Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വിറ്റ്സർലൻഡിനെ ‘ഉരുക്കി’ ആഗോളതാപനം!

വള്ളംകളി നടക്കാനിരിക്കെ കായൽ മൊത്തം വറ്റി വരണ്ടാലെങ്ങനെയുണ്ടാകും?  അത്തരമൊരു ഭീതിയിലാണിപ്പോൾ സ്വിറ്റ്സർലൻഡ്. മഞ്ഞിലെ സ്കീയിങ്ങിനുള്ള ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിൽ ഒന്നാം സ്ഥാനത്താണ് സ്വിറ്റ്സർലൻഡിന്റെ സ്ഥാനം. മഞ്ഞുമൂടിയ മലനിരകൾ സ്വിസ് ടൂറിസത്തിന്റെ വികസനത്തിനു നൽകുന്ന സഹായം ചെറുതൊന്നുമല്ല. മഞ്ഞില്ലെങ്കിൽ സ്വിറ്റ്സർലൻഡില്ല എന്നുതന്നെ പറയാം. ലോകോത്തര സ്കീയിങ് റിസോർട്ടുകളും മഞ്ഞുമൂടിയ പർവത നിരകളുടെ സുന്ദര കാഴ്ചകളും സ്വിറ്റ്സർലൻഡിനു നഷ്ടമാകുമോ? അത്തരമൊരു സംശയത്തിലേക്കു നയിക്കുന്ന പഠനമാണ് അടുത്തിടെയുണ്ടായത്. 

സ്വിറ്റ്സർലൻഡിലെ വലിയൊരു ഭൂരിപക്ഷം മഞ്ഞും ഉരുകിയില്ലാതായെന്നാണു റിപ്പോർട്ട്. കഴിഞ്ഞ 12 വർഷത്തെ സാറ്റലൈറ്റ് ഡേറ്റ പരിശോധിച്ചതിൽ നിന്നാണ് ഗവേഷകർ ഞെട്ടിക്കുന്ന ഈ വിവരം കണ്ടെത്തിയത്. രാജ്യത്തെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നിന്നാണ് ഈ മഞ്ഞ് നഷ്ടപ്പെട്ടിരിക്കുന്നതെന്നതാണു ഭീഷണിയുടെ വ്യാപ്തി കൂട്ടുന്നത്. ഇതിനു കാരണവും മറ്റൊന്നുമല്ല, ആഗോളതാപനം തന്നെ. വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ കൂടാതെ സ്വിറ്റ്സർലൻഡിലെ മൊത്തം പ്രദേശത്തെ മഞ്ഞിന്റെ അവസ്ഥയും ഗവേഷകർ പരിശോധിച്ചു. ഇതിനായി 22 വർഷത്തെ സാറ്റലൈറ്റ് ഡേറ്റയാണു വിശകലനം ചെയ്തത്. അതിന്റെയും ഫലം ഞെട്ടിക്കുന്നതായിരുന്നു. 

5000 ചതുരശ്ര കിലോമീറ്റർ വരുന്ന പ്രദേശത്തു നിന്നും മഞ്ഞ് നഷ്ടപ്പെട്ടിട്ടുണ്ട്. അതും ഇക്കഴിഞ്ഞ പത്തു വർഷത്തിനിടെ മാത്രം!  സ്വിറ്റ്സർലൻഡിലെ 35 ശതമാനം വരുന്ന പ്രദേശത്ത് 1995നും 2005നും ഇടയ്ക്ക് ഒന്നുകിൽ ഒട്ടും മഞ്ഞില്ലാതിരിക്കുകയോ അല്ലെങ്കിൽ വളരെ തുച്ഛം മഞ്ഞു ലഭിക്കുകയോ ചെയ്ത അവസ്ഥയായിരുന്നു. മഞ്ഞുവീഴ്ചയ്ക്ക് വളരെ കുറച്ചു സാധ്യതയേ ഈ കാലയളവിൽ ഉണ്ടായിരുന്നുള്ളൂ. സാധ്യതയുടെ കാര്യത്തില്‍ കഴിഞ്ഞ വർഷം അവസ്ഥ പിന്നെയും പരിതാപകരമായി. കൃത്യമായ കണക്കുകളും അതു സംബന്ധിച്ചുണ്ടായിരുന്നു. 

മഞ്ഞു വീഴാൻ 80 മുതൽ 100 ശതമാനം വരെ സാധ്യതയുള്ള ‘എറ്റേണൽ സ്നോ സ്നോണ്‍’ മേഖലകൾ ആയിരുന്നു സ്വിറ്റ്സർലൻഡിന്റെ കാൽ ഭാഗത്തിലേറെയും. 1995 മുതൽ 2005 വരെയുള്ള കണക്കു പ്രകാരമാണിത്. എന്നാൽ ഇക്കഴിഞ്ഞ 10 വർഷത്തിനിടെ മഞ്ഞു വീഴ്ചയ്ക്കുള്ള സാധ്യത, ഇതേ സോണുകളിൽ, വെറും 15 ശതമാനത്തിലേക്കു താഴ്ന്നു. അതായത് ഏകദേശം 2200 ച.കി.മീ. വരുന്ന പ്രദേശം. ആഗോളതാപനം തന്നെയാണ് അതിനും കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സ്വിറ്റ്സർലൻഡിലെ ഒന്നാംനിര സ്കീയിങ് റിസോർട്ടുകളെയും പ്രശ്നം ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ആൽപ്സ്, യുറ പർവത പ്രദേശങ്ങളിലാണ് ഇത് ഏറ്റവും രൂക്ഷം. റോൺ വാലിയിൽ ഇതിന്റെ ഏറ്റവും പ്രകടമായ തെളിവുകളുണ്ടെന്നും പഠനം നടത്തിയ യൂണിവേഴ്സിറ്റി ഓഫ് ജനീവയിലെ ഗവേഷകർ പറയുന്നു. 

സ്വിസ് ഡേറ്റ ക്യൂബ് സംവിധാനത്തിലൂടെയാണ് വിശകലനത്തിലുള്ള സാറ്റലൈറ്റ് ഡേറ്റ ഗവേഷകർ സ്വന്തമാക്കിയത്. കഴിഞ്ഞ 34 വർഷത്തെ 6500–ലേറെ ചിത്രങ്ങളാണ് ഡേറ്റ ശേഖരത്തിലുള്ളത്. ഒരു പ്രദേശത്തെ തന്നെ പല കാലങ്ങളിലെ ചിത്രങ്ങൾ ഒന്നൊന്നായി പരിശോധിച്ചപ്പോഴാണ് മഞ്ഞ് നഷ്ടമാകുന്നതിന്റെ ഭീകരത വ്യക്തമായതും. എർത്ത് ഒബ്സർവേഷൻ സാറ്റലൈറ്റുകൾ ഇത്തരത്തിൽ ഒരു പ്രദേശത്തിന്റെ തന്നെ പല കാലങ്ങളിലെ ചിത്രങ്ങൾ കൃത്യമായി എടുത്തിട്ടുമുണ്ടായിരുന്നു. പുതിയ സാഹചര്യത്തിൽ പ്രളയം, കുടിവെള്ള ക്ഷാമം തുടങ്ങിയ പ്രശ്നങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമായെന്ന് ഗവേഷകർ മുന്നറിയിപ്പു നൽകുന്നു. സ്വിസ് കാലാവസ്ഥയിൽ മാത്രമല്ല, സാമ്പത്തികഭദ്രതയിലും കാലാവസ്ഥയ്ക്ക് നിർണായക സ്വാധീനമുള്ളതിനാൽ നയരൂപീകരണത്തിന്റെ കാര്യത്തിലും ഇനി മാറിച്ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും ഗവേഷകരുടെ വാക്കുകള്‍.