Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉരുകുന്ന പെര്‍മാഫ്രോസ്റ്റില്‍ നിന്നു പുറത്തു വരുന്നത്?

permafrost

ആഗോളതാപനം എത്തിയതോടെ ആര്‍ട്ടിക്കിനൊപ്പം ഈ പെര്‍മാഫ്രോസ്റ്റ് മേഖലയിലേയും മഞ്ഞുരുകി ഒലിക്കുകയാണ്. മഞ്ഞുരുകുന്നതോടെ ഇവയുടെ ബലത്തില്‍ നിലനിന്നിരുന്ന മണ്ണും പുല്‍മേടുകളും ഇടിഞ്ഞു സമുദ്രത്തിലേക്കു താഴുകയോ അഗാധമായ ഗര്‍ത്തങ്ങള്‍ രൂപപ്പെടുകയോ ചെയ്യുന്നു. കാലാവസ്ഥ ചൂടു പിടിക്കുന്നതോടെ അപകടകരമായ തോതിലാണ് പെര്‍മാഫ്രോസ്റ്റുകള്‍ ഉരുകിയൊലിക്കുന്നത്.

ആര്‍ട്ടിക്കിനും വാസയോഗ്യമായ കരപ്രദേശത്തിനും ഇടയിലെ അതിര്‍ത്തിയാണ് പെര്‍മാഫ്രോസ്റ്റുകള്‍. തണുത്തുറഞ്ഞ മഞ്ഞും മണ്ണും ഇടചേര്‍ന്നു കിടക്കുന്ന പ്രദേശം. കാനഡ, ഉത്തര യൂറോപ്പ്, റഷ്യ എന്നിവിടങ്ങളിലാണ് പെര്‍മാഫ്രോസ്റ്റുകള്‍ കാണപ്പെടുന്നത്.  നേരിയ പുല്‍മേടുകളല്ലാതെ മറ്റൊന്നും വളരാത്ത പ്രദേശം.

പെര്‍മാഫ്രോസ്റ്റുകള്‍ ഇല്ലാതാകുന്നതോടെ അതിന്റെ ഏറ്റവും വലിയ പ്രത്യാഘാതമായി കണക്കാക്കിയിരുന്നത് അതിന്റെ ഭാഗമായ ജൈവവ്യവസ്ഥയുടെ നാശമാണ്. എന്നാല്‍ പെര്‍മാഫ്രോസ്റ്റുകള്‍ ഇല്ലാതാകുന്നതോടെ പ്രകൃതിക്കു നേരിടേണ്ടി വരുന്ന വെല്ലുവിളികള്‍ ഇതിലും ഭയാനകമാണെന്നാണു പുതിയ കണ്ടെത്തലുകള്‍. പെര്‍മാഫ്രോസ്റ്റുകള്‍ക്കൊപ്പം അവയുടെ അടിയിലുള്ള പാറകള്‍ കൂടി ഇപ്പോള്‍ ഉരുകി ഒലിക്കുകയാണ്. പെര്‍മാഫ്രോസ്റ്റുകള്‍ ഉരുകുമ്പോള്‍ ഉൽപാദിപ്പിക്കപ്പെടുന്ന ആസിഡുകളാണ് ഇതിനു കാരണം.

നിരവധി ധാതുക്കളുടെ കേന്ദ്രം കൂടിയാണ് പെര്‍മാഫ്രോസ്റ്റുകള്‍. അതുകൊണ്ട് തന്നെ പെര്‍മാഫ്രോസ്റ്റുകള്‍ ഉരുകുമ്പോള്‍ ഈ ധാതുക്കളും പുറത്തു വരിക സ്വാഭാവികം. എന്നാല്‍ ഈ ധാതുക്കള്‍ കെമിക്കല്‍ വെതറിങ് എന്ന പ്രക്രിയയ്ക്ക് വിധേയമാകുന്നതോടെയാണ് ആശങ്ക വർധിക്കുന്നത്. കെമിക്കല്‍ വെതറിങ്ങിലൂടെ വീര്യം കൂടിയ സള്‍ഫ്യൂറിക് ആസിഡായി ഈ ധാതുക്കള്‍ മാറുന്നു. കനേഡിയന്‍ റഷ്യന്‍ മേഖലകളിലാണ് സള്‍ഫ്യൂരിക് ആസിഡ് പുറന്തള്ളപ്പെടുന്നതെങ്കില്‍ യൂറോപ്പിലെ ആര്‍ട്ടിക്കിനോടു ചേര്‍ന്നുള്ള ഭാഗങ്ങളില്‍ നിന്നു പുറത്തേക്കു വരുന്നത് കാര്‍ബോണിക് ആസിഡാണ്.

ആസിഡുകള്‍ക്കൊപ്പം കാര്‍ബണ്‍ ബഹിര്‍ഗമനവും

രണ്ട് ആസിഡുകളും പാറകളെ പോലും ദ്രവമാക്കി മാറ്റാന്‍ ശേഷിയുള്ളവയാണ്. ആസിഡും പാറ ഉരുകി ഒലിക്കുന്നതും ഉള്‍പ്പടെയെത്തുന്നത് സമുദ്രത്തിലേക്കാണ്. ഇവ സമുദ്രത്തിലുണ്ടാക്കുന്ന ആഘാതങ്ങളെക്കുറിച്ച് ഗവേഷകര്‍ ഇതുവരെ പഠനം ആരംഭിച്ചിട്ടില്ല. അതേസമയം ഇത്തരത്തില്‍ പുറത്തു വരുന്ന ആസിഡുകള്‍ സൃഷ്ടിക്കുന്ന മറ്റൊരു പ്രതിസന്ധിയുണ്ട്. പാറകളിലും മറ്റും അടങ്ങിയിരിക്കുന്ന കാര്‍ബണിനെ സ്വതന്ത്രമാക്കുന്നതാണിത്. സള്‍ഫ്യൂരിക് ആസിഡാണ് ഇത്തരത്തില്‍ കാര്‍ബണ്‍ പുറന്തളളുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നത്. സ്വാഭാവികമായും കൂടുതല്‍ കാര്‍ബണ്‍ പുറത്തു വരുന്നത് പ്രദേശത്തെ താപനില വീണ്ടും ഉയരുന്നതിനു കാരണമാകുയും ഇതിന്റെ ഫലമെന്നോണം മഞ്ഞുരുക്കവും മറ്റുള്ള പ്രതിഭാസങ്ങളും വർധിക്കും.

ഏതാണ്ട് 1400 ബില്ല്യണ്‍ ടണ്‍ കാര്‍ബണ്‍ പെര്‍മാഫ്രോസ്റ്റുകളില്‍ ഇപ്പോഴും കുടങ്ങി കിടക്കുന്നുണ്ടെന്നാണു കരുതുന്നത്. പെര്‍മാഫ്രോസ്റ്റുകള്‍ ഉരുകി ഒലിക്കുന്നതിന്റെ തോത് വർധിക്കുന്നതോടെ കാര്‍ബണ്‍ ബഹിര്‍ഗമനവും വർധിക്കും. ഇത് സമീപ ഭാവിയില്‍ വലിയ പ്രതിസന്ധി ഭൂമിയില്‍ സൃഷ്ടിക്കുമെന്നും ഗവേഷകര്‍ ഭയക്കുന്നു. 

കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആഗോളതാപനത്തിന്റെയും പ്രത്യാഘാതങ്ങള്‍ മറ്റു പ്രദേശങ്ങളില്‍ സൃഷ്ടിക്കുന്ന മാറ്റങ്ങളേക്കാള്‍ ഇരട്ടിയാണ് ആര്‍ട്ടിക്കില്‍ സൃഷ്ടിക്കുന്നത്. അതുകൊണ്ട് തന്നെ ആര്‍ട്ടിക്കില്‍ സംഭവിക്കുന്ന മാറ്റങ്ങളുടെ വേഗത പ്രവചനാതീതമായി ഉയരുകയാണ്. പെര്‍മാഫ്രേസ്റ്റുകള്‍ ഇല്ലാതാകുന്നതോടെ അവയ്ക്കടിയിലുള്ള പാറക്കെട്ടുകളിലൂടെ പുതിയൊരു ഭൗമ ഉപരിതലം രൂപപ്പെടുമെന്നാണു ഗവേഷകര്‍ കരുതിയിരുന്നത്. എന്നാല്‍ പെര്‍മാ ഫ്രോസ്റ്റ് ഇല്ലാതാകുന്നതിനൊപ്പം ആസിഡുകള്‍ കൂടി എത്തിയതോടെ ഈ പുതിയ പ്രദേശത്തിന്റെ നിലനില്‍പ്പും ചോദ്യം ചെയ്യപ്പെടുകയാണ്.