എൽനിനോ എത്തും; വരൾച്ച രൂക്ഷമാകും, മുന്നറിയിപ്പുമായി ഗവേഷകർ

പസിഫിക് സമുദ്രത്തിലെ രണ്ടു പ്രതിഭാസങ്ങളാണ് ലാ നിനായും എല്‍ നിനോയും. ലാ നിന എന്ന പ്രതിഭാസത്തോടെയാണ് ഈ വര്‍ഷം തുടക്കമായത്. ഇതിന്റെ ഫലമായി തന്നെയാണ് ഇന്ത്യയില്‍ വര്‍ഷം ഭേദപ്പെട്ട മഴ ലഭിച്ചതും. ലാ നിനായില്‍ സംഭവിക്കാറുള്ളതു പോലെ അളവിലധികം മഴ ഇന്ത്യയുടെ തെക്കന്‍ സംസ്ഥാനങ്ങളില്‍ ലഭിക്കുകയും ചെയ്തു. എന്നാല്‍ ലാ നിനയില്‍ നിന്നു വിപരീതമാണ് എല്‍ നിനോയുടെ സ്ഥിതി. ഈ വര്‍ഷം അവസാനത്തോടെ പസിഫിക്കില്‍ എല്‍ നിനോ ശക്തമാകുമെന്നാണ് കണക്കുകൂട്ടല്‍. അതായത് വടക്കുകിഴക്കന്‍ മണ്‍സൂണിലൂടെ ഇന്ത്യയില്‍ ലഭിക്കേണ്ട മഴയ്ക്ക് എല്‍ നിനോ വെല്ലുവിളിയായേക്കും. ഇതാകട്ടെ ഇപ്പോള്‍ തന്നെ വരള്‍ച്ച നേരിടുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ സ്ഥിതി കൂടുതല്‍ രൂക്ഷമാക്കും.

ലോകത്തു കാണപ്പെടുന്നതില്‍ ഏറ്റവും ശക്തമായ രണ്ടു കാലാവസ്ഥാ പ്രതിഭാസങ്ങളാണ് ലാ ലിനയും എല്‍ നിനോയും. പസിഫിക്കിന്റെ തെക്കുകിഴക്കന്‍ ഭാഗം ചൂടു പിടിക്കുന്നതാണ് എല്‍ നിനോ എന്ന പ്രതിഭാസം. ഭൂമിയിലെ കാലാവസ്ഥയുടെ അടിസ്ഥാന ഘടകങ്ങളിലൊന്നായ വാണിജ്യവാതങ്ങളുടെ ഗതി മാറ്റും. കിഴക്കു നിന്ന് പടിഞ്ഞാറോട്ടു വീശേണ്ട ഇവ ഗതി മാറുകയോ പല വഴിക്കായി ചിതറി പോവുകയോ ചെയ്യും. ഇത് ഭൂമിയിലെ എല്ലാ വന്‍കരകളിലെയും കാലാവസ്ഥയെ തകിടം മറിക്കും. ദക്ഷിണ അമേരിക്കയുടെ പടിഞ്ഞാറെ മേഖലയില്‍ മാത്രം കനത്ത മഴയും മറ്റെല്ലാ പ്രദേശങ്ങളിലും കടുത്ത വരള്‍ച്ചയ്ക്കും ഈ എല്‍ നിനോ കാരണമാകും. വടക്കേ അമേരിക്കയുടെ പടിഞ്ഞാറേ മേഖലയില്‍ രൂക്ഷമായ ചുഴലിക്കാറ്റുകള്‍ക്കും ഈ പ്രതിഭാസം കാരണമാകാറുണ്ട്. 

ഇന്ത്യയില്‍‌ വരാനിരിക്കുന്ന വരള്‍ച്ച

മഴ വന്‍നാശം വിതച്ച കേരളത്തില്‍ പോലും വരള്‍ച്ചയുടെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിക്കഴിഞ്ഞു. കൂടാതെ ഇന്ത്യയില്‍ ഇക്കുറി ആകെ ലഭിച്ച മഴയില്‍ ഏതാണ്ട് 30 ശതമാനം കുറവുണ്ടെന്നാണു കണക്കാക്കുന്നത്. ഇപ്പോഴത്തെ മഴക്കുറവിനും ചൂടിനും എല്‍ നിനോയുമായി ബന്ധമില്ല. എന്നാല്‍ ശൈത്യകാലം ആരംഭിക്കുന്നതോടെ എല്‍ നിനോയെത്തും. ഇതോടെ വരള്‍ച്ച രൂക്ഷമാവുകയും കേരളം ഉള്‍പ്പടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ലഭിക്കേണ്ട തുലാവര്‍ഷത്തിന്റെ ലഭ്യതയെ ഇതു സാരമായി ബാധിക്കുകയും ചെയ്യുമെന്നാണ് സൂചന. ഇന്ത്യയില്‍ ശൈത്യം അനുഭവപ്പെടുന്ന മേഖലയില്‍ പോലും താരതമ്യേന ചൂടു കൂടിയ അവസ്ഥയ്ക്കും എല്‍ നിനോ കാരണമാകും. 

ശൈത്യകാലത്തിനു ശേഷമാണ് എല്‍ നിനോയുടെ ആഘാതം കൂടുതല്‍ രൂക്ഷമാകുക. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ മികച്ച മഴ ലഭിക്കുന്ന ഇന്ത്യന്‍ മണ്‍സൂണിന്റെ ശക്തി പകുതിയായെങ്കിലും എല്‍ നിനോ കുറയ്ക്കും. സാധാരണ മണ്‍സൂണില്‍ ഏറ്റവുമധികം മഴ ലഭിക്കുന്ന കേരളത്തില്‍ പോലും എല്‍ നിനോ കാലഘട്ടത്തില്‍ വരള്‍ച്ച നേരിടാറുണ്ട്. ഇപ്പോള്‍ തന്നെ വരള്‍ച്ചയുടെ ലക്ഷണങ്ങളെന്ന് കാലാവസ്ഥാ ഗവേഷകര്‍ പോലു മുന്നറിയിപ്പു നല്‍കുന്ന സഹാചര്യത്തില്‍ മഴ കനിഞ്ഞില്ലെങ്കില്‍ വരാനിരിക്കുന്ന വര്‍ഷം കേരളത്തെയും ഇന്ത്യയെയും സംബന്ധിച്ച് അക്ഷരാര്‍ത്ഥത്തില്‍ അഗ്നി പരീക്ഷയാകാനാണ് സാധ്യത.

ഇടവേള കുറഞ്ഞു വരുന്ന എല്‍ നിനോ

ഭൂമിയുടെ ആകെ താപനിലയിലുണ്ടായ വർധനവാണ് കാലാവസ്ഥാ പ്രതിഭാസങ്ങളായ എല്‍ നിനോയ്ക്കും ലാ നിനയ്ക്കും കാരണമെന്നാണ് വിശ്വസിക്കുന്നത്. ചൂടു വർധിക്കും തോറും എല്‍ നിനോയുടെ ഇടവേള കുറഞ്ഞു വരുന്നതും വ്യക്തമാണ്. 90കളുടെ തുടക്കം വരെ 6 മുതല്‍ 8 വര്‍ഷം വരെയായിരുന്നു ഒരു എല്‍ നിനോയില്‍ നിന്ന് മറ്റൊരു എല്‍ നിനോയിലേക്കുള്ള ഇടവേള എങ്കില്‍ ഇപ്പോളിത് 2 വര്‍ഷമാണ്. മാത്രമല്ല ആധുനിക കാലത്ത് ഏറ്റവുമധികം ചൂടനുഭവപ്പെട്ട വര്‍ഷങ്ങളില്‍ ഭൂരിഭാഗവും എല്‍ നിനോ വര്‍ഷങ്ങളായിരുന്നു. അതായത് ഉയര്‍ന്ന ചൂടു മൂലം രൂപപ്പെടുന്ന എല്‍ നിനോ ചൂട് വീണ്ടും വർധിക്കുന്നതിനും കാരണമാകുന്നു എന്ന് സാരം.

എല്‍ നിനോയും ലാ ലിനായും ഇല്ലാത്ത അവസ്ഥയാണ് സാധാരണ മണ്‍സൂണ്‍. എന്നാല്‍ ഈ സാധാരണ മണ്‍സൂണ്‍ എന്ന കാലാവസ്ഥ ഇപ്പോള്‍ അപൂര്‍വമാണ്. എല്‍ നിനോയും ലാ നിനായും മാറി മാറി വരുന്ന അവസ്ഥയാണ് ഇപ്പോള്‍ മിക്കവാറും നിലനില്‍ക്കുന്നത്. 

എന്താണ് എൽനിനോ?

ആഗോളകാലാവസ്ഥയില്‍ വലിയമാറ്റങ്ങള്‍ക്കു കാരണമാകുന്ന എല്‍ നിനോ കൂടുതല്‍ അപകടകാരിയാകുമെന്ന് നേരത്തെ യുഎന്‍ മുന്നറിയിപ്പുണ്ടായിരുന്നു. ഇന്ത്യയിലും ഇന്തോനീഷ്യയിലും ഓസ്‌ട്രേലിയയിലും കൊടും വരള്‍ച്ചയായിരിക്കും ഇതിന്റെ ഫലം. നേരത്തെ 1972-73, 1982-83, 1997-98 വര്‍ഷങ്ങളിലാണ് എല്‍ നിനോ പ്രതിഭാസം രൂക്ഷമായത്. കഴിഞ്ഞ 15 വര്‍ഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ എല്‍ നിനോയായായിരിക്കും ഇത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊടും വരള്‍ച്ചക്കും കൊടുങ്കാറ്റിനും വെള്ളപ്പൊക്കത്തിനും കാരണമാകുന്ന എല്‍ നിനോ പ്രതിഭാസം കൂടുതൽ ശക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവരെ രേഖപ്പെടുത്തിയതില്‍ വെച്ച് ഏറ്റവും രൂക്ഷമായ എല്‍ നിനോയായിരിക്കും ഇതെന്നാണ് ഗവേഷകരുടെ നിഗമനം.

മൂന്നു മുതല്‍ ഏഴുവര്‍ഷം വരെ നീളുന്ന ഇടവേളകളില്‍ ശാന്തസമുദ്രത്തില്‍ ഭൂമധ്യരേഖാപ്രദേശത്താണ് എല്‍ നിനോ രൂപപ്പെടുക. യൂറോപ്പ് ഭൂഖണ്ഡത്തോളം വലിപ്പമുള്ള പസഫിക് സമുദ്രഭാഗത്തുണ്ടാകുന്ന എല്‍നിനോ പ്രതിഭാസത്തിന് ആഗോള കാലാവസ്ഥയെ ആകെ തകിടം മറിക്കാനാകും. പസഫിക് സമുദ്രത്തിലെ ഉഷ്ണജലപ്രവാഹങ്ങളുടെ ഗതിമാറ്റമാണ് എല്‍ നിനോ പ്രതിഭാസത്തിനു കാരണമാകുന്നത്. സാധാരണനിലയില്‍ ഭൂമിയുടെ ഭ്രമണത്തിന്റെ ഫലമായി കിഴക്കു നിന്നും പടിഞ്ഞാറേക്കാണ് കാറ്റു വീശുക. എന്നാല്‍ എല്‍ നിനോ കാലത്ത് കിഴക്കുനിന്ന് പടിഞ്ഞാറോട്ട് വീശുന്ന വാണിജ്യവാതങ്ങള്‍ ദുര്‍ബലമാകും. 

പകരം എതിര്‍ദിശയിലേക്ക് കാറ്റു വീശും. സമുദ്രോപരിതലം ചൂടുപിടിച്ചിരിക്കുന്നതിനാല്‍, ആ കാറ്റിന്റെ തള്ളലിന് വിധേയമായി ചൂടിന്റെ ഒരു പ്രവാഹം പെറുവിന് സമീപത്തേക്കു നീങ്ങും. സാധാരണഗതിയില്‍ തണുത്തിരിക്കുന്ന പെറുവിന്റെ തീരം ചൂടുപിടിക്കും. ഇതോടെ പ്രദേശത്തെ മത്സ്യങ്ങള്‍ അപ്രത്യക്ഷമാകും. എല്‍ നിനോയുടെ ദൂഷ്യഫലം ആദ്യം അനുഭവിക്കേണ്ടി വരിക അതുകൊണ്ടുതന്നെ പെറുവിലെ മുക്കുവര്‍ക്കാണ്. 

ക്രിസ്മസ് കാലത്തെത്തുന്ന ഈ പ്രതിഭാസത്തിന് ഉണ്ണിയേശു എന്നര്‍ഥം വരുന്ന എല്‍ നിനോ എന്നു പേരിട്ടതും അവര്‍ തന്നെ. ഏറ്റവും ശക്തമായ എല്‍നിനോകള്‍ രൂപപ്പെട്ടത് ഇരുപതാം നൂറ്റാണ്ടിലാണ്. ഇരുപതാംനൂറ്റാണ്ടില്‍ 23 തവണ എല്‍ നിനോ പ്രത്യക്ഷപ്പെട്ടു. രേഖപ്പെടുത്തിയതില്‍വച്ച് വിനാശകാരിയായ എല്‍നിനോ എന്നറിയപ്പെടുന്നത് 1997-98 കാലഘട്ടത്തിലാണ്. ഇതിനേക്കാള്‍ രൂക്ഷമായിരിക്കും വരാനിരിക്കുന്ന എല്‍ നിനോയെന്നാണ് കരുതപ്പെടുന്നത്.

നിലവിലെ എല്‍ നിനോ പസിഫിക് സമുദ്രത്തിലെ താപനില ഉയര്‍ത്തുമെന്നാണ് പ്രവചിക്കുന്നത്. 1950ന് ശേഷം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരിക്കുന്ന ഏറ്റവും രൂക്ഷമായ എല്‍ നിനോയായിരിക്കും ഇതിന്റെ ഫലം. സാധാരണ നിലയില്‍ ഒക്ടോബര്‍ മുതല്‍ ജനുവരി വരെയുള്ള കാലയളവിലാണ് എല്‍ നിനോ പ്രതിഭാസം രൂക്ഷമാവുക.

എല്‍ നിനോ ഇന്തോനേഷ്യ, ഇന്ത്യ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ വരള്‍ച്ചക്കും വിളനാശത്തിനും കാരണമാകാറുണ്ട്. ലോകത്തെ ദാരിദ്ര്യം വര്‍ധിപ്പിക്കുന്നതിന് എല്‍ നിനോ കാരണമാകുമെന്ന് യുഎന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. സുഡാന്‍, എറിത്രിയ, എത്യോപ്യ, ജിബൂട്ടി തുടങ്ങിയ രാജ്യങ്ങളില്‍ എല്‍ നിനോ വരള്‍ച്ചയും കെനിയ സൊമാലിയ, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ വെള്ളപ്പൊക്കവുമായിരിക്കും എല്‍ നിനോ സമ്മാനിക്കുക.