Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാലാവസ്ഥാ വ്യതിയാനം ഭൂമിയെ കൊണ്ടുപോകുന്നതെങ്ങോട്ട്?

Rain Ernakulam Flood

കനത്ത മഴയില്‍ കേരളം വിറങ്ങലിച്ചു നില്‍ക്കുകയാണ്. എന്നാല്‍ ലോകത്തു പലയിടത്തും ഇതല്ല അവസ്ഥ. ചൂടുകാറ്റും കാട്ടുതീയും വരള്‍ച്ചയുമെല്ലാമാണ് അവിടെ ദുരന്തം വിതയ്ക്കുന്നത്. കേരളത്തില്‍ ദുരന്തം വിതയ്ക്കുന്ന കനത്ത മഴയ്ക്ക് കാലാവസ്ഥാ വ്യതിയാനവുമായി ബന്ധമുണ്ടോയെന്ന കാര്യം ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല. എന്നാല്‍ യൂറോപ്പിലും യുഎസിലും കാനഡയിലും ഏഷ്യയുടെ വടക്കന്‍ മേഖലകളിലും ആയിരത്തിലധികം ആളുകളുടെ ജീവനെടുത്ത കൊടും ചൂടിനു കാരണം കാലാവസ്ഥാ വ്യതിയാനമാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. 

Heat Wave

ഓരോ വര്‍ഷം കഴിയുന്തോറും കാലാവസ്ഥ കൂടുതല്‍ പ്രവചനാതീതവും അതുണ്ടാക്കുന്ന ആഘാതങ്ങള്‍ രൂക്ഷവുമാകുന്നു എന്നതിനു തെളിവാണ് ഇപ്പോള്‍ ഏതാണ്ട് ഉത്തരാർധം മുഴുവനും വീശുന്ന ഉഷ്ണക്കാറ്റ് . അമേരിക്കയിലെ ഫ്ലോറിഡയിലുള്‍പ്പെടെ ഇതുവരെ മഞ്ഞുവീഴ്ചയുണ്ടാകാത്ത മേഖലകളില്‍ കഴിഞ്ഞ ശൈത്യകാലത്തിന്റെ അവസാനം കനത്ത മഞ്ഞുവീഴ്ചയുണ്ടായിരുന്നു. ജീവികള്‍ മരവിച്ചു ചത്തു വീഴുകയും വിളകള്‍ മരവിച്ചു പോയതു മൂലം വ്യാപകമായ കൃഷിനാശമുണ്ടാവുകയും ചെയ്തിരുന്നു. ഈ അപ്രതീക്ഷിത കാലാവസ്ഥാ പ്രതിഭാസത്തിന്റെ മറ്റൊരു മുഖമാണ് ഇപ്പോള്‍ ശൈത്യമേഖലകളില്‍ പോലും താപനില 40 ഡിഗ്രിയോളം ഉയര്‍ത്തിയ ഉഷ്ണക്കാറ്റെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

PTI7_25_2017_000297B

അപ്രതീക്ഷിതമായെത്തുന്ന കടുത്ത ചൂടും തണുപ്പുമെല്ലാം കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏതാനും ചില ഉദാഹരണങ്ങള്‍ മാത്രമാണെന്നും കാലാവസ്ഥാ ഗവേഷകര്‍ പറയുന്നു. കാണാനാകുന്നതും അല്ലാത്തതുമായ  നിരവധി മാറ്റങ്ങള്‍ക്കു ഭൂമി വിധേയമായിക്കൊണ്ടിരിക്കുകയാണ്. ലോകമാകെ ഒരേ രീതിയിലല്ല കാലാവസ്ഥാ വ്യതിയാനം നാശം വിതയ്ക്കുന്നത്. ഒരിടത്ത് കനത്ത ചൂടാണെങ്കില്‍ മറ്റൊരു ഭാഗത്ത് കനത്ത മഴയാകും.  പ്രകൃതി ക്ഷോഭങ്ങളുടെ ശക്തി പല മടങ്ങ് അധികമായിരിക്കുകയും ചെയ്യും. 

heat-wave

ഭൂമിയില്‍ ഏറ്റവുമധികം കരഭാഗം ഉള്ളതും ഏറ്റവുമധികം ആളുകള്‍ വസിക്കുന്നതും ഉത്തരാർധത്തിലാണ്. അതിനാല്‍ തന്നെ ആഗോളതാപനത്തിനു കാരണമായ കാര്‍ബണ്‍ ഉള്‍പ്പടെയുള്ള ഹരിതഗൃഹ വാതകങ്ങള്‍ ഏറ്റവുമധികം പുറന്തള്ളപ്പെടുന്നതും ഈ മേഖലയിലാണ്. നിലവില്‍ ആഗോളതാപനത്തിന്റെയും അതു മൂലമുള്ള കാലാവസ്ഥാ വ്യതിയാനത്തിന്റെയും ഏറ്റവുമധികം പ്രത്യാഘാതങ്ങള്‍ നേരിടുന്നത് ഉത്തരാർധ ഗോളമാണ്. ആഗോളതാപനം കെട്ടുകഥയല്ലെന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണിത്.

കേരളത്തിലെ മഴക്കെടുതിയും കാലാവസ്ഥാ വ്യതിയാനത്തിന്റെ സംഭാവനയോ?

Ernakulam Flood

കേരളത്തിലെ മഴക്കെടുതിയെ കാലാവസ്ഥാ വ്യതിയാനത്തോടു ചേര്‍ത്തുവയ്ക്കുന്ന പഠനങ്ങള്‍ക്കൊന്നും സമയമായിട്ടില്ല. എന്നാല്‍ കാലാവസ്ഥാ നിരീക്ഷകര്‍ കരുതുന്നത് കേരളത്തിലുണ്ടായ കനത്ത മഴയ്ക്ക് ആഗോളതാപനവുമായി ബന്ധമുണ്ടായേക്കാമെന്നു തന്നെയാണ്. പ്രവചനാതീതമായ ചൂടും അതുപോലെ തന്നെ കനത്ത മഴയും ഉള്‍പ്പെടെ രൂക്ഷമായ പ്രകൃതിക്ഷോഭങ്ങളാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രധാന ആഘാതങ്ങള്‍. കേരളം കുറച്ചു നാളായി നേരിടുന്നതും സമാനമായ പ്രതിഭാസങ്ങളാണ്. പതിവിലേറെ നീണ്ടു നിന്ന തുലാവര്‍ഷവും പെയ്തടങ്ങാത്ത ഇടവപ്പാതിയും മഴ മാറി നിന്നാല്‍ ഉടനെത്തുന്ന കൊടുംചൂടുമെല്ലാം കാലാവസ്ഥാ വ്യതിയാനം മൂലമാണെന്നു കരുതാം.

kerala-flood

കഴിഞ്ഞ വര്‍ഷം കേരളത്തിലെ കാലവർഷത്തിൽ 30 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. ഇക്കുറി ഇതിനകം തന്നെ മിക്ക ജില്ലകളിലും മഴയുടെ അളവ് അന്‍പതു ശതമാനത്തോളം കൂടുതലാണ്. കാലവും ക്രമവും തെറ്റിയെത്തുന്ന ഈ മഴയും ഒപ്പം കനത്ത വെയിലും സൃഷ്ടിക്കാന്‍ പോകുന്നത് വലിയ പ്രതിസന്ധിയാണ്. കാര്‍ഷിക മേഖലയെയും ടൂറിസത്തെയും മുതല്‍ ജനങ്ങളുടെ ദൈനംദിന ജീവിതത്തെ വരെ പ്രതിസന്ധിയിലാക്കാന്‍ ഈ ക്രമം തെറ്റിയ കാലാവസ്ഥയ്ക്കു കഴിയുന്നുണ്ട്. കാലാവസ്ഥ കൂടുതല്‍ പ്രവചനാതീതമാകുന്തോറും പ്രതിസന്ധിയുടെ വ്യാപ്തിയും വർധിക്കുമെന്നും ഗവേഷകർ മുന്നറിയിപ്പു നൽകുന്നു. 

കനത്ത മഴമേഘങ്ങൾ മൂടി; കേരളത്തെ കാണാനില്ല

Satellite-Image-India-15-August-insat

കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറായി നിർത്താതെ മഴ തുടരുകയാണ്. മിക്ക ജില്ലകളിലും ശക്തമായ മഴയും കാറ്റുമുണ്ട്. ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹങ്ങളെല്ലാം  ഇതിന്റെ ചിത്രങ്ങളും മറ്റു വിവരങ്ങളും ഓരോ നിമിഷവും പങ്കുവച്ചുകൊണ്ടിരിക്കുകയാണ്. കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ വിവിധ വെബ്സൈറ്റുകളിലൂടെ സാറ്റലൈറ്റ് ചിത്രങ്ങളും ഗ്രാഫിക്സും ആനിമേഷനുകളും കാണാൻ സാധിക്കും.

map-alert-kerala

ഇന്‍സാറ്റ്, മെറ്റിയോസാറ്റ് എന്നിവയിൽ നിന്നുള്ള ചിത്രങ്ങളാണിത്. ഇതിൽ കേരളം തീരെ കാണാൻ സാധിക്കുന്നില്ല എന്നതാണ് വസ്തുത. മഴമേഘങ്ങൾ ഇന്ത്യയുടെ തെക്കൻ സംസ്ഥാനങ്ങളെ ഒട്ടാകെ മൂടിയിരിക്കുകയാണ് ചിത്രങ്ങളിൽ. അതു സഞ്ചരിക്കുന്ന ദിശയും കാണാം. വരും മണിക്കൂറുകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത ഉണ്ടെന്നാണ് ഇതിലൂടെ മനസ്സിലാക്കാൻ സാധിക്കുക.