളുമുണ്ടായിരുന്നു അടുത്തിടെ. ‘ജീര്‍ണിക്കാത്ത വസ്തുവാണ് പ്ലാസ്റ്റിക്. അത് അരയന്നങ്ങള്‍ക്കു മാത്രമല്ല ജീവലോകത്തിനു മുഴുവന്‍ ഭീഷണിയാണ്. ഡെന്മാര്‍ക്കില്‍ പ്ലാസ്റ്റിക് ഭീഷണി കൂടുതലുമാണ്. ദഹനം തകിടംമറിക്കുന്നുവെന്നു മാത്രമല്ല, പ്ലാസ്റ്റിക് വള്ളികളും കവറുകളും കുടുങ്ങി ജലജീവികള്‍ ചത്തൊടുങ്ങുന്നതും പതിവായിരിക്കുകയാണ്’-ഡാനിഷ് സൊസൈറ്റി ഫോര്‍ നേച്ചര്‍ കണ്‍സര്‍വേഷന്‍ പ്രസിഡന്റ് മരിയ റ്യൂമെര്‍ട് പറയുന്നു. 

ഈ സാഹചര്യത്തില്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഒരാഴ്ച നീളുന്ന ശുചീകരണം നടക്കുകയാണ് ഡെന്മാര്‍ക്കില്‍. 1.41 ലക്ഷം സ്‌കൂള്‍ കുട്ടികളാണ് ഈ ശുചിത്വവാരാചരണത്തില്‍ പങ്കെടുക്കുന്നത്. രാജ്യമെമ്പാടും ഇതുമായി ബന്ധപ്പെട്ട ശുചീകരണ യജ്ഞങ്ങള്‍ നടക്കും. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം ശേഖരിച്ചു തരംതിരിക്കുകയാണു ലക്ഷ്യം. ഓരോ ഇടവും ശുചിയാക്കുന്നതിനൊപ്പം ശേഖരിക്കുന്ന മാലിന്യം റീസൈക്ലിങ്ങിനും വിധേയമാക്കും. കഴിഞ്ഞ വര്‍ഷം നടത്തിയ ശുചീകരണത്തില്‍ ഡെന്മാര്‍ക്കില്‍ നിന്നു ശേഖരിച്ചത് 1.10 ലക്ഷം കാനുകളാണ്. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മറ്റു മാലിന്യങ്ങളാകട്ടെ 1.55 ലക്ഷം കിലോഗ്രാം ഉണ്ടായിരുന്നു!