ആര്‍ട്ടിക്കിലെ മഞ്ഞുരുകലിന്റെ വേഗം ഭയപ്പെടുത്തുന്നത്!

ആഗോളതാപനത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ആര്‍ട്ടിക് മേഖലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളാണ്. വർധിക്കുന്ന ഉഷ്ണക്കാറ്റും അനുദിനം വർധിച്ചു വരുന്ന താപനിലയും ആര്‍ട്ടിക്കിനെ തന്നെ ഇല്ലാതാക്കുകയാണ്. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെയോ അതിനും മുന്‍പോ ആര്‍ട്ടിക് പൂര്‍ണമായും ഉരുകി ഇല്ലാതാകുമെന്നാണ് കാലാവസ്ഥാ ഗവേഷകരും ഭൗമശാസ്ത്രജ്ഞരും പ്രവചിച്ചിരിക്കുന്നത്. ഇതിൽ ഒട്ടും അതിശയോക്തിയില്ലെന്നു തെളിയിക്കുന്നതാണ് നാസ പുറത്തു വിട്ടിരിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍.

യൂട്യൂബ് വഴി പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ വിഡിയോയെക്കുറിച്ച് നാസ പറയുന്നത് ഇങ്ങനെയാണ്. ആര്‍ട്ടിക്കിലെ മഞ്ഞിന്റെ വിസ്തൃതി അനുദിനം കുറഞ്ഞു വരികയാണ്. എന്നാല്‍ വിസ്തൃതി മാത്രമല്ല ഈ മഞ്ഞുപാളികളുടെ കനം കുറയുകയും അവ മെലിഞ്ഞു വരികയും ചെയ്യുന്നുണ്ട്. ഇത് ഒട്ടും ശുഭകരമായ സൂചനയല്ല നല്‍കുന്നതെന്നും നാസ വിശദീകരിക്കുന്നു. 1984 മുതല്‍ 2016 വരെ ആര്‍ട്ടിക് സമുദ്രത്തിലെ മഞ്ഞുപാളിയുടെ അളവിലുണ്ടായിരിക്കുന്ന കുറവാണ് ഈ വിഡിയോയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഒപ്പം ഈ മഞ്ഞുപാളികളില്‍ ഉണ്ടാകുന്ന കുറവിനെക്കുറിച്ച് നാസയുടെ ഭൗമശാസ്ത്ര വിഭാഗം ഗവേഷകനായ വാള്‍ട്ട് മിയര്‍ വിശദീകരിക്കുകയും ചെയ്യുന്നുണ്ട്.

വിഡിയോ ദൃശ്യങ്ങളില്‍ തന്നെ 32 വര്‍ഷം കൊണ്ട് ആര്‍ട്ടിക്കിലെ മഞ്ഞുപാളില്‍ ഉണ്ടായിട്ടുള്ള ഭയപ്പെടുത്തുന്ന കുറവ് വ്യക്തമാണ്. കഴിഞ്ഞ നൂറ് വര്‍ഷത്തിലേറെയായി ഭൗമാന്തരീക്ഷ താപം വർധിക്കുകയെന്ന പ്രതിഭാസം തുടരുന്നുവെന്നു തന്നെയാണ് ഈ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്.  ഈ കാലയളവിലെ ഏറ്റവും ചൂടേറിയ 14 വര്‍ഷങ്ങള്‍ 2001 നു ശേഷമാണ്. ചൂടേറിയ 6 വര്‍ഷങ്ങള്‍ 2010 നു ശേഷവും. ഈ കാലയളവില്‍ തന്നെയാണ് മഞ്ഞുപാളികളില്‍ വ്യാപകമായ കുറവു കാണപ്പെട്ടതും. അതുകൊണ്ടു തന്നെ ആഗോളതാപനത്തിന്റെ നേരിട്ടുള്ള ആഘാതത്തിന്റെ പ്രത്യക്ഷ ഉദാഹരണം തന്നെയാണ് ആര്‍ട്ടിക്കിലെ മഞ്ഞുപാളികളില്‍ ഉണ്ടായിട്ടുള്ള ഈ കുറവ്.

ഭൂമിയിലെ ശരാശരി താപനില വ്യവസായവൽക്കരണ കാലത്തേതില്‍ നിന്നും 1.5 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ ഉയരാതെ സൂക്ഷിക്കുകയെന്നതാണ് ആഗോളതാപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആഘാതം പരമാവധി കുറയ്ക്കുന്നതിനായി മനുഷ്യരാശിയ്ക്ക് ചെയ്യാനുള്ളത്. ഇതിനകം തന്നെ ശരാശരി താപനില 0.9  സെല്‍ഷ്യസില്‍ എത്തിനില്‍ക്കുകയാണ്.  എന്നാല്‍ താപനില നിയന്ത്രണം സാധ്യമാകുന്നതിന് കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ ഗണ്യമായ കുറവ് വരുത്തേണ്ടതുണ്ട്. ഇതു സംബന്ധിച്ച് ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇപ്പോഴും ഒത്തൊരുമ ഉണ്ടായിട്ടില്ല. അതുകൊണ്ടു തന്നെ ഈ ലക്ഷ്യം നേടാന്‍ വിദൂര സാധ്യത മാത്രമാണ് ഗവേഷകര്‍ ഇപ്പോള്‍ കല്‍പ്പിക്കുന്നത്.

അന്റാര്‍ട്ടിക്കിലും നിലനില്‍ക്കുന്നത് സമാനമായ സാഹചര്യം

ആര്‍ട്ടിക്കിന്റെ അതേ പാതയിലാണ് ദക്ഷിണ ധ്രുവ പ്രദേശമായ അന്റാര്‍ട്ടിക്കിലെ മഞ്ഞുപാളികളും. 1986 നേക്കാള്‍ 154000 ചതുരശ്ര കിലോമീറ്റര്‍ കുറവാണ് 2016 ല്‍ രേഖപ്പെടുത്തിയ അന്റാര്‍ട്ടിക്കിലെ മഞ്ഞിന്റെ വിസ്തൃതി. താപനില നിരന്തരം വർധിക്കുന്നത് മൂലം ഇരു ധ്രുവപ്രദേശങ്ങളിലും ശൈത്യകാലത്ത് രൂപപ്പെടുന്ന മഞ്ഞില്‍ സാരമായ കുറവുണ്ടായിട്ടുണ്ട്. അതുപോലെ തന്നെ ശൈത്യകാലത്ത് രൂപപ്പെടുന്ന മഞ്ഞിനേക്കാള്‍ അധികമാണ് വേനല്‍ക്കാലത്ത് ഉരുകിയൊലിക്കുന്ന മഞ്ഞിന്റെ അളവ്. അതുകൊണ്ട് തന്നെ പതിനായിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് രൂപപ്പെട്ട മഞ്ഞ് പാളികള്‍ പോലും വൈകാതെ ഉരുകി ഒലിക്കുമെന്നാണ് ഗവേഷകര്‍ കണക്കു കൂട്ടുന്നത്.